പുഷ്പ 2: തിക്കിലും തിരക്കിലും പെട്ട് മരിച്ച യുവതിയുടെ മകന്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു
text_fieldsഹൈദരാബാദ്: തെലുങ്ക് സൂപ്പർ താരം അല്ലു അർജുൻ നായകനായ പുഷ്പ 2വിന്റെ പ്രീമിയർ ഷോക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ ഒൻപത് വയസുകാരന് ശ്രീതേജിന് മസ്തിഷ്ക മരണം സംഭവിച്ചതായി അധികൃതർ അറിയിച്ചു.
തെലങ്കാന ആരോഗ്യ സെക്രട്ടറിക്കൊപ്പം കിംസ് ആശുപത്രി സന്ദർശിച്ച ശേഷം ഹൈദരബാദ് പൊലീസ് കമ്മീഷണർ സി.വി ആനന്ദാണ് കുട്ടിയുടെ ആരോഗ്യ സ്ഥിതിയിൽ സ്ഥിരീകരണം നൽകിയത്. വെ ൻറിലേറ്ററിന്റെ സപ്പോർട്ടിലാണ് കുഞ്ഞ് കഴിയുന്നത്.
ഡിസംബർ നാലിന് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് തേജിന്റെ മാതാവ് രേവതി(35) മരിച്ചിരുന്നു. പ്രീമിയർ ഷോക്കെത്തിയ അല്ലു അർജുനെ കാണാൻ ജനം ഇരച്ചെത്തിയതാണ് അപകടത്തിനിടയാക്കിയത്. യുവതിയുടെ ഭര്‍ത്താവിനും പരിക്കേറ്റിരുന്നു.
സംഭവത്തെത്തുടർന്ന് അല്ലു അർജുനും അദ്ദേഹത്തിന്റെ സുരക്ഷാ ടീമിനും തിയേറ്റർ മാനേജ്‌മെൻ്റിനുമെതിരെ മനപൂർവമല്ലാത്ത നരഹത്യ, കൊലപാതകം, മനപൂർവം മുറിവേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിരുന്നു.
കേസിൽ ഡിസംബർ 13 ന് അല്ലു അർജുൻ അറസ്റ്റിലായിരുന്നെങ്കിലും തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം നൽകിയതിനെ തുടർന്ന് പുറത്തിറങ്ങി.
ഗുരുതരാവസ്ഥയിൽ കഴിയുന്ന കുട്ടിയെ കാണാൻ അല്ലു അർജുൻ ആശുപത്രിയിൽ പോകാതിരുന്നത് വിവാദമായതിനെ തുടർന്ന് നടൻ വിശദീകരണം നൽകിയിരുന്നു. കുഞ്ഞിനെ കാണണമെന്ന് അതിയായ ആഗ്രഹം ഉണ്ടെങ്കിലും നിയമനടപടികൾ പുരോഗമിക്കുന്നതിനാൽ നിയമവിദഗ്ധർ വിലക്കിയതിനെ തുടർന്നാണ് പോകാതിരുന്നതെന്ന് നടൻ പ്രതികരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.