Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Narendra Modi BJP
cancel

ക്കഴിഞ്ഞ നിയമസഭാ തെര​ഞ്ഞെടുപ്പുകൾക്കുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ഹാട്രിക്കി’നെ കുറിച്ചാണ് സംസാരിക്കുന്നത്. അങ്ങനെയൊരു നിഗമനം ചോദ്യംചെയ്യപ്പെടേണ്ട ആവശ്യമി​ല്ലെന്ന കണക്കുകൂട്ടലിൽ പലരും അതാവർത്തിക്കുന്നു. മൂന്നു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം, തുടർച്ചയായ മൂന്നാം തവണയും ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടിയെ തടഞ്ഞുനിർത്താൻ ആർക്കും കഴിയില്ലെന്നുള്ള സന്ദേശം അടുത്ത പ്രഭാതത്തോടെ, രാജ്യമൊട്ടാകെ പരത്തുകയാണ്. ബി.ജെ.പി അനുയായികൾ ആഘോഷം കൊഴുപ്പിക്കുന്നു, എതിരാളികൾ നിരാശയിലേക്ക് കൂപ്പുകുത്തുന്നു. എന്നാൽ, ഈ നിഗമനം ശരിയാണോ? അതു ചോദിക്കാൻ അധികമാരും മെനക്കെടുന്നില്ല.

സൈക്കോളജിക്കൽ ഗെയിമുകൾ കളിക്കുന്നതും ജയിക്കുന്നതും വലിയൊരളവിൽ ഇങ്ങനെയാണ്. സത്യത്തിന്റെ ചെറിയൊരു കുമിള വല്ലാതെ ഊതിവീർപ്പിച്ചിട്ട് വിരുദ്ധമായ മുഴുവൻ യാഥാർഥ്യങ്ങളെയും അതിനുപിന്നിൽ അതങ്ങനെ ഒളിപ്പിച്ചുനിർത്തും. യുദ്ധം തുടങ്ങുംമുമ്പേ എതിരാളിയുടെ ആത്മവിശ്വാസം നിലംപരിശായാൽ, മത്സരം പിന്നെ വാക്കോവറാവാനുള്ള സാധ്യതയാണേറെയും. അതുകൊണ്ട്, ഈ നിഗമനങ്ങളെയും അവകാശവാദങ്ങളെയും സൂക്ഷ്മ തലത്തിൽ പരിശോധിക്കുകയെന്നത് പരമപ്രധാനമാണ്.

കൂടുതൽ വോട്ട് കോൺഗ്രസിന്!

തെരഞ്ഞെടുപ്പു കമീഷന്റെ വെബ്സൈറ്റിൽനിന്നുതന്നെ തുടങ്ങാം. ഡിസംബർ മൂന്നിന് ഫലം പ്രഖ്യാപിച്ച നാലു സംസ്ഥാനങ്ങളിലും എല്ലാ പാർട്ടികൾക്കും കിട്ടിയ വോട്ടുകൾ കൂട്ടിനോക്കാം. വിജയഭേരി മുഴക്കിയ ബി.ജെ.പിക്ക് നാലു സംസ്ഥാനങ്ങളിൽനിന്നായി ​കിട്ടിയ മൊത്തം വോട്ട് 4,81,33,463 ആണ്. എന്നാൽ, തെരഞ്ഞെടുപ്പിൽ ‘കനത്ത പരാജയം’ പിണഞ്ഞ കോൺഗ്രസിന് കിട്ടിയത് 4,90,77907 വോട്ടുകൾ! അതിനർഥം കോൺഗ്രസ് മൊത്തത്തിൽ 944,444 വോട്ടുകൾ ബി.ജെ.പിയേക്കാൾ നേടിയിട്ടുണ്ടെന്നതാണ്. എന്നിട്ടും, കോൺഗ്രസിനെ ബി.ജെ.പി പൂർണമായും തകർത്തുകളഞ്ഞു എന്ന രീതിയിലാണ് എല്ലാ ചർച്ചകളുമെന്നു​നോക്കണം.

