യു.പിക്കാർക്കെതിരെ ഗോവ മുഖ്യമന്ത്രി: ‘ഗോവയിലെ 90% കുറ്റകൃത്യവും ചെയ്യുന്നത് യു.പി, ബിഹാർ സ്വദേശികൾ’
text_fieldsപനാജി: ബിഹാർ, യു.പി സ്വദേശികളെ അപകീർത്തിപ്പെടുത്തുന്ന പ്രസ്താവനയുമായി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ബീഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് ഗോവയുടെ തീരദേശത്ത് നടക്കുന്ന കുറ്റകൃത്യങ്ങളിൽ 90 ശതമാനവും ചെയ്യുന്നതെന്നാണ് പ്രമോദ് സാവന്ത് പറഞ്ഞത്. പനാജിയിൽ തൊഴിലാളി ദിന ചടങ്ങിലാണ് സാവന്തിന്റെ ആരോപണം.
"ഗോവയിൽ കുറ്റകൃത്യം ചെയ്ത ശേഷം, കുടിയേറ്റ തൊഴിലാളികൾ പലപ്പോഴും അവരുടെ സംസ്ഥാനത്തേക്ക് മടങ്ങുകയാണ് ചെയ്യുന്നത്. പിന്നീട് അവരെ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്. അതിനാൽ തൊഴിലാളികളുടെ വിശദാംശങ്ങൾ ട്രാക്കുചെയ്യേണ്ടത് ആവശ്യമാണ്’ -സാവന്ത് പറഞ്ഞു.
സംസ്ഥാനത്ത് ജോലി ചെയ്യുന്ന എല്ലാ കുടിയേറ്റ തൊഴിലാളികളും സംസ്ഥാന സർക്കാർ നൽകുന്ന ലേബർ കാർഡ് എടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യ, അസംഘടിത, വ്യാവസായിക മേഖലകളിൽ ജോലി ചെയ്യുന്നവരുടെ വിവരങ്ങൾ സൂക്ഷിക്കുന്നതിനും ക്ഷേമ പദ്ധതികളിൽ പങ്കാളികളാക്കുന്നതിനുമാണ് സർക്കാർ ലേബർ കാർഡുകൾ ഏർപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ തൊഴിലാളികൾക്കും കാർഡ് വിതരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ രണ്ട് എൻജിഒകളെ ചുമതലപ്പെടുത്തി. കാർഡിന് ഓൺലൈനായി എൻറോൾ ചെയ്യുന്നതിനുള്ള സൗകര്യം ഉടൻ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
എല്ലാ തൊഴിലാളികൾക്കും കാർഡ് വിതരണം ചെയ്താൽ, ഡാറ്റാബേസ് ആക്സസ് ചെയ്യാൻ എളുപ്പമാകും. കേസുകൾ അന്വേഷിക്കാനും അവരെ ട്രാക്ക് ചെയ്യാനും ഇത് പൊലീസിനെ സഹായിക്കുമെന്നും സാവന്ത് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.