മണിപ്പൂരിൽ കലാപം തുടരുന്നു; 9 പേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്
text_fieldsഇംഫാൽ: വംശീയ കലാപം തുടരുന്ന മണിപ്പൂരിൽ ചൊവ്വാഴ്ച രാത്രിയുണ്ടായ വെടിവെപ്പിൽ ഒരു സ്ത്രീ ഉൾപ്പെടെ ഒൻപത് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഇംഫാൽ ഈസ്റ്റിനും കാംഗ്‌പോക്‌പി ജില്ലകൾക്കും ഇടയിലുള്ള അതിർത്തി ഗ്രാമത്തിലാണ് രാത്രി 10ന് കടുത്ത വംശീയസംഘട്ടനം നടന്നത്.
ആയുധധാരികളായ ഒരു സംഘം അക്രമികൾ അഗിജാങ് ഗ്രാമത്തിലേക്ക് ഇറങ്ങുകയായിരുന്നു. അവരെ നേരിടാൻ സുരക്ഷാ സേന പ്രദേശത്തേക്ക് എത്തുമ്പോഴാണ് അക്രമികൾ തുടരെ തുടരെ വെടിയുതിർത്തതെന്ന് പൊലീസ് പറഞ്ഞു. അക്രമത്തിൽ പരിക്കേറ്റവരെ ഇംഫാലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതിയ കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്ത പ്രദേശത്തിന്റെ ചുമതല അസം റൈഫിൾസിനാണെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ഇംഫാൽ ഈസ്റ്റ് പൊലീസ് സൂപ്രണ്ട് കെ. ശിവകാന്ത സിംഗ് പറഞ്ഞു.
ഇംഫാൽ താഴ്‌വരയിലെ പ്രബല സമുദായമായ മെയ്‌തികളും കുക്കി വിഭാഗക്കാരും തമ്മിലുണ്ടായ സംഘർഷമാണ് കലാപമായി കത്തിപടർന്നത്. മെയ്തി വിഭാഗക്കാർക്ക് പട്ടികവർഗ പദവി നൽകാനുള്ള കോടതി ഉത്തരവിനെതിരായ പ്രതിഷേധമാണ് മണിപ്പൂരിനെ ആകെ വിഴുങ്ങിയത്. ഒരുമാസത്തിലധികമായി തുടരുന്ന കലാപത്തിൽ 115 പേർ കൊല്ലപ്പെടുകയും 40,000 ത്തോളം പേർ പലായനം ചെയ്യുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.