കുംഭമേളക്കിടെ ബോട്ടുടമക്ക് 30 കോടി രൂപ വരുമാനമുണ്ടായെന്ന അവകാശവാദവുമായി യോഗി ആദിത്യനാഥ്
text_fieldsലഖ്നോ: കുംഭമേളക്കിടെ ബോട്ടുടമക്ക് 30 കോടി രൂപ വരുമാനമുണ്ടായെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 45 ദിവസങ്ങൾ കൊണ്ടാണ് ഇയാൾക്ക് ഇത്രയും വരുമാനമുണ്ടായതെന്നും യോഗി പറഞ്ഞു. ഇയാൾക്ക് 130 ബോട്ടുകളാണ് ഉണ്ടായിരുന്നത്. ഇവയിൽ നിന്നും 23 ലക്ഷം രൂപ പ്രതിദിന ലാഭം ഉടമക്ക് ഉണ്ടായെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ബജറ്റ് ചർച്ചക്കിടെയാണ് യോഗി ആദിത്യനാഥിന്റെ പരാമർശം. മഹാകുംഭമേള സാമ്പത്തിക മേഖലയെ എങ്ങനെ സ്വാധീനിച്ചുവെന്നതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു യോഗി. ജാതിമതഭേദമന്യേ 100 രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ കുംഭമേളയിൽ പങ്കെടുത്തുവെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, കുംഭമേളയിൽ വിവേചനമുണ്ടായെന്ന വാർത്തകൾ യോഗി തള്ളി. പ്രതിപക്ഷത്തിന്റെ വ്യാജ പ്രചാരണങ്ങൾ വിശ്വാസികളെ ഒരു തരത്തിലും സ്വാധീനിച്ചില്ല. 66 കോടി ഭക്തർ കുംഭമേളയിലെത്തി സ്നാനം ചെയ്തുവെന്നും യോഗി ആദിത്യനാഥ് അവകാശപ്പെട്ടു.
കോൺഗ്രസിന് കുംഭമേളയിൽ ഭക്തരെത്തുന്നത് കേവലം രാഷ്ട്രീയം മാത്രമാണ്. ഞങ്ങളെ സംബന്ധിച്ചടുത്തോളം ഇത് വിശ്വാസവും സംസ്കാരവുമാണ്. അതുകൊണ്ടാണ് ജനങ്ങൾ ഞങ്ങളുടെ സർക്കാറിനെ വിശ്വസിക്കുന്നത്. യു.പി സമ്പദ്‍വ്യവസ്ഥയിലേക്ക് കുംഭമേള 3.5 ലക്ഷം കോടി രൂപ സംഭാവന ചെയ്തുവെന്നും യോഗി അവകാശപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.