പ്രധാനമന്ത്രി ആരോഗ്യ യോജനയിൽ വൻ തട്ടിപ്പ്: ഗുണഭോക്താക്കളിൽ 7.5 ലക്ഷം പേർ ഉപയോഗിക്കുന്നത് ഒറ്റ മൊബൈൽ നമ്പർ!
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രിയുടെ പേരിലുള്ള ജൻ ആരോഗ്യ യോജനയുടെ (പി.എം.ജെ.എ.വൈ) മറവിൽ വൻ തട്ടിപ്പെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സി.എ.ജി) കണ്ടെത്തൽ. പദ്ധതി ഗുണഭോക്താക്കളിൽ 7.5 ലക്ഷം പേർ തങ്ങളുടെ മൊബൈൽ നമ്പറായി നൽകിയിരിക്കുന്നത് ഒരേ മൊബൈൽ നമ്പർ. 99999 99999 എന്ന നമ്പറാണ് 7,49, 820 ഉപഭോക്താക്കൾ നൽകിയത്. തിങ്കളാഴ്ച ലോക്‌സഭയിൽ സി.എ.ജി അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
88888 88888 എന്ന നമ്പർ 2,01,435 പേരും 90000 00000 എന്ന നമ്പർ 1,85,397 പേരും 77777 77777 എന്ന നമ്പർ 75,000 പേരും തങ്ങളുടെ സ്വന്തം നമ്പറായി രേഖപ്പെടുത്തി. പദ്ധതിയുടെ ബെനിഫിഷ്യറി ഐഡന്റിഫിക്കേഷൻ സിസ്റ്റത്തിൽ (ബി.ഐ.എസ്) നിന്നാണ് സി.എ.ജി ഈ വിവരങ്ങൾ ശേഖരിച്ചത്.
പി.എം.ജെ.എ.വൈയിൽ നിന്ന് അനർഹർ പണം പറ്റുന്നത് തടയാനാണ് ബി.ഐ.എസ് രൂപകൽപന ചെയ്‌തത് എന്നായിരുന്നു അവകാശവാദം. എന്നാൽ, ഏഴരലക്ഷത്തിലേറെ പേർ ഒറ്റ മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്തിട്ടും കണ്ടെത്താനോ തടയാനോ ഈ സംവിധാനത്തിന് കഴിഞ്ഞിട്ടില്ല. ഫണ്ട് ദുരുപയോഗം ചെയ്തതിന്റെ വ്യക്തമായ തെളിവായാണ് ഇത് കാണിക്കുന്നത്.
അസാധുവായ പേരുകൾ, യാഥാർഥ്യമല്ലാത്ത ജനനത്തീയതി, ഡ്യൂപ്ലിക്കേറ്റ് ഐഡികൾ, കുടുംബാംഗങ്ങളുടെ എണ്ണത്തിലുള്ള വ്യത്യാസം തുടങ്ങിയ വിവരങ്ങളിലും സി.എ.ജി പരിശോധനയിൽ തട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഏഴ് ആധാർ നമ്പറുകളിലായി 4,761 പേരാണ് രജിസ്റ്റർ ചെയ്തത്. 2018 സെപ്റ്റംബർ 23 ന് ജാർഖണ്ഡിലെ റാഞ്ചിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പി.എം.ജെ.എ.വൈ പദ്ധതിക്ക് തുടക്കം കുറിച്ചത്.
അഞ്ചു ലക്ഷം രൂപ വരെയാണ് ഈ ആരോഗ്യ ഇൻഷുറൻസ് പദ്ധതി വഴി പരിരക്ഷ ലഭിക്കുക. രാജ്യത്തെ 13,000 സർക്കാർ, സ്വകാര്യ ആശുപത്രികള്‍ പദ്ധതിയുടെ ഭാഗമാണ്. 8.03 കോടി ഗ്രാമീണ കുടുംബങ്ങളും 2.33 കോടി നഗരവാസികളും പദ്ധതിക്ക് കീഴിൽ വരും. 1345 രോഗങ്ങൾക്കാണ് പരിരക്ഷ. ആധാർ കാർഡ് ഇല്ലാത്തവർക്ക് തെരഞ്ഞെടുപ്പ് ഐ.ഡി, റേഷൻകാർഡ് തുടങ്ങി അംഗീകൃത തിരിച്ചറിയിൽ രേഖകൾ ഉപയോഗിക്കാം. ഗുണഭോക്താക്കൾക്ക് ക്യു.ആർ കോഡുള്ള രജിസ്ട്രേഷൻ കാർഡ് നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.