തെലുഗുദേശത്തിന്റെ ഗംഭീര തിരിച്ചുവരവ്; ഒലിച്ചുപോയി വൈ.എസ്.ആർ കോൺഗ്രസ്
text_fieldsഅമരാവതി: ആന്ധ്രപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ തെലുഗുദേശം പാർട്ടി (ടി.ഡി.പി) നേതാവ് ചന്ദ്രബാബു നായിഡു ഗംഭീര ജയവുമായി അധികാരത്തിലേക്ക്. 175 അംഗ സഭയിൽ ടി.ഡി.പി165 സീറ്റുകളിലാണ് ജയിച്ചത്. മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ വൈ.എസ്.ആർ കോൺഗ്രസിനെ തുടച്ചുനീക്കിയാണ് എൻ.ഡി.എ സഖ്യത്തിൽ ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായി വീണ്ടും തിരിച്ചുവരുന്നത്.
കഴിഞ്ഞ തവണ വൻ ഭൂരിപക്ഷത്തിൽ ജഗൻമോഹൻ റെഡ്ഡി അധികാരത്തിൽ വന്നതുപോലെയാണ് ടി.ഡി.പിയുടെ തിരിച്ചുവരവ്. ഇത്തവണ വൈ.എസ്.ആർ കോൺഗ്രസിന് 10 ഇടത്തുമാത്രമാണ് ജയിക്കാനായത്. 2019ൽ വൈ.എസ്.ആർ കോൺഗ്രസ് 151 മണ്ഡലങ്ങളിലാണ് ജയിച്ചത്. തെലുഗുദേശം 23 ഇടത്തും ജയിച്ചു.
ജഗന്റെ സഹോദരി വൈ.എസ്. ശർമിളയെ കളത്തിലിറക്കി ദീർഘകാല ലക്ഷ്യവുമായി പോരാട്ടത്തിനിറങ്ങിയ കോൺഗ്രസ് അട്ടിമറിയൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ജനരോഷത്തിൽ വൈ.എസ്.ആർ.സി.പിയുടെ മുതിർന്ന മന്ത്രിമാരടക്കം തോറ്റു. കുപ്പത്തുനിന്ന് ചന്ദ്രബാബു നായിഡുവും മംഗളഗിരിയിൽനിന്ന് മകൻ ലോകേഷും പിത്തപുരത്ത് പവൻ കല്യാണും വൻ ഭൂരിപക്ഷത്തിൽ ജയിച്ചു. 144 മണ്ഡലങ്ങളിലാണ് ടി.ഡി.പി മത്സരിച്ചത്. 21 ഇടത്ത് ജനസേനയും 10 സീറ്റുകളിൽ ബി.ജെ.പിയും മത്സരിച്ചു. ചന്ദ്രബാബു നായിഡു ജൂൺ ഒമ്പതിന് അമരാവതിയിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
2019ൽ ജനസേന ഒരു സീറ്റാണ് നേടിയത്. കോൺഗ്രസ്, ബി.ജെ.പി, സി.പി.ഐ, സി.പി.എം പാർട്ടികൾക്ക് ഒരിടത്തും ജയിക്കാനായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.