ശിവലിംഗത്തിന്റെ വോട്ടാണ് മോനേ വോട്ട്
text_fieldsതൊടുപുഴ: ഓരോ വോട്ടും വിലപ്പെട്ടതാണ് എന്ന സന്ദേശം നൽകുകയാണ് സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ നൂറടി ആദിവാസിക്കുടിയിലെ ശിവലിംഗത്തിന്റെ വോട്ട്. ഈ 92കാരന്റെ വോട്ടിന്റെ മൂല്യം അളക്കാൻ പോലുമാകില്ല. ഒമ്പതംഗ സംഘം കൊടുംകാട്ടിലൂടെ 18 കി.മീറ്ററിൽ അധികം നടന്ന് എത്തിയാണ് കിടപ്പുരോഗിയായ ശിവലിംഗത്തിന്റെ സമ്മതിദാനാവകാശം ബാലറ്റിലാക്കിയത്.
നൂറടിയിൽ 21ാം ബൂത്തിലെ 246ാം നമ്പർ വോട്ടറാണ് ശിവലിംഗം. അസന്നിഹിതർക്കുള്ള വോട്ടിന് നൽകിയ അപേക്ഷ ജില്ല തെരഞ്ഞെടുപ്പ് വിഭാഗം അംഗീകരിച്ച് ഒമ്പതംഗ സംഘത്തെ നിയോഗിച്ചതോടെയാണ് അപൂർവ വോട്ടിങ്ങിന് അവസരമുണ്ടായത്.
ബുധനാഴ്ച രാവിലെ ആറിന് മൂന്നാറിൽനിന്ന് പുറപ്പെട്ട ഉദ്യോഗസ്ഥര്‍ ഇരവികുളം ദേശീയ ഉദ്യാനം വഴി പെട്ടിമുടിയിലെത്തി. അവിടെനിന്ന് ഓഫ് റോഡ് സൗകര്യമുള്ള ജീപ്പുകളില്‍ ഇടമലക്കുടിക്കടുത്തുള്ള കേപ്പക്കാടെത്തി. തുടർന്ന് കാല്‍നട മാത്രമേ സാധ്യമാകൂ.
സ്പെഷല്‍ പോളിങ് ഓഫിസര്‍മാരായ മൂന്ന് സ്ത്രീകള്‍ അടങ്ങുന്ന സംഘം രാവിലെ എട്ടോടെ നടന്നുതുടങ്ങി. വനം വകുപ്പിന്റെ വാച്ചര്‍മാര്‍ ആനച്ചൂര് മനസ്സിലാക്കാന്‍ മുന്നില്‍ നടന്നു. ഒരാള്‍ക്ക് മാത്രം നടക്കാവുന്ന ഇടതൂര്‍ന്ന മരങ്ങള്‍ക്കിടയിലെ പാതകളായിരുന്നു. കൊടും വനത്തിലൂടെയുള്ള യാത്രയില്‍ ഇടക്കിടെ കാണുന്ന നാലോ അഞ്ചോ വീടുകളടങ്ങുന്ന കുടികളായിരുന്നു ഏക ആശ്വാസം.
പകല്‍സമയമായതിനാല്‍ പുരുഷന്മാരും സ്ത്രീകളുമെല്ലാം കൃഷിസ്ഥലത്താണ്. വീടുകളില്‍ കുട്ടികളും പ്രായമായവരും മാത്രം. അവരോട് കുശലം പറഞ്ഞും കാര്യങ്ങള്‍ ചോദിച്ചും സംഘം മുന്നോട്ട് നീങ്ങി. മരക്കമ്പുകൊണ്ടുള്ള താല്‍ക്കാലിക പാലങ്ങളില്‍ ഏറെ സാഹസികമായാണ് ഇവർ കയറിയത്.
വഴിനീളെ കണ്ട കാട്ടുപോത്തിന്റെ കാല്പാടുകൾ ഭയപ്പെടുത്തി. ചെങ്കുത്തായ കയറ്റങ്ങളില്‍ പരസ്പരം സഹായിച്ചും ചരിവുകളില്‍ വടി ഊന്നിയും മുന്നോട്ട് നീങ്ങിയ സംഘം അഞ്ചേകാല്‍ മണിക്കൂര്‍ യാത്രക്കുശേഷം ഉച്ചക്ക് 1.15ന് പത്തോളം വീടുള്ള നൂറടി എന്ന കുടിയിലെത്തി.
ഏറെക്കാലമായി കിടപ്പിലാണിദ്ദേഹം. എണീറ്റിരിക്കാനും സംസാരിക്കാനും ബുദ്ധിമുട്ടുണ്ട്. വോട്ട് ചെയ്യാന്‍ ചെറുമകന്റെ സഹായം വേണമെന്ന് അദ്ദേഹംതന്നെ പറഞ്ഞു. രഹസ്യസ്വഭാവത്തോടെ സമ്മതിദാനാവകാശം നിര്‍വഹിക്കാനുള്ള അവസരം വോട്ടര്‍ക്ക് ഉദ്യോഗസ്ഥര്‍ നല്കി. ബാലറ്റ് പേപ്പര്‍ സുരക്ഷിതമായി വോട്ടുപെട്ടിയിലുമാക്കി. ശിവലിംഗം നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പിയാണ് ഉദ്യോഗസ്ഥരെ യാത്രയാക്കിയത്.
മഴക്ക് സാധ്യതയുണ്ടായിരുന്നതിനാല്‍ കൈയിൽ കരുതിയ ലഘുഭക്ഷണം കഴിച്ച് 2.15ഓടെ മടക്കയാത്ര ആരംഭിച്ചു. ഇരുവശത്തേക്കുമായി 18 കി.മീ. നീണ്ട കാല്നടയാത്രക്കുശേഷം കേപ്പക്കാടെത്തുമ്പോള്‍ സമയം 7.15.
പേശിവലിവും ക്ഷീണവും അലട്ടുന്നുണ്ടായിരുന്നെങ്കിലും ഒരു വലിയ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ ആവേശത്തിലായിരുന്നു എല്ലാവരും.
മൂന്നാര്‍ എന്‍ജിനീയറിങ് കോളജിലെ അസി. പ്രഫ. ജിഷ മെറിന് ജോസ്, മൂന്നാര്‍ വൊക്കേഷനല്‍ എച്ച്.എസ്.എസ് അധ്യാപിക എം. ആശ, മൂന്നാര്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസിലെ ക്ലര്‍ക്ക് എ.വി. ഡെസിമോള്‍, ഇടമലക്കുടി വില്ലേജ് ഓഫിസര്‍ ശ്യം ജി. നാഥ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ കെ.എസ്. അഭിഷേക്, സി.എൽ. ഷിബിന്‍ദാസ്, സിവില്‍ പൊലീസ് ഓഫിസര്‍ കെ.ആർ. അനീഷ് കുമാര്‍, ഫോറസ്റ്റ് വാച്ചര്‍മാരായ കെ. രാമന്, ശിവസേനന്‍, ബി.എല്‍.ഒ ജയകുമാര്‍ എന്നിവരായിരുന്നു സംഘത്തില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.