അച്ഛനും അയൽക്കാരും തമ്മിലുണ്ടായ നിസ്സാര വഴക്കിനിടെ തെലങ്കാനയിൽ പതിനഞ്ചുകാരി കൊല്ലപ്പെട്ടു
text_fieldsആലിയാ ബീഗം
ഹൈദരാബാദ്: അച്ഛനും അയൽക്കാരും തമ്മിൽ നിസ്സാര കാര്യത്തെ ചൊല്ലിയുണ്ടായ വഴക്കിനിടെ പതിനഞ്ചുകാരി കൊല്ലപ്പെട്ടു. തെലങ്കാനയിലെ അന്തരം ഗ്രാമത്തിലാണ് സംഭവം നടന്നത്. ആലിയാ ബീഗം എന്ന പത്താംക്ലാസുകാരിയാണ് കൊല്ലപ്പെട്ടത്.
ആലിയ ബീഗത്തിന്‍റെ പിതാവ് ഇസ്മായിൽ അയൽക്കാരന്‍റെ വീടിനു സമീപം മൂത്രമൊഴിക്കുമായിരുന്നു. ഇത് അയൽക്കാരായ കൊല്ലൂരി വീര റെഡ്ഡിയും കൊനിയാല വിജയ റെഡ്ഡിയും ചോദ്യം ചെയ്യുകയും തുടർന്ന് വഴക്കുണ്ടാവുകയും ചെയ്തു. വഴക്കിൽ ഇടപെട്ട ആലിയ ബീഗത്തിനെ പ്രതികൾ അടിക്കുകയും വലിയ കല്ലുകൊണ്ട് എറിയുകയും ചെയ്തു. സാരമായി പരിക്കേറ്റ ആലിയയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അഞ്ച് ദിവസത്തിനു ശേഷം കുട്ടി മരിക്കുകയാണുണ്ടായത്.
വ്യത്യസ്ത സമുദായത്തിലുള്ളവർ ഇടകലർന്ന് താമസിക്കുന്ന മേഖലയാണ് ഇവരുടേത്. ഈ പ്രശ്നത്തിനു മുമ്പു വരെ ഇരുകുടുംബങ്ങളും രമ്യതയിലായിരുന്നുവെന്നും വർഗീയപരമായി യാതൊരു പ്രശ്നവും ഇവിടെയുണ്ടായിട്ടില്ലെന്നും ആലിയയുടെ അമ്മ ഷഹീൻ ബീ പറഞ്ഞു. ആരുടെയും സമ്മർദം ഞങ്ങളുടെ മേൽ ഇല്ല, രണ്ട് പ്രതികളും മദ്യപിച്ചിരുന്നു, എന്‍റെ മകളെ ആക്രമിക്കാൻ അവർക്കവകാശമില്ല, കുറ്റവാളികൾക്ക് കഠിനമായ ശിക്ഷ ലഭിക്കണം -അമ്മ പറഞ്ഞു. സംഭവത്തിൽ സ്വയം പഴിചാരുകയാണ് പിതാവ് ഇസ്മായിൽ. പത്താം ക്ലാസുകാരി ആലിയയിൽ കുടുംബത്തിനു വലിയ പ്രതീക്ഷയായിരുന്നു. സ്ഥിതിഗതി ശാന്തമാണെന്നും മരിച്ച കുട്ടിയുടെ കുടുംബത്തിന് പൂർണ പിന്തുണ നൽകുന്നതായും പൊലീസ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.