'ലക്ഷദ്വീപിനെ രക്ഷിക്കണം'- പ്രധാനമന്ത്രിക്ക് 93 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ കത്ത്
text_fieldsന്യൂഡൽഹി: ലക്ഷദ്വീപിൽ നടപ്പാക്കുന്ന നിയമങ്ങളിൽ കടുത്ത ആശങ്ക അറിയിച്ച് മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥർ പ്രധാനമന്ത്രിക്ക് കത്തയച്ചു. വികസനമെന്ന പേരിൽ നടക്കുന്നത് അസ്വാസ്ഥ്യമുണ്ടാക്കുന്ന സംഭവ വികാസങ്ങളാണെന്നും ദ്വീപുകാരുടെ പങ്കാളിത്തത്തോടെ അനുയോജ്യമായ വികസന മോഡലാണ് നടപ്പാേകണ്ടേന്നും അവർ ആവശ്യപ്പെട്ടു. മുൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ശിവശങ്കർ മേനോൻ, മുൻ പ്രസാർ ഭാരതി സി.ഇ.ഒ ജവഹർ സർകാർ, മുൻ വിദേശകാര്യ സെക്രട്ടറി സുജാത സിങ്, പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവ് ടി.കെ.എ നായർ, മുഖ്യ വിവരാവകാശ കമീഷൻ മുൻ മേധാവി വജാഹത് ഹബീബുല്ല എന്നിവരുൾപെടെ 93 പേരാണ് കത്തിൽ ഒപ്പുവെച്ചത്.
ചുമതലയേറ്റ ശേഷം അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പേട്ടൽ പ്രഖ്യാപിച്ച ഗുണ്ടാനിയമം, മൃഗ സംരക്ഷണ നിയമം എന്നിവ ഉൾപെടെ മൂന്ന് കരട് നയങ്ങളും പഞ്ചായത്ത് നിയമഭേദഗതിയും ദ്വീപിലും രാജ്യം മുഴുക്കെയും വ്യാപകമായ ഉത്കണ്ഠ സൃഷ്ടിച്ചിരിക്കുകയാണെന്ന് കത്തിൽ പറയുന്നു. ''ദ്വീപുകാരുമായി ചർച്ച ചെയ്യാതെയാണ് ഈ നിയമങ്ങൾ കൊണ്ടുവന്നത്. ഇവയിപ്പോൾ അംഗീകാരത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ പരിഗണനയിലാണ്. വിഷയത്തിൽ കടുത്ത ആശങ്ക രേഖാമൂലം അറിയിക്കുകയാണെ'ന്ന് അവർ ചൂണ്ടിക്കാട്ടി. ഏഴു പതിറ്റാണ്ടായി ലക്ഷദ്വീപിൽ വികസനമില്ലെന്നു പറഞ്ഞ് 'മാലദ്വീപ് മോഡൽ' പദ്ധതികളാണ് ലക്ഷദ്വീപിൽ പി.കെ പേട്ടൽ പ്രഖ്യാപിച്ചിരുന്നത്. ഇരു ദ്വീപ് കൂട്ടങ്ങളും തമ്മിലെ വ്യത്യാസം കണക്കിലെടുക്കാതെയാണ് ഇവ നടപ്പാക്കുന്നത്. 96.5 ശതമാനം മുസ്ലിംകൾ വസിക്കുന്ന ദ്വീപിൽ അവരുടെ ഭക്ഷ്യരീതികളെ ലക്ഷ്യം വെക്കുന്ന നിയമങ്ങളും കൊണ്ടുവരികയാണ്. തൊട്ടുചേർന്നുള്ള കേരളത്തിലോ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലോ ഇത്തരം നിയമം പ്രാബല്യത്തിലില്ല. ജനസംഖ്യാ പ്രാതിനിധ്യം പരിഗണിച്ച് നടപ്പിലുണ്ടായിരുന്ന മദ്യ വിലക്ക് എടുത്തുകളഞ്ഞിരിക്കുന്നു. ബീഫ് നിരോധനവും മദ്യത്തിന് വിലക്ക് നീക്കലും ചേരുേമ്പാൾ മുസ്ലിം വിരുദ്ധ നിലപാട് സ്വാഭാവികമായും സംശയിക്കണമെന്നും കത്തിൽ സൂചിപ്പിക്കുന്നു. രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്കേർപെടുത്തുന്നതുൾപെടെ വിഷയങ്ങൾ വികസനത്തെക്കാൾ ഏകപക്ഷീയ തീരുമാനങ്ങളെയാണ് വ്യക്തമാക്കുന്നതെന്നും അതിനാൽ എല്ലാ തീരുമാനങ്ങളും അടിയന്തരമായി പിൻവലിക്കണമെന്നും പൂർണ സമയം ദ്വീപിലുണ്ടാകുന്ന ഒരു അഡ്മിനിസ്ട്രേറ്ററെ പകരം ലക്ഷദ്വീപിൽ നിയമിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.