അശോകസ്തംഭത്തിന്‍റെ വികലപകർപ്പ് പ്രതിനിധീകരിക്കുന്നത് മോദിയുടെ ഇന്ത്യയെ - എം.എ. ബേബി
text_fieldsപുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത അശോകസ്തംഭത്തിന്‍റെ വികലപകർപ്പ് പ്രതിനിധീകരിക്കുന്നത് മോദിയുടെ ഇന്ത്യയെയാണെന്ന് സി.പി.എം പൊളിറ്റ്ബ്യുറോ അംഗം എം.എ. ബേബി.
ജനാധിപത്യവാദികളും പ്രതിഭാധനരുമായ ഇന്ത്യൻ സ്വാതന്ത്ര്യസമരനായകർ നിശ്ചയിച്ച ഇന്ത്യയുടെ ചിഹ്നം അല്ലിത്. കലാചാതുരിയില്ലാത്ത ഈ വികലശില്പം, അതിശക്തരായിരിക്കെതന്നെ ശാന്തരായി ഇരിക്കുന്ന മൂന്നു സിംഹങ്ങളുടെ സ്ഥാനത്ത്, ദുഷ്ടതയും ക്രൗര്യവും വെളിപ്പെടുത്തുന്ന തുറിച്ച പല്ലുകളുമായി നില്ക്കുന്ന ദുഷ്ടമൃഗങ്ങളെ പ്രതിഷ്ഠിച്ചിരിക്കുന്നു.
അർത്ഥവത്തായ അശോകസ്തംഭത്തെയും ഇന്ത്യയുടെ അടയാളത്തെയും മോദി അപമാനിക്കുകയാണ്.
സ്വേച്ഛാധിപത്യവും ഹിംസയും കലയെ ഉല്പാദിപ്പിക്കില്ല. മനുഷ്യപ്രതിഭയുടെ സ്വച്ഛസ്വാതന്ത്ര്യമേ കലയുടെ പ്രസൂതികളാവൂ എന്നത് ആർ.എസ്.എസുകാർക്ക് മനസ്സിലാവുന്ന കാര്യമല്ല. ഇന്ത്യൻ പാർലമെന്റിനുമുകളിൽ പ്രതിഷ്ഠിച്ച ഈ വികലസൃഷ്ടി മോദിയുടെ ഭരണത്തെ പ്രതിനിധീകരിക്കും, ഇന്ത്യയുടെ ജനാഭിപ്രായത്തെ വെല്ലുവിളിക്കും. അതിനാൽ കഴിയും വേഗം ഈ വൈകൃതം നമ്മുടെ പാർലമെന്റിന് മുകളിൽ നിന്ന് എടുത്തു മാറ്റണം -എം.എ. ബേബി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.