കർഷകപ്രവാഹം തടയാൻ 'കണ്ടെയ്നർ കോട്ട' കെട്ടുന്നു
text_fieldsഡൽഹി പൊലീസിെൻറ കാവലിൽ കൂറ്റൻ ക്രെയിൻ ഉപയോഗിച്ച് കണ്ടെയ്നറുകൾ കൊണ്ടുവന്നിറക്കുേമ്പാൾ 'പൊലീസ് ക്യാമ്പ്' വലയംചെയ്ത് രോഷത്തോടെ മോദിക്ക് മുർദാബാദ് വിളിക്കുന്ന കർഷകർ. ഒാരോ കെണ്ടയ്നറും റോഡിൽ വീഴുേമ്പാഴും ആ ശബ്ദം മറികടന്ന് ആർത്തുവിളിക്കുകയാണവർ. ഇത്രയും തടസ്സങ്ങൾ റോഡിൽ തീർത്തിട്ടും മതിയാകാതെ കർഷകരെ തടയാൻ കെണ്ടയ്നറുകൾ കൊണ്ടിറക്കാൻ നാണമില്ലേ എന്ന് വിളിച്ചുചോദിക്കുന്നുണ്ട് പലരും.
കർഷകസമരം ശക്തിെപ്പടുത്താൻ നേതാക്കൾ ഉപവാസം പ്രഖ്യാപിച്ച തിങ്കളാഴ്ച, സമരസിരാകേന്ദ്രമായ സിംഘുവിലേക്ക് കണക്കുകൂട്ടലുകൾ തെറ്റിച്ച് പ്രക്ഷോഭകർ വന്നതോടെയാണ് ബാരിക്കേഡുകളും മുള്ളുവേലികളും മണ്ണുനിറച്ച ലോറികളും വിലങ്ങിട്ട് കർഷകരെ തടഞ്ഞ സിംഘുവിൽ കണ്ടെയ്നറുകൾകൂടി ഇറക്കി ഡൽഹി പൊലീസ് കോട്ട കെട്ടിയത്.
ഉപവാസനാളിലെ കർഷകപ്രവാഹം
കടുത്ത തണുപ്പ് അവഗണിച്ച് ഉപവസിക്കുന്ന പഞ്ചാബിലെ കർഷകനേതാക്കേളാട് െഎക്യദാർഢ്യം പ്രഖ്യാപിച്ച് ട്രോളി ട്രാക്ടറുകളിൽ ഒഴുകിവന്നവരുടെ പ്രവാഹത്തിൽ അതിർത്തി വീർപ്പുമുട്ടി. ആയിരങ്ങൾ ഒഴുകിയെത്തിയതോടെ ബാരിക്കേഡുകൾവെച്ച് ഡൽഹി പൊലീസ് നിർണയിച്ചുകൊടുത്ത അതിരുകൾ ഭേദിച്ചുതുടങ്ങി. സിംഘുവിൽനിന്ന് ഡൽഹിയിലേക്കുള്ള റോഡിലേക്ക് കൂടുതൽ സമരപ്പന്തലുകളും വേദികളും നീങ്ങിത്തുടങ്ങി. സമരക്കാർ പിന്നെയും മുന്നോട്ടുനീങ്ങുമെന്ന് കണ്ടതോടെ ഭീതിയിലായ പൊലീസ് കെണ്ടയ്നറുകൾ ഇറക്കി കോട്ടകെട്ടുന്നതാണ് പിന്നീട് കണ്ടത്. കർഷകപ്രവാഹത്തെ നേരിടാനാകാതെ കുഴങ്ങുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഡൽഹി െപാലീസ്.
മുഖാമുഖം നിഹാംഗുകൾ
കർഷകരെ തടയാനാണ് ജി.ടി കർണാൽ റോഡിൽ ഡൽഹി പൊലീസ് ക്യാമ്പ് ചെയ്യുന്നതിനു ചുറ്റും ഇരുമ്പ് ബാരിക്കേഡുകളും അതിനു മുകളിൽ മുള്ളുവേലികളും സ്ഥാപിച്ചത്. ഇവ പരസ്പരം ബന്ധിച്ച് സമരക്കാരെ നേരിടാൻ സിംഘുവിൽ ക്യാമ്പ് ചെയ്തിരിക്കുകയായിരുന്നു പൊലീസ്.
അതിനിടയിലാണ് കർഷകരുടെ സുരക്ഷ ഉറപ്പുവരുത്താൻ സിഖുകാരുടെ മാർഷൽ വിഭാഗമായ നിഹാംഗുകൾ സായുധരായി സമരഭൂമിയിലെത്തി ഡൽഹി പൊലീസിന് മുഖാമുഖം ക്യാമ്പ് െചയ്തത്.
പഞ്ചാബിൽനിന്ന് കുതിരപ്പുറത്തേറി വന്ന നിഹാംഗുകൾ ഡൽഹി പൊലീസ് ക്യാമ്പ് ചെയ്യുന്നതിന് അഭിമുഖമായി ടെൻറുകൾ കെട്ടി ബാരിക്കേഡുകളിൽ തങ്ങളുടെ കുതിരകളെ ബന്ധിച്ച് അവിടം കുതിരാലയവുമാക്കി.
പല ദിവസങ്ങളിലും സായുധാഭ്യാസങ്ങളും നടത്തിയതോടെ പൊലീസ് അതിനിപ്പുറത്ത് മൂന്നു നിരയിൽ കോൺക്രീറ്റ് ബാരിക്കേഡുകൾ ക്രെയിനുകൾ കൊണ്ടുവന്നിറക്കി അവ പരസ്പരം ചങ്ങളലകളിട്ട് ബന്ധിച്ചു.
അതുംപോരാഞ്ഞ് നിഹാംഗുകളുെട ഭാഗത്ത് ട്രക്കുകളിൽ മണ്ണുനിറച്ച് അവ റോഡിന് വിലങ്ങിടുകയും ചെയ്തു. അതുകൊണ്ടും കർഷകരെ തടയാനാവില്ലെന്ന തോന്നലിലാണ് കണ്ടെയ്നറുകളിറക്കി കോട്ട കെട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.