ഗുജറാത്തിൽ 2004ന് ശേഷം സ്ഥാനാർഥികളായത് 972 ക്രിമിനൽ കേസ് പ്രതികൾ
text_fieldsഗാന്ധിനഗർ: ഗുജറാത്തിൽ 2004 മുതൽ നടന്ന വിവിധ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച 6043 സ്ഥാനാർഥികളിൽ 972 പേർ ക്രിമിനൽ കേസുകൾ നേരിട്ടവർ. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) എന്ന സംഘടനയാണ് ഇതുവരെയുള്ള സത്യപ്രസ്താവനകൾ വിശകലനം ചെയ്ത് കണക്കുകൾ പുറത്തുവിട്ടത്. 972 ക്രിമിനൽ കേസ് പ്രതികളിൽ 511 പേർ ഗുരുതരമായ ക്രിമിനൽ കേസുകൾ നേരിടുന്നവരാണ്.
2004ന് ശേഷം സംസ്ഥാനത്തുണ്ടായ 685 നിയമസഭാംഗങ്ങളിൽ 191 പേർ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണ്. ഇതിൽ 109 പേർ ഗുരുതര കേസുകളിൽ പ്രതിയാണ്. ബി.ജെ.പി-162, കോൺഗ്രസ്- 212, ബഹുജൻ സമാജ് പാർട്ടി - 65, ആം ആദ്മി -ഏഴ്, ഗുജറാത്ത് പരിവർത്തൻ പാർട്ടി -37, സ്വതന്ത്രർ -291 എന്നിങ്ങനെയാണ് കണക്കുകൾ. ബിജെപി-102, കോൺഗ്രസ് -80, സ്വതന്ത്രർ-മൂന്ന് എന്നിവർ ഗുരുതരമായ ക്രിമിനൽ കേസുകൾ നേരിടുന്നവരാണ്.
2004 മുതലുള്ള സ്ഥാനാർഥികളുടെ ശരാശരി ആസ്തി 1.71 കോടി രൂപയും നിയമസഭാംഗങ്ങളുടെ ശരാശരി ആസ്തി 5.99 കോടി രൂപയുമാണ്. ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരുടെ ശരാശരി ആസ്തിയാകട്ടെ 3.81 കോടി രൂപയും ഗുരുതര കുറ്റം ചെയ്തവരുടേത് 5.34 കോടി രൂപയുമാണ്.
1636 സ്ഥാനാർഥികൾ ബിരുദമോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യത നേടിയവരും 4777 പേർ പ്ലസ് ടുവോ അതിൽ താഴെ ഉള്ളവരോ ആണ്. 130 പേർ ഡിപ്ലോമക്കാരുമാണ്.
383 വനിതാ സ്ഥാനാർഥികളിൽ 21 പേർ ക്രിമിനൽ കേസുകൾ നേരിടുന്നവരാണെന്നും റിപ്പോർട്ടിൽ പറയുന്നു. 2004 മുതൽ 63 വനിതാ നിയമസഭാംഗങ്ങൾ ഗുജറാത്തിനുണ്ട്.
ഡിസംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. ആദ്യഘട്ടം ഡിസംബർ ഒന്നിനും രണ്ടാംഘട്ടം അഞ്ചിനും നടക്കും. വോട്ടെണ്ണൽ ഡിസംബർ എട്ടിന്. ആകെ 182 നിയമസഭാ മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.