‘രാജ്യത്ത് ദിവസം 90 ബലാത്സംഗക്കേസുകൾ, നീതി ഉറപ്പാക്കാൻ കർശന നിയമനിർമാണവും അതിവേഗ കോടതികളും വേണം’; പ്രധാനമന്ത്രിക്ക് കത്തയച്ച് മമത
text_fieldsന്യൂഡൽഹി: കൊൽക്കത്തയിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ജനരോഷം തുടരുന്നതിനിടെ, പ്രധാനമന്ത്രിക്ക് കത്തയച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രാജ്യത്തുടനീളം പ്രതിദിനം 90 ബലാത്സംഗക്കേസുകൾ നടക്കുന്നുവെന്നത് ഭയാനകമാണെന്നും പീഡനക്കേസുകളിൽ നീതി ഉറപ്പാക്കാൻ കർശന നിയമനിർമാണവും അതിവേഗ കോടതികളും ആവശ്യമാണെന്നും മമത കത്തിൽ ചൂണ്ടിക്കാട്ടി.
‘രാജ്യത്തുടനീളം പതിവായി വർധിച്ചുവരുന്ന ബലാത്സംഗ കേസുകൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. ബലാത്സംഗത്തിന് ശേഷം ഇരകളെ കൊലപ്പെടുത്തുന്ന കേസുകളുടെ എണ്ണത്തിൽ വർധനവുള്ളതായി കണക്കുകൾ വ്യക്തമാക്കുന്നു. ഏകദേശം 90 ബലാത്സംഗ കേസുകൾ ദിവസവും രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നു എന്നത് ഭയാനകമാണ്. സമൂഹത്തിന്റെയും രാജ്യത്തിന്റെയും ആത്മവിശ്വാസത്തെ ഉലക്കുന്നതാണിത്. ഈ സാഹചര്യം അവസാനിപ്പിക്കാനും സുരക്ഷിതരാണെന്ന് സ്ത്രീകൾക്ക് തോന്നിക്കാനും നമുക്കെല്ലാം ബാധ്യതയുണ്ട്’ –കത്തിൽ മമത ചൂണ്ടിക്കാട്ടി.
‘ഇത്തരം ക്രൂരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ മാതൃകാപരമായി ശിക്ഷിക്കുന്ന കർശനമായ കേന്ദ്ര നിയമനിർമാണത്തിലൂടെ ഇത്തരം ഗൗരവമേറിയ വിഷയത്തെ സമഗ്രമായ രീതിയിൽ നേരിടേണ്ടതുണ്ട്. ഇത്തരം കേസുകളിൽ അതിവേഗ വിചാരണക്കായി പ്രത്യേക കോടതികൾ സ്ഥാപിക്കുന്നതും പരിഗണിക്കേണ്ടതാണ്. വേഗത്തിലുള്ള നീതി ഉറപ്പാക്കുന്നതിനായി ഇത്തരം കേസുകളിൽ വിചാരണ 15 ദിവസത്തിനകം പൂർത്തിയാക്കണം’ -കത്തിൽ കൂട്ടിച്ചേർത്തു.
ആഗസ്റ്റ് ഒമ്പതിനാണ് കൊൽക്കത്തയിലെ ആർ.ജി കർ മെഡിക്കൽ കോളജിൽ 31കാരിയായ പി.ജി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവം കൈകാര്യം ചെയ്തതിലെ വീഴ്ച ചൂണ്ടിക്കാട്ടി ബംഗാൾ സർക്കാരിനും പൊലീസിനും എതിരെ രൂക്ഷ വിമർശനങ്ങൾക്കും ഡോക്ടർമാരുടെ രാജ്യവ്യാപക സമരം ഉൾപ്പെടെയുള്ള പ്രതിഷേധങ്ങൾക്കുമാണ് രാജ്യം സാക്ഷ്യം വഹിച്ചത്.
കേസിലെ ഹരജികളിൽ വാദം കേൾക്കവേ, ബംഗാൾ സർക്കാരിനെതിരെ കടുത്ത വിമർശനമാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഉൾപ്പെട്ട ബെഞ്ച് ഉയർത്തിയത്. കൊലപാതകത്തെ അസ്വാഭാവിക മരണമായി രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കാൻ വൈകി, പോസ്റ്റ്‍മോർട്ടത്തിന് ശേഷം മാത്രമാണ് അസ്വാഭാവിക മരണമെന്ന് രജിസ്റ്റർ ചെയ്തത്, മരണം അസ്വാഭാവികം അല്ലായിരുന്നെങ്കില്‍ എന്തിനാണ് മൃതദേഹം പോസ്റ്റ്‍മോർട്ടത്തിനയച്ചത് എന്നിങ്ങനെയായിരുന്നു കോടതിയുടെ വിമർശനം. കൊൽക്കത്ത കേസിൽ പൊലീസ് കാണിച്ച കൃത്യവിലോപം പോലെയൊന്ന് 30 വർഷത്തിനിടെ കണ്ടിട്ടില്ലെന്നും കോടതി വിമർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.