ആദായനികുതി റെയ്ഡിൽ പിടിച്ചത് 94 കോടി
text_fieldsബംഗളൂരു: ഒക്ടോബർ 12 മുതൽ കർണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, ഡൽഹി എന്നിവിടങ്ങളിലെ 55 കേന്ദ്രങ്ങളിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ കണക്കിൽപെടാത്ത 94 കോടി രൂപ കണ്ടെടുത്തു. സർക്കാർ കരാറുകാർ, റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. എട്ടുകോടിയുടെ സ്വർണ-വജ്ര ആഭരണങ്ങൾ, 30 ആഡംബര വാച്ചുകൾ, നിരവധി രേഖകൾ എന്നിവയും കണ്ടെടുത്തു.
അഞ്ചു സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കാനായി പണം സൂക്ഷിച്ചിട്ടുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബംഗളൂരുവിൽ റെയ്ഡ് നടത്തിയതെന്ന് അധികൃതർ പറഞ്ഞു. സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരനിൽനിന്നാണ് 30 വിദേശനിർമിത ആഡംബര റിസ്റ്റ് വാച്ചുകൾ പിടിച്ചത്. ഈ വാച്ചുകളുടെ വിൽപനയുമായി ബന്ധപ്പെട്ട ബിസിനസ് ഉള്ളയാളല്ല ഇയാൾ.
വ്യാഴാഴ്ച ബംഗളൂരുവിലെ സഹകാർ നഗർ, സഞ്ജയ് നഗർ എന്നിവിടങ്ങളിലെ റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട 25 ഇടങ്ങളിലാണ് റെയ്ഡിന് തുടക്കമിട്ടത്. തുടർന്നാണ് കരാറുകാരിലേക്ക് നീണ്ടത്. അതേസമയം, ബംഗളൂരുവിൽ പ്രമുഖ കരാറുകാരന്റെ ഫ്ലാറ്റിൽ നിന്ന് 42 കോടി രൂപ പിടിച്ചെടുത്ത സംഭവത്തിൽ ബി.ജെ.പിയും കോൺഗ്രസും വാഗ്വാദം തുടരുകയാണ്.
കഴിഞ്ഞ ബി.ജെ.പി സർക്കാറിനെതിരെ ‘40 ശതമാനം കമീഷൻ’ ആരോപണം ഉന്നയിച്ചതിൽ പ്രധാനിയായ പ്രമുഖ കരാറുകാരൻ ആർ. അംബികാപതിയുടെ ആർ.ടി നഗറിനടത്ത ആത്മാനന്ദ കോളനിയിലെ ഫ്ലാറ്റിൽനിന്ന് 20 കാർഡ്ബോഡുകളിൽ കിടക്കക്കടിയിൽ സൂക്ഷിച്ച നിലയിലായിരുന്നു നോട്ടുകെട്ടുകൾ. മുൻ ബി.ജെ.പി മന്ത്രി മുനിരത്നക്കെതിരായ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിൽ ഇയാൾ അറസ്റ്റിലുമായിരുന്നു. പുലികേശിനഗറിലെ മുൻ കോൺഗ്രസ് എം.എൽ.എയായ ആർ. അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ ബന്ധുവാണ് അംബികാപതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.