ആന്ധ്രയിൽ നാലംഗ മുസ്ലിം കുടുംബം ജീവനൊടുക്കിയത് പൊലീസ് പീഡിപ്പിക്കുന്നെന്ന് വിഡിയോ സന്ദേശമിട്ട ശേഷം
text_fieldsകുർണൂൽ: ഒരാഴ്ച മുമ്പ് ആന്ധ്രപ്രദേശിലെ കുർണൂലിൽ നാലംഗ മുസ്ലിം കുടുംബം ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിന് പിന്നിൽ പൊലീസ് പീഡനമെന്ന് ആരോപണം. ഓട്ടോ ഡ്രൈവറായ അബ്ദുൽ സലാമും ഭാര്യയും രണ്ട് മക്കളുമാണ് പന്യം റെയിൽവേ സ്റ്റേഷനടുത്ത് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയത്. ഈമാസം മൂന്നിനായിരുന്നു സംഭവം.
പൊലീസ് കള്ളക്കേസിൽ കുടുക്കി തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതിനെ തുടർന്ന് ജീവനൊടുക്കുകയാണെന്ന് സലാം കരഞ്ഞു പറയുന്ന വിഡിയോ ബന്ധുക്കൾ പുറത്തുവിട്ടതോടെയാണ് സംഭവം വിവാദമായത്. വിഷയം പ്രതിപക്ഷമായ തെലുഗുദേശം പാർട്ടി ഏറ്റെടുത്തതോടെ സമ്മർദ്ദത്തിലായ വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി സർക്കാർ കുറ്റാരോപിതരായ രണ്ട് പൊലീസുകാരെ അറസ്റ്റിലാക്കിയ ശേഷം സസ്പെൻഡ് ചെയ്തു.
നന്ത്യാൽ ടൗൺ പൊലീസ് ഇൻസ്പെക്ടർ സോമശേഖർ റെഡ്ഡിയും കോൺസ്റ്റബിൾ ഗംഗാധറുമാണ് സലാം (45), ഭാര്യ നൂർജഹാൻ (38), മക്കളായ സൽമ (14), കലന്ദർ (10) എന്നിവരുടെ മരണത്തിന് കാരണക്കാരെന്നാണ് ആരോപണം. ഓട്ടോ ഡ്രൈവറാകും മുമ്പ് സലാം രാജ്കുന്തയിലെഒരു ജ്വല്ലറിയിൽ ജോലി ചെയ്തിരുന്നു. അവിടെ നിന്ന് മൂന്ന് കിലോ സ്വർണം കാണാതായ സംഭവത്തിൽ പൊലീസ് സലാമിനെയും അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യം കിട്ടി. കഴിഞ്ഞയാഴ്ച ഓട്ടോയിൽ വെച്ച് സലാം 70,000 രൂപ കവർന്നെന്ന ഒരു യാത്രക്കാരൻ്റെ പരാതിയെ തുടർന്ന് പൊലീസ് വീണ്ടും സലാമിനെ കസ്റ്റഡിയിലെടുത്തു. രണ്ട് സംഭവങ്ങളിലും പൊലീസ് നിരപരാധിയായ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് സലാം വിഡിയോയിൽ പറയുന്നത്.
''ഞാനൊരു തെറ്റും ചെയ്തിട്ടില്ല. മറ്റൊരാളുടെ സ്വത്ത് അപഹരിക്കേണ്ട കാര്യം എനിക്കില്ല. ഈ പീഡനം സഹിക്കാനാകുന്നില്ല. ഞങ്ങളെ സഹായിക്കാൻ ആരുമില്ല. മരണത്തിന് മാത്രമേ ഇതിൽ നിന്ന് ഞങ്ങളെ രക്ഷിക്കാനാകൂ" - വിഡിയോയിൽ സലാം കണ്ണീരോടെ പറയുന്നു. "ചലോ നന്ത്യാൽ " റാലി അടക്കം പ്രതിപക്ഷ പ്രക്ഷോഭം ശക്തമായപ്പോൾ കുറ്റാരോപിതരായ പൊലീസുകാരെ അറസ്റ്റ് ചെയ്തു. ഇരുവരെയും സസ്പെൻഡും ചെയ്തു. വിശദമായ അന്വേഷണത്തിന് ഐ.ജി.പി എസ്.ബി. ബാഗ്ചി, മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ ആരിഫ് ഹഫീസ് എന്നിവരെ ചുമതലപ്പെടുത്തിയതായി ഡി.ജി.പി ഗൗതം സവാംഗ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.