ബി.ജെ.പി ജയിച്ച, ഹിന്ദി സംസാരിക്കുന്ന മൂന്നു സംസ്ഥാനങ്ങളിലെ സീറ്റുകളുടെ എണ്ണം നോക്കിയാൽ വോട്ടുകളുടെ എണ്ണത്തിൽ വലിയ വ്യത്യാസമി​ല്ലെന്ന് കാണാനാവും. രാജസ്ഥാനിൽ ബി.ജെ.പിക്ക് ലഭിച്ചത് 41.7 ശതമാനം വോട്ടുകളാണ്. കോൺഗ്രസിന് 39.6 ശതമാനം വോട്ടും. വ്യത്യാസം കേവലം രണ്ടുശതമാനം മാത്രം. ഛത്തീസ്ഗഢിൽ അത് നാലുശതമാനമാണ് -ബി.ജെ.പിക്ക് 46.3 ശതമാനവും കോൺഗ്രസിന് 42.2 ശതമാനവും. മധ്യപ്രദേശിൽ മാത്രമാണ് വ്യത്യാസം കൂടുതൽ ഉയർന്നുനിൽക്കുന്നത്. ബി.ജെ.പിക്ക് 48.6ഉം കോൺഗ്രസിന് 40 ശതമാനവും വോട്ടുകൾ ലഭിച്ചപ്പോൾ വ്യത്യാസം എട്ടുശതമാനത്തിലേറെയായി. മൂന്നു സംസ്ഥാനങ്ങളിലും തോറ്റെങ്കിലും ​കോൺഗ്രസിന് 40ഓ അതിൽ കൂടുതലോ ശതമാനം വോട്ട് നേടാനായി. അതിനർഥം, ആ മൂന്നു സംസ്ഥാനങ്ങളിലും കോൺഗ്രസിന് തിരിച്ചുവരവ് വളരെ ബുദ്ധിമു​ട്ടേറിയ കാര്യമല്ല എന്നുതന്നെയാണ്.

മൂന്നു സംസ്ഥാനങ്ങളിലും ബി.ജെ.പി നേടിയ മുൻതൂക്കത്തെ തെലങ്കാന കൊണ്ട് മാത്രം പരിഹരിക്കാൻ കോൺഗ്രസിന് കഴിഞ്ഞു. തെലങ്കാനയിൽ കോൺഗ്രസ് 39.4 ശതമാനം വോട്ടുനേടിയപ്പോൾ ബി.ജെ.പിക്ക് കിട്ടിയത് 13.9 ശതമാനം (32 ലക്ഷത്തിൽതാഴെ വോട്ട്) മാത്രം. 2018നുശേഷം തെരഞ്ഞെടുപ്പു മത്സരവഴിയിൽ കരുത്തുചോർന്ന് പുറത്തേക്കുള്ള വഴിയിലേക്കായ കോൺഗ്രസ് ഇവ്വിധം ഉന്നതിയിലേക്ക് തിരിച്ചുവന്നത് രാഷ്ട്രീയമായ ശക്തിയുടെ അടയാളമാണ്.

2018ൽ മൂന്നു സംസ്ഥാനങ്ങളിലും ബി.ജെ.പി തോറ്റിരുന്നു...

‘ഹാട്രിക്ക്’ എന്ന മിത്ത് പരിശോധിക്കാൻ പിൻകാലങ്ങളിലേക്കൊന്ന് തിരിഞ്ഞുനോക്കാം. കഴിഞ്ഞ രണ്ടു ദശാബ്ധങ്ങളിലായി മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് കുറച്ചുമാസങ്ങൾക്കുശേഷമാണ് ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. അവസാനമായി 2018ൽ ഈ മൂന്നു സംസ്ഥാനങ്ങളിലെയും നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് പരാജയമായിരുന്നു ഫലം. എന്നാൽ, അന്ന് പ്രധാനമന്ത്രിയോ മാധ്യമങ്ങളോ 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ കാത്തിരിക്കുന്നത് കനത്ത പരാജയമാണെന്ന് പറഞ്ഞിട്ടേയില്ല. അന്ന് പാർലമെന്റ് തെരഞ്ഞെടുപ്പിലാകട്ടെ, ഈ മൂന്നു സംസ്ഥാനങ്ങളിലും ഹിന്ദി ബെൽറ്റിലെ മറ്റിടങ്ങളിലും വമ്പൻ ജയമാണ് ബി.ജെ.പി നേടിയത്.


