2027ൽ ഇന്ത്യയിൽ പ്രഥമ വനിത ചീഫ് ജസ്റ്റിസിന് വഴിതെളിയുന്നു; ജഡ്ജിമാരുടെ പട്ടിക രാഷ്ട്രപതി അംഗീകരിച്ചു, സത്യപ്രതിജ്ഞ ചൊവ്വാഴ്ച
text_fieldsന്യൂഡൽഹി: ഇന്ത്യൻ സുപ്രീം കോടതിയുടെ ചരിത്രത്തിൽ ആദ്യമായി വനിത ചീഫ് ജസ്റ്റിസ് നിയമനത്തിന് വഴിയൊരുങ്ങുന്നു. സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കുന്നതിന് കൊളീജിയം ശുപാര്‍ശ ചെയ്ത ഒമ്പത് പേരേയും കേന്ദ്ര സര്‍ക്കാറും രാഷ്ട്രപതിയും അംഗീകരിച്ചു. ഇവർ ആഗസ്ത് 31ന് സത്യപ്രതിജ്ഞ ചെയ്യും. ജസ്റ്റിസ് ബി.വി നാഗരത്ന 2027 ല്‍ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ആകാനാണ് സാധ്യത. നാഗരത്ന ഉൾപ്പെടെ മൂന്ന് വനിതകളാണ് ചൊവ്വാഴ്ച ചുമതലയേൽക്കുക. ചീഫ് ജസ്റ്റിസ് എന്‍. വി രമണ അധ്യക്ഷനായ കൊളീജിയമാണ് ഇവരെ ശുപാര്‍ശ ചെയ്തിരുന്നത്.
നിലവില്‍ കര്‍ണാടക ഹൈക്കോടതിയിലാണ് ജസ്റ്റിസ് ബി.വി. നാഗരത്ന സേവനമനുഷ്ടിക്കുന്നത്. ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തിലാദ്യമായിട്ടാണ് ഒരു വനിത ചീഫ് ജസ്റ്റിസാകാൻ വഴിയൊരുങ്ങുന്നത്. 1989ല്‍ ചീഫ് ജസ്റ്റിസായിരുന്ന ഇ.എസ്. വെങ്കട്ടരാമയ്യയുടെ മകളാണ് നാഗരത്ന. ആദ്യമായാണ് ഇത്രയധികം പേരെ ഒരുമിച്ച് സുപ്രീംകോടതി ജഡ്ജിമാരായി കൊളീജിയം ശുപാര്‍ശ ചെയ്യുന്നതും കേന്ദ്രം അംഗീകരിക്കുന്നതും.
കേരള ഹൈകോടതിയിലെ സി.ടി. രവികുമാർ ഉൾപ്പെടെ എട്ട് ജഡ്ജിമാരും ഒരു അഭിഭാഷകനുമാണ് പട്ടികയിലുള്ളത്. പി.എസ്. നരസിംഹയാണ് ജഡ്ജിയാകുന്ന അഭിഭാഷകൻ. തെലുങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹിമ കോഹ്ലി, ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ബേല ത്രിവേദി എന്നിവരാണ് മറ്റു വനിതകള്‍. കര്‍ണാടക ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഒക്ക, ഗുജറാത്ത് ചീഫ് ജസ്റ്റിസ് വിക്രം നാഥ്, സിക്കിം ചീഫ് ജസ്റ്റിസ് ജെ കെ മഹേശ്വരി, മദ്രാസ് ഹൈക്കോടതി ജഡ്ജി എം.എം.സുന്ദരേഷ് എന്നിവരാണ് മറ്റുള്ളവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.