മണിപ്പൂരിൽ സംഘർഷത്തിനിടെ ബി.ജെ.പി ഓഫീസുകൾ തകർത്തു
text_fieldsന്യൂഡൽഹി: മണിപ്പൂരിൽ ദിവസങ്ങളായി നിലനിൽക്കുന്ന സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെ നിരവധി പേർക്ക് പരിക്കേറ്റു. ബി.ജെ.പി ഓഫീസുകൾക്ക് നേരെയും നേതാക്കളുടെ വീടുകൾക്ക് നേരെയും അക്രമമുണ്ടായി. മണിപ്പൂരിലെ ബി.ജെ.പി പ്രസിഡന്റ് എ.ശ്രദ്ധ ദേവിയുടെ വീട് ആക്രമിക്കാൻ ശ്രമമുണ്ടായെങ്കിലും സൈന്യവും അർധ സൈനിക വിഭാഗങ്ങളും റാപ്പിഡ് ആക്ഷൻ ഫോഴ്സും ചേർന്ന് ഇത് തടഞ്ഞു. എം.എൽ.എ ബിശ്വജിത്ത് സിങ്ങിന്റെ വീട് തകർക്കാനും ശ്രമമുണ്ടായി.
സിൻജെമൈ, തോൻഗ്ജു, ഇംഫാൽ വെസ്റ്റ് എന്നിവിടങ്ങളിലെ ബി.ജെ.പി ഓഫീസുകൾ നേരെ ആക്രമണമുണ്ടായി. ഇതിൽ തോൻഗ്ജുവിലെ ആക്രമണത്തിൽ ബി.ജെ.പി ഓഫീസിന് കാര്യമായ നഷ്ടമുണ്ടായിട്ടില്ല. പൊലീസ് സ്റ്റേഷനിൽ കൊള്ള നടത്താനുള്ള ശ്രമം അക്രമകാരികൾ നടത്തിയെങ്കിലും സുരക്ഷാസേന ഇത് വിഫലമാക്കി.
കഴിഞ്ഞ ദിവസം നടന്ന അക്രമസംഭവങ്ങളിൽ രണ്ട് പേർക്ക് പരിക്കേറ്റുവെന്ന് ഇംഫാലിലെ സീനിയർ പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. നേരത്തെ മണിപ്പൂരിൽ സംഘർഷത്തിനിടെ കേന്ദ്രമന്ത്രിയുടെ വീടും അക്രമത്തിനിരയായിരുന്നു. ഏതാനും ദിവസം മുമ്പ് സംസ്ഥാനത്തെ ഏക വനിത മന്ത്രിയും കുക്കി വിഭാഗക്കാരിയുമായ നെംച കിപ്ഹെനിന്റെ വീടിനും തീയിട്ടിരുന്നു. മേയ് മൂന്നിന് ആരംഭിച്ച കലാപത്തിൽ ഔദ്യോഗികമായി 120ലേറെ പേർ കൊല്ലപ്പെട്ടു. 70000ത്തിലേറെ പേർ പലായനം ചെയ്തു. അടുത്ത ദിവസം മെയ്തേയ് വിഭാഗം കുക്കി ഗ്രാമങ്ങൾ ആക്രമിച്ചേക്കുമെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.