അതുപോ​ലെ 2003ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഈ മൂന്നു സംസ്ഥാനങ്ങളിലും കോൺഗ്രസ് പരാജയപ്പെട്ടിരുന്നു. എന്നാൽ, വൈകാതെ നടന്ന 2004 ലോക്സഭ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത വിജയമാണ് കോൺഗ്രസ് നേടിയത്. ഇതിനർഥം ​നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളുടെ പ്രകൃതം വ്യത്യസ്തമാണെന്നതുതന്നെയാണ്. അസംബ്ലി തെരഞ്ഞെടുപ്പിലെ പ്രകടനം ചൂണ്ടിക്കാട്ടി ലോക്സഭ തെരഞ്ഞെടുപ്പിനെക്കുറിച്ച് മുൻകൂർ നിഗമനങ്ങളിലെത്തുന്നതും അർഥശൂന്യമാണ്. ബി.ജെ.പിക്ക് ആ ട്രെൻഡിനെ മറികടക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് കോൺഗ്രസിന് കഴിയില്ല?

ബി.ജെ.പിക്ക് മുന്നിലുള്ളത് വെല്ലുവിളി

2024ലെ അധികാരമാറ്റത്തെക്കുറിച്ച സമവാക്യം നോക്കൂ. ബി.ജെ.പി ഹിന്ദി ബെൽറ്റിലെ ഈ മൂന്നു സംസ്ഥാനങ്ങളെ ഏറെ ആശ്രയിക്കുന്നവരാണ്. എന്നാൽ, പ്രതിപക്ഷത്തിന്റെ പ്രതീക്ഷകൾ ഈ സംസ്ഥാനങ്ങളെ ആശ്രയിച്ചല്ല താനും. ‘ഇൻഡ്യ’ സഖ്യത്തിന്റെ ഇലക്ടറൽ മാത്തമാറ്റിക്സ് കർണാടക, മഹാരാഷ്ട്ര, ബീഹാർ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ ബി.ജെ.പിയുടെ സീറ്റുകൾ കുറക്കുക എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. 2019ൽ മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ എന്നിവിടങ്ങളിലായി മൊത്തമുള്ള 65 ലോക്സഭ സീറ്റുകളിൽ 61ലും ബി.ജെ.പിയാണ് ജയിച്ചത്. കോൺഗ്രസിന് കിട്ടിയതാകട്ടെ, വെറും മൂന്നു സീറ്റും. അതിനർഥം, അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ ഈ സംസ്ഥാനങ്ങളിൽ ബി.ജെ.പിക്ക് മുന്നിലുള്ള വെല്ലുവിളി ഈ സീറ്റുകൾ നിലനിർത്തുകയെന്നതാണ്. സാധിക്കുമെങ്കിൽ തെലങ്കാനയിൽ നിലവിലുള്ള നാലു സീറ്റ് വർധിപ്പിക്കുകയെന്നതും അവരുടെ പ്രധാന ഉന്നമാകും. മറ്റൊരർഥത്തിൽ പറഞ്ഞാൽ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ ​ലോക്സഭാതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് നഷ്ട​പ്പെടാനൊന്നുമില്ല. മറിച്ച്, നേ​ടാനേയുള്ളൂ താനും. ദേശീയാടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പിന്റെ വീക്ഷണകോണിലൂടെ നിരീക്ഷിച്ചാൽ, ഇക്കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി പുതുതായെന്തെങ്കിലും നേടിയെടുത്തിട്ടുണ്ടെന്ന് പറയാൻ കഴിയില്ല.


ബി.ജെ.പി -19, കോൺഗ്രസ് +22

ലോക്സഭയിൽ ഈ ലെജിസ്ലേറ്റിവ് അസംബ്ലികൾ എങ്ങനെ എണ്ണത്തിലെടുക്കാം? മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ, തെലങ്കാന സംസ്ഥാനങ്ങളിലായി മൊത്തം 83 ലോക്സഭ സീറ്റുകളാണുള്ളത്. 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ ഇതിൽ 65 സീറ്റിലും ജയിച്ചത് ബി.ജെ.പിയാണ്. കോൺഗ്രസിനുള്ളത് ആറെണ്ണം മാത്രം. ബാക്കിയുള്ളത് ബി.ആർ.എസ്, എം.എൻ.എഫ്, എ.ഐ.എം.ഐ.എം എന്നിവക്കും.

