'അവൻ മഹാനായ മകൻ, അവനുപകരം എെൻറ ജീവൻ എടുത്തിരുന്നെങ്കിൽ...'- കണ്ണീരോടെ ക്യാപ്റ്റൻ സാഥേയുടെ മാതാവ്
text_fieldsനാഗ്പുർ: 'അവൻ മഹാനായ മകനാണ്. മറ്റുള്ളവർക്ക് സഹായമെത്തിക്കാൻ എപ്പോഴും മുൻനിരയിലുണ്ടാകുമായിരുന്നു. രാജ്യത്തിനുവേണ്ടിയാണ് അവൻ സ്വന്തം ജീവൻ ബലിയർപ്പിച്ചത്'- കരിപ്പൂർ വിമാന ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ പൈലറ്റ് ക്യാപ്റ്റൻ ദീപക് വസന്ത് സാഥേയെ കുറിച്ച് പറയുേമ്പാൾ മാതാവ് നീല സാഥേയുടെ വാക്കുകളിൽ അഭിമാനം നിറയുന്നു.
'അഹമ്മദാബാദ് പ്രളയത്തിെൻറ സമയത്ത് സൈനികരുടെ മക്കളെ സ്വന്തം കൈകളിൽ കോരിയെടുത്ത് ദീപക് രക്ഷപ്പെടുത്തിയത് ഇന്നും ഓർമ്മയുണ്ട്. ചെറുപ്പം മുതൽ മറ്റുള്ളവരെ സഹായിക്കാൻ ഒന്നാമതെത്തിയിരുന്നു അവൻ. അവെൻറ അധ്യാപകർ ഇന്നും അതോർക്കുകയും അഭിനന്ദിക്കുകയും ചെയ്യാറുണ്ട്. അവനു പകരം എെൻറ ജീവൻ ദൈവം എടുത്തിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു'- കരച്ചിൽ അടക്കാനാകാതെ നീല സാഥേ വാർത്ത ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.
മഹാരാഷ്ട്രയിലെ നാഗ്പുർ സ്വദേശികളായ റിട്ട. കേണൽ വസന്ത് സാഥേയുടെയും നീലയുടെയും മകനായ ദീപക് പരമാവധി ജീവനുകൾ രക്ഷിക്കാൻ ശ്രമിച്ചതിന് ശേഷമാണ് ജീവൻ വെടിഞ്ഞത്. വസന്ത്-നീല ദമ്പതികളുടെ രണ്ട് മക്കളും കർത്തവ്യനിർവഹണത്തിനിടെ ജീവൻ ബലിയർപ്പിക്കുകയായിരുന്നു. സൈനികനായിരുന്ന മൂത്ത മകൻ വികാസ് 1981ൽ ഡ്യൂട്ടിക്കിടെ ഫിറോസ്പുരിൽ നടന്ന അപകടത്തിലാണ് കൊല്ലപ്പെട്ടത്.
കരിപ്പൂർ വിമാന ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ പൈലറ്റ് ക്യാപ്റ്റൻ ദീപക് വസന്ത് സാഥേയുടെ മാതാപിതാക്കളായ റിട്ട. കേണൽ വസന്ത് സാഥേയുടെയും നീല സാഥേയും
കുറച്ചു ദിവസം മുമ്പാണ് നീലവും മകനും തമ്മിൽ അവസാനമായി ഫോണിൽ സംസാരിച്ചത്. ആ സംഭാഷണത്തിനിടെ കോവിഡ് കാലമായതിനാൽ പുറത്തുപോകരുതെന്ന് ദീപക് പലതവണ പറഞ്ഞ കാര്യവും നീല ഓർത്തെടുത്തു. 'എനിക്ക് എന്തെങ്കിലും സംഭവിക്കുമെന്ന ഭീതി കൊണ്ടാണ് അവനത് ആവർത്തിച്ചത്. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അവന് സഹിക്കാൻ കഴിയുമായിരുന്നില്ല. പിന്നെ ഈ വിയോഗം ഞാൻ എങ്ങിനെ സഹിക്കും?'- നീല കണ്ണീരോടെ പറയുന്നു.
30 വർഷം സൈനിക സേവനം നടത്തിയ പിതാവ് വസന്തിെൻറ പാത പിന്തുടർന്നാണ് ദീപകും മൂത്ത സഹോദരൻ വികാസും സൈന്യത്തിൽ ചേർന്നത്. എയർ ഇന്ത്യയിലെത്തും മുമ്പ്, വ്യോമസേനയിലെ വിദഗ്‍ധ വൈമാനികരിലൊരാളായിരുന്നു ദീപക് സാഥേ. 1981ൽ അദ്ദേഹം ഹൈദരാബാദ് എയര്‍ ഫോഴ്സ് അക്കാദമിയില്‍ നിന്ന് പുറത്തിറങ്ങിയത് സ്വോര്‍ഡ് ഓഫ് ഓണര്‍ ബഹുമതി സ്വന്തമാക്കിയാണ്. വ്യോമസേനയിലെ സേവനത്തിന് എട്ട് മെഡലുകളും തെൻറ മകൻ നേടിയിരുന്നെന്നും അഭിമാനത്തോടെ ആ മാതാവ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.