പ്രഫസറെ പുറത്താക്കാൻ ഹണിട്രാപ്, ജാതി അധിക്ഷേപം: ക്രിസ് ഗോപാലകൃഷ്ണനെതിരെ കേസ്
text_fieldsബംഗളൂരു: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്സി) പ്രഫസർ ഡി. സന്ന ദുർഗപ്പയെ സർവിസിൽനിന്ന് പുറത്താക്കാൻ ‘ഹണിട്രാപ്’ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിൽ ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ ഉൾപ്പെടെ 18 പേർക്കെതിരെ പട്ടികജാതി/വർഗ അതിക്രമങ്ങൾ തടയൽ നിയമപ്രകാരം കേസ്.
സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് സദാശിവ നഗർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. ഐ.ഐ.എസ്സിലെ ‘സെൻറർ ഫോർ സസ്റ്റയിനബ്ൾ ടെക്നോളജി’യിൽ അധ്യാപകനായിരുന്ന തന്നെ പുറത്താക്കാൻ ഹണി ട്രാപ്പ് കേസിൽ ഉൾപ്പെടുത്തിയെന്നാരോപിച്ചാണ് ആദിവാസി വിഭാഗത്തിൽപെട്ട ദുർഗപ്പ പരാതി നൽകിയത്. 2014ൽ പരാതിക്കാരനെ കേസിൽ കുടുക്കി പിന്നീട് സർവിസിൽനിന്ന് പിരിച്ചുവിട്ടെന്നാണ് ആരോപണം.
ജാതീയമായ അധിക്ഷേപത്തിനും ഭീഷണിക്കും വിധേയനായെന്നും ദുർഗപ്പ പരാതിയിൽ പറഞ്ഞു. ഐ.ഐ.എസ്സി ബോർഡ് ഓഫ് ട്രസ്റ്റീസ് അംഗമാണ് ഗോപാലകൃഷ്ണൻ. ഐ.ഐ.എസ്സി ഡയറക്ടർ ഗോവിന്ദൻ രംഗരാജൻ, മുൻ ഡയറക്ടർ പി. ബലറാം, രജിസ്ട്രാർ ശ്രീധർ വാരിയർ, അധ്യാപകരായ സന്ധ്യ വിശ്വേശരയ്യ, ഹരി കെ.വി.എസ്, ദാസപ്പ, ഹേമലത മിഹിഷി, കെ. ചതോപധ്യായ, പ്രദീപ് ഡി.സവ്കാർ, മനോഹരൻ തുടങ്ങിയവരാണ് കേസിലുൾപ്പെട്ട മറ്റുള്ളവർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.