ഗുജറാത്തിലെ സർക്കാർ ആശുപത്രിയിൽ 11 ശിശു മരണം
text_fieldsഅഹ്മദാബാദ്: രാജ്യമനഃസാക്ഷിയെ ഞെട്ടിച്ച ഗോരഖ്പുർ ദുരന്തത്തിന് സമാനമായി ഗുജറാത്തിലും ശിശുക്കളുടെ കൂട്ടമരണം. അഹ്മദാബാദ് സിവിൽ ആശുപത്രിയിൽ മൂന്നു ദിവസത്തിനിടെ 20 കുട്ടികൾ മരിച്ചു. വെള്ളിയാഴ്ച അർധരാത്രിക്ക് ശേഷം മാത്രം 36 മണിക്കൂറിനുള്ളിൽ 11 മരണമാണ് റിപ്പോർട്ട് ചെയ്തത്. സംഭവം വിവാദമായതോടെ അന്വേഷണത്തിന് സർക്കാർ പ്രത്യേക സമിതിയെ നിയമിച്ചു.
ശനിയാഴ്ച മരിച്ചവരിൽ അഞ്ചു കുട്ടികളെ പരിസരത്തെ മറ്റു ആശുപത്രികളിൽനിന്ന് കൊണ്ടുവന്നതാണെന്നും അതീവ ഗുരുതരാവസ്ഥയിലാണ് എത്തിച്ചതെന്നും സർക്കാർ വാർത്താകുറിപ്പിൽ വിശദീകരിച്ചു. ജന്മനായുള്ള ശ്വാസതടസ്സം ഉൾപ്പെടെ മറ്റു ഗുരുതര രോഗങ്ങളും മരണ കാരണമായെന്നും കൂടുതൽ അന്വേഷണത്തിന് മെഡിക്കൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ആർ.കെ. ദീക്ഷിതിെൻറ നേതൃത്വത്തിൽ സമിതിയെ നിയമിച്ചെന്നും വാർത്തകുറിപ്പിൽ പറഞ്ഞു.
ദേശീയ മാധ്യമങ്ങൾ വാർത്ത പുറത്തുവിട്ടതോടെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിജയ് രൂപാനി ഗാന്ധിനഗറിൽ ആരോഗ്യ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു.
പരിസരത്തെ സ്വകാര്യ ആശുപത്രികളിൽ ഡോക്ടർമാർ ദീപാവലി അവധിയിലായതിനാൽ അതിഗുരുതര നിലയിലുള്ള കുട്ടികളെ ഒരുമിച്ച് എത്തിച്ചതാകാം കൂട്ട മരണത്തിനിടയാക്കിയതെന്ന് ആരോഗ്യ-കുടുംബേക്ഷമ വിഭാഗം പ്രിൻസിപ്പൽ സെക്രട്ടറി ജയന്തി രവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.