ലൈംഗിക പീഡനം: ഗുസ്തി താരങ്ങളുടെ പരാതിയിൽ ബ്രിജ് ഭൂഷൺ സിങ്ങിനെതിരെ കേസെടുത്തു
text_fieldsന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷൻ (ഡബ്ല്യു.എഫ്.ഐ) മേധാവിയും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ഏഴ് വനിത ഗുസ്തി താരങ്ങൾ ഉന്നയിച്ച ലൈംഗിക പീഡന പരാതിയിൽ ഡൽഹി പൊലീസ് പോക്സോ നിയമം ഉൾപ്പെടെ രണ്ട് കേസെടുത്തു. ഡൽഹി പൊലീസിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, വെള്ളിയാഴ്ച തന്നെ കേസെടുക്കുമെന്ന് സുപ്രീംകോടതിയെ അറിയിച്ചിരുന്നു. അതേസമയം, രാജ്യ തലസ്ഥാനത്ത് ഗുസ്തി താരങ്ങളുടെ സമരം തുടരുകയാണ്.
സിങ്ങിനെതിരെ കേസെടുക്കാത്തതിനെതിരെ വനിത താരങ്ങൾ സമർപ്പിച്ച ഹരജിയിൽ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവരുടെ ബെഞ്ചാണ് വാദംകേട്ടത്. പരാതിക്കാർക്കെതിരായി ഉയർന്ന ഭീഷണി സംബന്ധിച്ച കാര്യങ്ങൾ അന്വേഷിക്കണമെന്ന് ഡൽഹി പൊലീസ് കമീഷണറോട് ബെഞ്ച് നിർദേശിച്ചു.
ഇവരിലുള്ള പ്രായപൂർത്തിയാകാത്ത ആൾക്ക് മതിയായ സുരക്ഷയും ഒരുക്കണം. കഴിഞ്ഞ ഞായർ മുതൽ താരങ്ങൾ ജന്തർമന്തറിൽ സമരത്തിലാണ്. പരാതിക്കാർക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആണ് ഹാജരായത്. മേയ് അഞ്ചിനാണ് അടുത്ത വാദം കേൾക്കൽ. അന്നോ അതിനുമുമ്പോ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ സുരക്ഷക്കായി സ്വീകരിച്ച നടപടികൾ കോടതിയെ സത്യവാങ്മൂലത്തിലൂടെ അറിയിക്കണമെന്ന് ബെഞ്ച് അറിയിച്ചു.
ഏഴു പരാതിക്കാർക്കും സംരക്ഷണം ഒരുക്കണമെന്ന് സിബൽ വാദിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടിക്ക് സുരക്ഷയൊരുക്കണമെന്ന് പ്രത്യേകം പറഞ്ഞത്, മറ്റു പരാതിക്കാർക്കുള്ള ഭീഷണി സംബന്ധിച്ച് തീരുമാനമെടുക്കുന്നതിൽനിന്ന് ഡൽഹി പൊലീസ് കമീഷണറെ വിലക്കുന്നില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. ലൈംഗിക പീഡന പരാതിയിൽ കേസെടുക്കും മുമ്പ് പ്രാഥമിക അന്വേഷണം നടത്തേണ്ടതുണ്ടെന്നായിരുന്നു ഏപ്രിൽ 26ന് ഡൽഹി പൊലീസ് സുപ്രീംകോടതിയെ അറിയിച്ചത്.
സിങ്ങിനെ അറസ്റ്റു ചെയ്യാതെ സമരം നിർത്തില്ലെന്ന കർശന നിലപാടിലാണ് ഗുസ്തി താരങ്ങൾ. ഡൽഹി പൊലീസ് തങ്ങളുടെ പരാതിയിൽ ചെറുവിരൽ അനക്കിയില്ലെന്ന് താരങ്ങൾ ആരോപിച്ചു. സിങ്ങും അയാളുടെ അനുയായികളും പലതവണ ലൈംഗികമായും മാനസികമായും ശാരീരികമായും പീഡനത്തിനിരയാക്കിയ ഇരകൾ ഒടുവിൽ ചെറുത്തുനിൽക്കാനുള്ള ധൈര്യം സംഭരിച്ച് പ്രതിഷേധവുമായി ഇറങ്ങിയിട്ടും ഒരു നടപടിയും പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല.
ഇത് പച്ചയായ മനുഷ്യാവകാശ ലംഘനമാണ്. മന്ത്രാലയം അന്വേഷണ സമിതിയെ നിയോഗിച്ചെങ്കിലും പ്രശ്നം പരിഹരിക്കാനുള്ള നടപടികളൊന്നും എടുത്തില്ല. സമിതി സിങ്ങിന് ക്ലീൻ ചിറ്റ് നൽകിയെന്നാണ് മനസ്സിലാക്കുന്നത്. സമിതി റിപ്പോർട്ട് ഇപ്പോഴും കായിക മന്ത്രാലയത്തിലാണ്. പലതവണ അഭ്യർഥിച്ചെങ്കിലും പൊതുജനത്തിന് ലഭ്യമാക്കുന്നില്ല.-പരാതിക്കാർ പറഞ്ഞു. ജന്തർ മന്തറിൽ സാക്ഷി മലിക്, വിനേഷ് ഫോഗട്ട്, ബജ്റങ് പൂനിയ തുടങ്ങിയ രാജ്യത്തിന്റെ അഭിമാന താരങ്ങളാണ് പോരാട്ടം തുടരുന്നത്.
ഇത് തങ്ങളുടെ വിജയത്തിന്റെ ആദ്യ പടിയാണെന്നും സമരം തുടരുമെന്നും ഗുസ്തി താരം സാക്ഷി മലിക് പ്രതികരിച്ചു. ഡൽഹി പൊലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് വിനേഷ് ഫോഗട്ട് പറഞ്ഞു. അവർ മിക്കവാറും ഒരു അഴകൊഴമ്പൻ കേസെടുക്കാനാണ് സാധ്യത. എന്താണ് നടക്കാൻപോകുന്നതെന്ന് നോക്കട്ടെ. എന്നിട്ട് തീരുമാനമെടുക്കും. ബ്രിജ് ഭൂഷൺ സിങ്ങിനെ എല്ലാ സ്ഥാനങ്ങളിൽനിന്നും പുറത്താക്കണം. അയാളെ ജയിലിൽ അടക്കണം. അല്ലെങ്കിൽ അയാൾ അന്വേഷണത്തെ സ്വാധീനിക്കും-വിനേഷ് തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.