വിദ്യാർഥികൾക്കും ആക്ടിവിസ്റ്റുകൾക്കുമെതിരായ ഭരണകൂടവേട്ട; പ്രതിഷേധവുമായി ബ്രിട്ടീഷ് ബുദ്ധിജീവികൾ
text_fieldsലണ്ടൻ: കോവിഡ് കാലത്ത് പോലും ഇന്ത്യയിൽ ആക്ടിവിസ്റ്റുകൾക്കും വിദ്യാർഥികൾക്കും നേരെ നടക്കുന്ന ഭരണകൂടവേട്ടയെ അപലപിച്ച് ബ്രിട്ടീഷ് ബുദ്ധിജീവികൾ. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങളുടെ ഭാഗമായിരുന്ന ജെ.എൻ.യു വിദ്യാർഥി നേതാവ് ഉമർ ഖാലിദ്, മീരാൻ ഹൈദർ, ജാമിഅ മില്ലിയ യൂനിവേഴ്സിറ്റിയിലെ സഫൂറ സർഗാർ എന്നിവരെ യു.എ.പി.എ ചുമത്തി ജയിലിലടച്ചതിനെയും ബ്രിട്ടനിലെ 90 ചിന്തകൻമാരടങ്ങുന്ന സംഘം അപലപിച്ചു. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ്, ഒാക്സ്ഫഡ്, കാംബ്രിജ് പോലുള്ള വിഖ്യാത യൂനിവേഴ്സിറ്റികളിലെ പ്രഫസർമാരാണ് നിവേദനത്തിൽ ഒപ്പുവെച്ചത്.
ലോക്ഡൗണിനു മുമ്പു ഇന്ത്യയിൽ നടന്ന ജനകീയ പ്രേക്ഷാഭ റാലികളിൽ പങ്കെടുത്തു കൊണ്ട് ഇന്ത്യയുടെ മതേതര ഭരണഘടനയെ തന്നെ ലംഘിക്കുന്ന, മുസ്ലിംകളെ രാജ്യത്ത് നിന്ന് പുറത്താക്കാൻ കാരണമാകുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതാണ് ഇവർ ചെയ്ത ‘ഗുരുതരമായ കുറ്റം’. മതപരമായ, പ്രാദേശികമായ ഭിന്നിപ്പിലൂടെ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കാനുള്ള ആദ്യചുവടുെവപ്പാണിതെന്നും അവർ നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, മുസ്ലിംകൾക്കെതിരെ ഭരണകൂടത്തിെൻറ ഒത്താശയോടെ വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തിന് വഴിമരുന്നിട്ടവർക്കെതിരെ ആരും നടപടിയെടുത്തില്ല എന്നത് എന്തൊരു അസംബന്ധമാണ്. ലോക്ഡൗണിനിടെ ഭക്ഷണവും പണവും ഇല്ലാതെ കുടുങ്ങിപ്പോയ നിരവധി നിത്യവേതന തൊഴിലാളികൾക്ക് അതെല്ലാം എത്തിച്ച് നൽകുന്ന സന്നദ്ധ പ്രവർത്തനങ്ങൾക്ക് ജാമിഅ കോർഡിനേഷൻ കമ്മിറ്റി മുന്നിലുണ്ടായിരുന്നു. പൊലീസിെൻറ ഭാഗത്തു നിന്നു അതിക്രമം പോലും നേരിടേണ്ടി വന്നു അവർക്ക്.
കോവിഡ് ഭീതി വിതക്കുന്ന സാഹചര്യത്തിലാണ് വിദ്യാർഥി നേതാവും ഗർഭിണിയുമായ സഫൂർ സർഗാറിനെ തടവുകാരാൽ തിങ്ങിനിറഞ്ഞ തിഹാർ ജയിലിൽ പാർപ്പിച്ചിരിക്കുന്നത്. വ്യാജകുറ്റങ്ങൾ ചുമത്തി ഉമർ ഖാലിദിനെയും സഫൂറയെയും ശിഫ ഉർ റഹ്മാനെയും ഹൈദറിനെയും ജയിലിലടച്ച നടപടിയിൽ സർക്കാറിനെതിരെ ഇന്ത്യയിലുടനീളം നടക്കുന്ന ഇൻറർനെറ്റ് ക്യാംപയിനെ പൂർണമായി പിന്തുണക്കുവെന്നും വിദ്യാർഥികളെ ഉടൻ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇവർ നിവേദനം അവസാനിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.