പിതാവ് ക്യൂവിൽ; എയിംസിൽ ചികിത്സ കിട്ടാതെ 9 വയസുകാരി മരിച്ചു
text_fieldsപാറ്റ്ന: ചികിത്സ ലഭിക്കാൻ വൈകിയതിനെ തുടർന്ന് പാറ്റ്ന എയിംസിൽ 9 വയസ്സുകാരി മരിച്ചു. പനി മൂർച്ഛിച്ചതിനെ തുടർന്ന് റോഷൻ കുമാരിയെന്ന ഒമ്പതുവയസുകാരിയാണ് മരണത്തിന് കീഴടങ്ങിയത്. ഈ സമയം പിതാവ് ഒ.പിയിൽ പേര് നൽകാൻ ക്യൂവിലായിരുന്നു. മൃതദേഹം കൊണ്ടു പോകാൻ ആബുലൻസ് നൽകാൻ പോലും അധികൃതർ തയാറായില്ലെന്നും ആരോപണമുണ്ട്.
ആറുദിവസമായി തുടരുന്ന കടുത്ത പനിയെ തുടർന്നാണ് റോഷൻ കുമാരിയെ പിതാവ് റാംബാലക് എയിംസിലേക്ക് കൊണ്ടുവന്നത്. എന്നാൽ റജിസ്ട്രേഷൻ കാർഡില്ലാതെ ഒ.പി വിഭാഗത്തിൾ പ്രവേശിപ്പിക്കില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്. കുട്ടിക്ക് കടുത്ത പനിയെന്ന് പറഞ്ഞെങ്കിലും ക്യുവിൽ നിൽക്കാനായിരുന്നു മറുപടി. ക്യൂവിൽ നിന്ന് പേര് രജിസ്ട്രർ ചെയതെങ്കിലും റോഷൻ മരണത്തിന് കീഴടങ്ങിയിരുന്നു.
ലക്കിസാരെ ജില്ലയിലെ കാജിറ വില്ലേജിൽ കൂലി തൊഴിലാളിയാണ് റംബാലക്. കയ്യിൽ ആവശ്യത്തിന് പണമില്ലാതിരുന്നതിനാൽ അടുത്ത ഒാട്ടോറിക്ഷ സ്റ്റാന്‍റ് വരെ 4 കിലോ മീറ്ററോളം മൃതദേഹം തോളിലെടുത്താണ് എത്തിച്ചത്. ആംബുലൻസ് സൗകര്യം അനുവദിക്കാൻ പോലും എയിംസ് അധികൃതർ തയാറായില്ലെന്ന് റംബാലക് പറഞ്ഞു.
എന്നാൽ രജിസ്ട്രേഷൻ ഇല്ലാത്തത് മൂലം ചികിത്സ നിഷേധിക്കാറില്ലെന്നും അടിയന്തിരമായി ചികിത്സ ആവശ്യമുള്ളവർക്ക് അത് നൽകാൻ ഡോക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടന്നും എയിംസ് ഡയറക്ടർ ഡോ. പ്രഭാത് കുമാർ സിങ്ങ് പറഞ്ഞു. ആരോപണത്തെ കുറിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, സർക്കാറിന് പാവപ്പെട്ടവരോട് മമതയില്ലെന്നും ബീഹാറിൽ എല്ലാം തകർന്നിരിക്കുകയാണെന്നും ആർ.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ് പ്രതികരിച്ചു. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.