ഹരിയാനയില്‍ അതിസാരം ബാധിച്ച് ഒമ്പത് വയസുകാരന്‍ മരിച്ചു; മുന്നൂറോളം പേര്‍ക്ക് രോഗബാധ
text_fieldsഛണ്ഡിഗഡ്: ഹരിയാനയിലെ പഞ്ച്ഗുള ജില്ലയിലെ ഗ്രാമങ്ങളിൽ അതിസാരം പടരുന്നു. അഭയ്പുർ ഗ്രാമത്തിൽ വയറിളക്കം ബാധിച്ച് ഒമ്പത് വയസുകാരന്‍ മരിച്ചു. വിവിധ ഗ്രാമങ്ങളിൽ മുന്നൂറോളം പേരെ രോഗം ബാധിച്ചതായാണ് കണക്ക്. നൂറോളം പേര്‍ പൊതുജനാരോഗ്യ ക്യാമ്പുകളിലും പഞ്ച്ഗുള സിവിൽ ആശുപത്രിയിലും ചികിത്സയിലാണ്. ഇതിൽ 46 കുട്ടികളും ഉണ്ടെന്നാണ് റിപ്പോർട്ട്.
ഓടയിലെ വെള്ളം കലര്‍ന്ന കുടിവെള്ളം ഉപയോഗിച്ചതാണ് രോഗംപടരാൻ കാരണമായതെന്ന് സംശയിക്കുന്നു. രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളിൽ നിന്ന് കുടിവെള്ളത്തിന്‍റെ സാമ്പിൾ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. ബുധനാഴ്ചയാണ് അഭയ്പുരിൽ അതിസാര ബാധ റിപ്പോർട്ട് ചെയ്തത്. വ്യാഴാഴ്ചയായതോടെ കേസുകൾ വർധിക്കുകയായിരുന്നു. ഇതേ തുടർന്ന് പഞ്ച്ഗുള ചീഫ് മെഡിക്കൽ ഓഫിസർ ഡോ. മുക്ത കുമാർ അഭയ്പുരും സമീപ ഗ്രാമങ്ങളും സന്ദർശിച്ചു. അഭയ്പുരിൽ ശുചിത്വം വളരെ കുറവാണെന്ന് കണ്ടെത്തിയതായി ഡോ. മുക്ത പറഞ്ഞു. പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങള്‍ പരിതാപകരമാണ്. ശുചിത്വത്തില്‍ ഏറെ പിന്നാക്കം നില്‍ക്കുന്ന പ്രദേശമാണിത്. തുറന്നു കിടക്കുന്ന ഓടയ്ക്ക് സമീപത്താണ് കുടിവെള്ള ടാങ്ക് സ്ഥാപിച്ചിരിക്കുന്നത്. വീടുകളിലെ മാലിന്യങ്ങള്‍ ഈ ഓടയിലേക്കാണ് വന്നുചേരുന്നത്. മലിനജലം കുടിവെള്ളത്തില്‍ കലര്‍ന്നതാകും കോളറ വ്യാപനത്തിന് കാരണമായതെന്ന് ഡോ. മുക്ത അഭിപ്രായപ്പെട്ടു.
അതേസമയം, ഡോക്ടര്‍മാരുടെ അശ്രദ്ധയാണ് ഒമ്പത് വയസ്സുകാരന്‍റെ മരണത്തിന് കാരണമായതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ചൊവ്വാഴ്ച രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിറ്റേന്നു രാവിലെ തന്നെ ഡിസ്ചാര്‍ജ് ചെയ്തെന്നും ഉച്ചയോടെ മരിച്ചെന്നുമാണ് ബന്ധുക്കൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.