ഇപ്പോൾ നിയമസഭ തെരഞ്ഞെടുപ്പ് നടന്ന നാലു സംസ്ഥാനങ്ങളിലെ മുഴുവൻ മണ്ഡലങ്ങളിലും ഇതേ വോട്ടുകളാണ് 2024 ലോക്സഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പിക്കും കോൺഗ്രസിനും ലഭിക്കുന്നതെങ്കിൽ അതിന്റെ ഫലം ഇങ്ങനെയായിരിക്കും.

  • രാജസ്ഥാൻ: ബി.ജെ.പി 14 സീറ്റ്, കോൺഗ്രസ് 11
  • ഛത്തീസ്ഗഢ്: ബി.ജെ.പി 8, കോൺഗ്രസ് 4
  • തെലങ്കാന: കോൺഗ്രസ് 9, ബി.ജെ.പി 0, ബി.ആർ.എസ് 7, എ.ഐ.എം.ഐ.എം 1
  • മിസോറാം: ഇസഡ്.എം.പി 1

അപ്പോൾ നാലു സംസ്ഥാനങ്ങളിലെ ഇപ്പോഴത്തെ അസംബ്ലി തെരഞ്ഞെടുപ്പുകളുടെ വോട്ടിങ്ങിന്റെ അടിസ്ഥാനത്തിൽ ലോക്സഭയിലെ അവിടുത്തെ മൊത്തം 83 സീറ്റുകളിൽ ബി.ജെ.പിക്ക് 46ഉം കോൺഗ്രസിന് 28 സീറ്റുമാകും ലഭിക്കുക. അതിനർഥം, ഇതേ രീതിയിലാണ് പാർലമെന്റ് തെരഞ്ഞെടുപ്പിലെ വോട്ടിങ് പാറ്റേണെങ്കിൽ കൊട്ടിഗ്ഘാഷിക്കുന്ന വൻനേട്ടത്തിനു പകരം ബി.ജെ.പിക്ക് അത് കനത്ത തിരിച്ചടിയാകും സമ്മാനിക്കുക. അവരുടെ കൈയിലുള്ള 19 സീറ്റുകൾ നഷ്ടമാവുകയും കോൺഗ്രസിന് 22 സീറ്റുകൾ കൂടുതൽ ലഭിക്കുകയും ചെയ്യും. ​ഈ അസംബ്ലി തെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടുകൾ ലോക്സഭ തെരഞ്ഞെടുപ്പിലും നിലനിർത്തുകയെന്നത് ഉറപ്പുവരുത്തുക മാത്രമാണ് കോൺഗ്രസ് ചെയ്യേണ്ടതുള്ളൂ.


ഇപ്പോൾ, വളരെ ലളിതമായ ഗണിതമാ​ണിതെന്ന് പലരും പറഞ്ഞുതുടങ്ങിയിട്ടുണ്ട്. ‘മോദി മാജിക്’ എന്നൊന്നും ഇപ്പോഴത്തെ വിജയത്തെ പറയാനാവില്ല. അങ്ങനെയൊരു ‘മാജിക്’ നടന്നിരുന്നുവെങ്കിൽ ഈ സംസ്ഥാനങ്ങളിലെല്ലാം വൻ കാവിതരംഗമുണ്ടാവുകയും കോൺഗ്രസ് തുടച്ചുമാറ്റപ്പെടുകയും ചെയ്തേനേ. അങ്ങനെയൊരു മാജിക്കെന്ന് പാടിനടക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവർക്ക് ഈ അസംബ്ലി തെരഞ്ഞെടുപ്പിന്റെ ഫലം സംരക്ഷണകവചമായി എടുത്തണിയേണ്ട ആവശ്യമെന്താണുള്ളത്?


(പൊളിറ്റിക്കൽ ആക്ടിവിസ്റ്റും തെരഞ്ഞെടുപ്പ് വിശാരദനുമാണ് ലേഖകൻ)

ലേഖനത്തിന് കടപ്പാട്: thewire.in

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India NewsCongressBJPLok Sabha Election 2024Assembly Elections 2023
News Summary - 9.5 lakh votes more than BJP; Congress is not broken and the comeback is not difficult
Next Story