സിംഘുവിലെ സമരഭൂമിയിൽ ദുരൂഹ തീപിടിത്തം തമ്പും ട്രോളിയും കത്തിനശിച്ചു; ആളപായമില്ല
text_fieldsന്യൂഡൽഹി: കർഷക സമരത്തിെൻറ പ്രഭവകേന്ദ്രമായ സിംഘു അതിർത്തിയിൽ ദുരൂഹ സാഹചര്യത്തിലുണ്ടായ തീപിടിത്തത്തിൽ ഒരു തമ്പും ട്രോളിയും പൂർണമായി കത്തിനശിച്ചു. നാലോളം ട്രോളികൾക്ക് നാശനഷ്ടവുമുണ്ടായെങ്കിലും ആളപായമില്ല. ശനിയാഴ്ച വൈകീട്ട് നാലിനാണ് സംഭവം. ഷോർട്ട് സർക്യൂട്ട് അല്ല കാരണമെന്നും തീപിടിത്തത്തെ കുറിച്ച് അന്വേഷണം നടത്തണമെന്നും സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെട്ടു.
കർഷക സമരം പാർലമെൻറിന് മുന്നിലേക്ക് കൂടി വ്യാപിപ്പിക്കുകയും വർഷകാലസമ്മേളനത്തിന് സമാന്തരമായി ബദൽ പാർലമെൻറും നടത്തിവരുന്നതിനിടയിലാണ് സിംഘുവിലെ ദുരൂഹ തീപിടിത്തം. ശനിയാഴ്ച പാർലമെൻറ് സമ്മേളനം ഇല്ലാതിരുന്നതിനാൽ ജന്തർ മന്തറിലെ കർഷക പാർലമെൻറുമുണ്ടായിരുന്നില്ല. കർഷകർ സിംഘു, ടിക്രി, ഗാസിയാബാദ് അതിർത്തികളിൽ തന്നെയായിരുന്നു.
കനത്ത മഴയിലും ഏറെ പ്രയാസകരമായ സാഹചര്യത്തിൽ സമരവുമായി മുന്നോട്ടുപോകുന്നതിനിടയിൽ ബോധപൂർവം തീവെച്ചതാണെന്ന് കർഷകർ ആരോപിച്ചു. തമ്പുകൾക്കും ട്രോളികൾക്കും തീവെച്ച് സമരത്തിൽ നിന്ന് പിന്തിരിപ്പിക്കാനാവില്ലെന്നും എത്ര തീപിടിത്തമുണ്ടായാലും വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ സമരഭൂമിയിൽ നിന്ന് പോകില്ലെന്നും സംയുക്ത സമരസമിതി വ്യക്തമാക്കി. സമരം അവസാനിപ്പിക്കാൻ സർക്കാർ ഇത്തരം നടപടിക്ക് മുതിരരുതെന്ന് സമിതി ആവശ്യപ്പെട്ടു.
മുളങ്കമ്പും താർപായ കൊണ്ടുമുണ്ടാക്കിയ തമ്പിനാണ് ആദ്യം തീപിടിച്ചത്. ലങ്കറുകൾക്കടുത്തുള്ള തമ്പായതിനാൽ തീ പടരുമെന്ന കണക്കുകൂട്ടലിൽ ചെയ്തതെന്നാണ് കർഷകരുടെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.