യോഗിക്ക് തിരിച്ചടി; യു.പി മന്ത്രി സ്വാമി പ്രസാദ് മൗര്യ ബി.ജെ.പിയിൽനിന്ന് രാജിവെച്ച് എസ്.പിയിൽ ചേർന്നു
text_fieldsലഖ്നോ: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ യു.പിയിൽ ബി.ജെ.പിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും വൻ തിരിച്ചടി. യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ മന്ത്രി സ്വാമി പ്രസാദ് മൗര്യ പാർട്ടി വിട്ടു.ബി.ജെ.പിയിൽ നിന്നും പുറത്ത് വന്ന് അഖിലേഷ് യാദവിന്റെ എസ്.പിയിലാണ് സ്വാമി പ്രസാദ് മൗര്യ ചേർന്നത്. മൗര്യക്കൊപ്പം എം.എൽ.എമാരായ റോഷൻ ലാൽ വർമ്മയും ബ്രിജേഷ് പ്രജാപതിയും ഭഗവതി പ്രസാദും പാർട്ടി വിട്ടു. കൂടുതൽ എം.എൽ.എമാർ സ്വാമി പ്രസാദ് മൗര്യയോടൊപ്പം എസ്.പിയിലെത്തുമെന്നാണ് സൂചന.
വ്യത്യസ്തമായ ആശയങ്ങളായിട്ടും താൻ യോഗി സർക്കാറിനായി ആത്മാർഥമായി പ്രവർത്തിച്ചു. എന്നാൽ, ദലിതർ, മറ്റ് പിന്നാക്കക്കാർ, കർഷകർ, തൊഴിലില്ലാത്തവർ, ചെറുകിട വ്യവസായികൾ എന്നിവരെ സർക്കാർ അവഗണിക്കുകയാണ്. അതിനാലാണ് താൻ പാർട്ടിയിൽ നിന്നും രാജിവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക നീതിക്കായി പൊരുതിയ സ്വാമി പ്രസാദ് മൗര്യയേയും അനുയായികളേയും പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്ന് എസ്.പി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. സാമൂഹിക നീതിയിൽ വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടാവുക. 2022ൽ മാറ്റമുണ്ടാകുമെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേർത്തു. അതേസമയം, സ്വാമി പ്രസാദ് മൗര്യ പാർട്ടി വിടരുതെന്നും പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാമെന്നും യു.പി ഉപമുഖ്യമന്ത്രി പറഞ്ഞു.
യു.പിയിലെ പ്രമുഖ ഒ.ബി.സി നേതാവായ മൗര്യ 2016ലാണ് ബി.ജെ.പിയിലെത്തിയത്. ബി.എസ്.പിയിൽ നിന്നും രാജിവെച്ചായിരുന്നു ബി.ജെ.പി പ്രവേശനം. ഫെബ്രുവരി 10ന് യു.പി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നടക്കാനിരിക്കെയാണ് മന്ത്രിയുടെ രാജി. മാർച്ച് 10നാണ് യു.പി തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.