'ഇത് സ്വപ്ന സാക്ഷാത്കാരം' - നോയിഡയിലെ ഇരട്ട ടവറുകൾ പൊളിക്കാൻ അവസരം ലഭിച്ച ബ്ലാസ്റ്റർ
text_fieldsനോയിഡ: നോയിഡയിലെ സൂപ്പർടെക്കിന്റെ ഇരട്ട ടവറുകൾ പൊളിക്കാനുള്ള അവസരം സ്വപ്നസാക്ഷാത്കാരമാണെന്ന് ടവർ പൊളിക്കാനുള്ള റിമോർട്ട് ബട്ടൺ അമർത്താൻ അവസരം ലഭിച്ച ചേതൻ ദത്ത. ഇതൊരു സ്വപ്ന സാക്ഷാത്കാരമാണ്. ടവറുകൾ പൊളിക്കാൻ സുപ്രിം കോടതി ഉത്തരവിട്ടപ്പോൾ തന്നെ അതിനുള്ള അവസരം ലഭിക്കാനായി പ്രാർഥിച്ചിരുന്നു. ആഗ്രഹം പോലെ അവസരവും വന്നു ചേർന്നു -ഹരിയാനയിലെ ഹിസാറിൽ നിന്നുള്ള 49 കാരനായ ചേതൻ ദത്ത പറഞ്ഞു.
ടവറുകൾ പൊളിക്കുന്നതിന് ചുമതലപ്പെടുത്തിയിരിക്കുന്ന എഡിഫൈസ് എഞ്ചിനീയറിംഗ് ആണ് ഇദ്ദേഹത്തെ ബ്ലാസ്റ്ററായി പ്രവർത്തിക്കാനായി സമീപിച്ചത്. കെട്ടിടങ്ങൾ പൊളിക്കുന്ന സ്ഥാപനം നടത്തുകയാണ് ചേതൻ ദത്ത.
'കെട്ടിടം പൊളിക്കണമെന്ന സുപ്രീം കോടതിയുടെ വിധി വന്നപ്പോൾ, എനിക്ക് അവസരം നൽകണമെന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു. മാസങ്ങൾക്ക് ശേഷം തെരഞ്ഞെടുക്കപ്പെടുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. സ്‌ഫോടകവസ്തുക്കൾ നിറക്കുന്നതിനായി ജൂലൈയിൽ എഡിഫൈസ് എന്നെയും എന്റെ സ്ഥാപനത്തെയും സമീപിച്ചു' - ദത്ത പറയുന്നു.
കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ, കെട്ടിടത്തിൽ സ്ഫോടകവസ്തുക്കൾ വളരെ ശ്രദ്ധാപൂർവ്വം കയറ്റി. കെട്ടിടം പൊളിക്കാൻ തയാറായിക്കഴിഞ്ഞുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നോയിഡയിലെ സെക്ടർ 93 എയിലെ ഏകദേശം 100 മീറ്റർ ഉയരമുള്ള അപെക്‌സ്, സെയാൻ ടവറുകൾ ആഗസ്റ്റ് 28 ന് ഉച്ചകഴിഞ്ഞ് 2.30 നാണ് പൊളിക്കുക. കുത്തബ് മിനാറിനേക്കാൾ ഉയരമുണ്ട് ഇവക്ക്. കെട്ടിട നിർമാണ മാനദണ്ഡങ്ങൾ ലംഘിച്ചതിന് ടവറുകൾ പൊളിക്കാൻ കഴിഞ്ഞ വർഷം ആഗസ്റ്റ് 31 നാണ് സുപ്രിം കോടതി ഉത്തരവിട്ടത്.
ചേതൻ ദത്ത പൊളിക്കുന്ന ആദ്യത്തെ റെസിഡൻഷ്യൽ ടവറാണിത്. 2002 മുതൽ കെട്ടിടങ്ങൾ പൊളിക്കുന്ന ബിസിനസാണ് ചെയ്യുന്നത്. താപവൈദ്യുത നിലയങ്ങൾ, ഖനികൾ, മറ്റ് ഘടനകൾ എന്നിവ പൊളിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കെട്ടിടം പൊളിക്കുന്നത് വിജയകരവും സുരക്ഷിതവുമായ രീതിയിൽ നടക്കുമെന്ന് വിശ്വാസമുണ്ട്. അതിനായി ധാരാളം തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. അപകാതയില്ലാതിരിക്കാൻ എല്ലാ ചെറിയ കാര്യങ്ങളും ശ്രദ്ധിച്ചിട്ടുണ്ട്. 3700 കിലോയിലധികം സ്‌ഫോടക വസ്തുക്കളാണ് ഇരട്ട ഗോപുരങ്ങൾ തകർക്കാൻ ഉപയോഗിക്കുന്നത്. സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുകയും സമീപത്തെ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കുകയും ചെയ്യുക എന്നതാണ് പ്രധാന ദൗത്യം.
സ്‌ഫോടകവസ്തുക്കൾ നിറച്ച ശേഷം മൂന്ന് തവണ പരിശോധന നടത്തി. കെട്ടിടം പൊളിക്കുമ്പോൾ ചിതറുന്ന അവശിഷ്ടങ്ങളാണ് പ്രധാന ആശങ്ക. അത് തടയാൻ സ്‌ഫോടനം നടത്തുന്ന സ്ഥലത്ത് നാല് പാളി ഇരുമ്പ് മെഷും രണ്ട് പാളി തുണികളും കൊണ്ട് മൂടിയിട്ടുണ്ട്. ഒരു അവശിഷ്ടങ്ങളും തെറിച്ചുപോകില്ല, പക്ഷേ പൊടിപടലമുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.
കെട്ടിടത്തിൽ നിന്ന് ഏകദേശം 50-70 മീറ്റർ അകലെ നിന്നാണ് ബട്ടൺ അമർത്തുക. കെട്ടിടം പൊളിക്കൽ ലളിതമായ പ്രക്രിയയാണ്. ഡൈനാമോയിൽ നിന്ന് കറന്റ് ഉണ്ടാക്കുകയും അതോടൊപ്പം റിമോർട്ട് ബട്ടൺ അമർത്തുകയും ചെയ്യും. ബട്ടൺ അമർത്തുമ്പോൾ 9 സെക്കൻഡിനുള്ളിൽ എല്ലാ ഷോക്ക് ട്യൂബുകളിലും ഡിറ്റണേറ്ററുകൾ ജ്വലിക്കും. ഇതോടെ സ്ഫോടനം നടന്ന് കെട്ടിടം തകരും.
ഇരട്ട ഗോപുരങ്ങളോട് ഏറ്റവും അടുത്തുള്ള രണ്ട് സൊസൈറ്റികളായ എമറാൾഡ് കോർട്ടിലെയും എ.ടി.എസ് വില്ലേജിലെയും 5,000-ത്തിലധികം താമസക്കാരെ ഞായറാഴ്ച രാവിലെ 7 മണിയോടെ ഒഴിപ്പിക്കും. അവരുടെ ഉടമസ്ഥതയിലുള്ള 2,700 വാഹനങ്ങളും പരിസരത്ത് നിന്ന് നീക്കും. വളർത്തുമൃഗങ്ങളെയും മാറ്റും.
ഇരട്ട ഗോപുരങ്ങൾക്ക് ചുറ്റുമുള്ള 500 മീറ്റർ എക്‌സ്‌ക്ലൂഷൻ സോണായി പ്രഖ്യാപിക്കും. അവിടെ കെട്ടിടങ്ങൾ പൊളിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന ടീമൊഴികെ മനുഷ്യരെയോ മൃഗങ്ങളെയോ അനുവദിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.