അറബിക്കടലില്‍ തകർന്ന ബാർജിലെ 93 പേർക്കായി തെരച്ചിൽ തുടരുന്നു
text_fieldsമുംബൈ: ടൗട്ടെ ചുഴലിക്കാറ്റിന് തൊട്ടുമുമ്പ് അറബിക്കടലില്‍ നിയന്ത്രണം നഷ്ടപ്പെട്ട രണ്ട് ബാർജുകളിൽ കുടുങ്ങിയവരിൽ 317 പേരെ നാവിക സേനയും തീരദേശ സേനയും ചേർന്ന് കരക്കെത്തിച്ചു. 93 പേർക്കായി രക്ഷാപ്രവർത്തനം തുടരുന്നു. അപകടത്തിൽപ്പെട്ടവരിൽ മലയാളികളുമുണ്ട്.
ഇതിനു പുറമെ മറ്റൊരു എണ്ണ ഖനന കേന്ദ്രത്തിനും ഇതോടൊപ്പം ജീവനക്കാർ താമസിക്കുന്ന ബാർജിനും ചുഴലിക്കാറ്റിൽ നിയന്ത്രണം നഷ്ടപ്പെട്ടു. ഇവയിലുള്ള 297 പേർക്കായും രക്ഷാപ്രവർത്തനം തുടരുന്നു. പൊതുമേഖല എണ്ണക്കമ്പനിയായ ഒ.എൻ.ജി.സിക്ക് വേണ്ടിയുള്ള ജീവനക്കാരും കരാർ ജീവനക്കാരുമാണ് ബാർജുകളിലുള്ളത്.
70 നോട്ടിക്കല്‍ മൈല്‍ അകലെ എണ്ണക്കിണറില്‍ ഇടിച്ചുതകർന്ന പി 305 എന്ന ബാര്‍ജില്‍ 273 പേരാണുണ്ടായിരുന്നത്. ഇവരിൽ 180 പേരെ കരക്കെത്തിച്ചു. 93 പേരെ രക്ഷപ്പെടുത്താനുണ്ട്. തിങ്കളാഴ്ച ടൗട്ടെ ചുഴലിക്കാറ്റിനുമുമ്പ് സുരക്ഷിതമായി നങ്കൂരമിടാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം.
നങ്കൂരം തകര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ഒഴുകിയ ബാർജ് എണ്ണക്കിണറില്‍ തട്ടി തകരുകയായിരുന്നു. ബാര്‍ജില്‍ വെള്ളം കയറിത്തുടങ്ങിയതോടെ തിങ്കളാഴ്ച ഉച്ചക്ക് മൂന്നോടെ മൂന്നുപേര്‍ സുരക്ഷ സന്നാഹങ്ങളുമായി കടലില്‍ ചാടി. ഇവരെ ചൊവ്വാഴ്ച ഉച്ചയോടെയാണ് തീരരക്ഷാ സേനയുടെ ഹെലികോപ്ടര്‍ രക്ഷപ്പെടുത്തിയത്.
ചുഴലിക്കാറ്റിൽ നിയന്ത്രണം നഷ്ടപ്പെട്ട സാഗര്‍ ഭൂഷണ് എണ്ണ ഖനന കേന്ദ്രത്തിൽ 101 പേരാണുള്ളത്. ഇതോടൊപ്പമുള്ള ജീവനക്കാരുടെ താമസകേന്ദ്രമായ എസ്.എസ്-ത്രീ ബാർജിൽ 196 പേരുമുണ്ട്. ഇവരുടെ രക്ഷാപ്രവർത്തനത്തെക്കുറിച്ച് വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.