ലക്ഷദ്വീപ് കൈനീട്ടുന്നു, മലയാളക്കരയിലേക്ക്... 'ഈ വിഷമസന്ധിയിൽ നിങ്ങളല്ലാതെ മറ്റാരുമില്ല ഞങ്ങൾക്ക് തുണ...'
text_fieldsകോഴിക്കോട്: മലയാളികൾ നെഞ്ചോടു ചേർത്തുനിർത്തുന്ന ലക്ഷദ്വീപിെൻറ സമാധാന ജീവിതം തകർത്ത് മോദിയുടെ വിശ്വസ്തനായ പുതിയ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കോദാഭായ് പട്ടേൽ നടപ്പാക്കിയ കരിനിയമങ്ങൾക്കെതിരെ പടരുന്ന പ്രതിഷേധത്തിനിടെ മലയാളികൾ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഉള്ളുലക്കുന്ന കത്ത് സമൂഹ മാധ്യമങ്ങളിൽ വൈറൽ. എന്നും ദ്വീപുകാർക്കൊപ്പം നിൽക്കുന്ന കേരളീയ സമൂഹം ദ്വീപിെൻറ ഈ സന്ദിഗ്ധ ഘട്ടത്തിൽ കൂടെ നിൽക്കണമെന്നാവശ്യപ്പെട്ടാണ് കത്ത്.
വൈകാതെ ദ്വീപിൽ ഇൻറർനെറ്റും വിഛേദിക്കപ്പെടുമെന്നും അതിനു മുന്നേ എല്ലാം അറിയിക്കാൻ ഇതല്ലാതെ വഴിയില്ലെന്നും പറഞ്ഞാണ് കത്ത്. പൂർണ രൂപം താഴെ:
''പ്രിയ മലയാളി സുഹൃത്തുക്കളെ,
കോർപറേറ്റ് താൽപര്യങ്ങൾക്കൊപ്പം നിൽക്കുന്ന കുടില ബുദ്ധിയായ അഡ്മിനിസ്ട്രേറ്റർ ബി.ജെ.പിയുടെ പ്രഫുൽ ഖോഡ ഏതു നിമിഷവും ഇൻറർനെറ്റ് ബന്ധം വിഛേദിക്കുമെന്നതിനാൽ ഇനിയും നിങ്ങളുമായി വാട്സാപിൽ ചാറ്റ് ചെയ്യാനാകുമെന്ന് തോന്നുനില്ല.
മനോഹാരിത തുടിച്ചുനിൽക്കുന്ന ലക്ഷദ്വീപ് ദ്വീപ് കൂട്ടങ്ങളെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. പൃഥ്വീരാജിെൻറ മലയാള സിനിമ അനാർകലി കണ്ടിട്ടുമുണ്ടാകും. ആ ദൃശ്യവിസ്മയം സമ്പൂർണമായി മാറ്റിവരക്കപ്പെടാൻ പോകുകയാണ്. ഇന്ത്യ മറ്റൊരു കശ്മീരിെൻറ പിറവിക്ക് സാക്ഷിയാകാൻ പോകുന്നു. നിരപരാധികളായ ഗോത്ര വർഗത്തിെൻറ കൂട്ടക്കൊലയോ, ലക്ഷദ്വീപിലെ മനുഷ്യർക്കുമേൽ തുല്യതയില്ലാത്ത മനുഷ്യാവകാശ നിഷേധങ്ങളോ രാജ്യം നേരിട്ട് അനുഭവിക്കാൻ പോകുന്നു.
നിസ്സഹായരാണ് ഞങ്ങൾ. സഹായിക്കാനോ നയിക്കാനോ ആരുമില്ലാത്ത അവസ്ഥ. ഏക ധൈര്യം ദൈവത്തിെൻറ സ്വന്തം നാടുണ്ട് ചാരെയെന്നതാണ്. അവിടെ ജനാധിപത്യ ബോധമുള്ള കുറെ മനുഷ്യർ ജീവിക്കുന്നു. ശക്തമായ മതേതരത്വം കാത്തുസൂക്ഷിക്കുന്ന ഒരു കക്ഷി ഭരിക്കുന്നു. കരുത്തുള്ള പ്രതിപക്ഷം നിലനിൽക്കുന്നു. ജീവിക്കുന്നവരിൽ മഹാഭൂരിപക്ഷവും സാക്ഷരതയുള്ളവർ. എന്തെങ്കിലും സംഭവിച്ചാൽ പിന്തുണക്കാൻ നിങ്ങളുമുണ്ടാകുമെന്നാണ് മലയാളികളിൽ ഞങ്ങളുടെ പ്രതീക്ഷ. കാരണം അവർ മാത്രമാണ് ഫാഷിസത്തിന് ഇനിയും കീഴടങ്ങാത്തവർ.
ഇന്നലെ ഇറക്കിയ ഉത്തരവ് പശുവിൻ പാൽ വിതരണം നിർത്തിവെക്കാനാണ്. പകരം ഒരു ഗുജറാത്തി കമ്പനിയെ കൊണ്ടുവന്ന് അവർ നൽകുന്നത് കുടിക്കണമത്രെ. യഥാർഥത്തിൽ, ലക്ഷദ്വീപ് ഒരു വരണ്ട മണ്ണാണ്, അവിടെ മദ്യത്തിെൻറ ഉപഭോഗവും വിൽപനയും നിരോധിക്കപ്പെട്ടതുമാണ്. ഇനി മുതൽ യാത്രാകപ്പലുകളിൽ വരെ മദ്യം വിളമ്പാൻ അനുമതി നൽകിയിരിക്കുന്നു.
നേരത്തെ പറഞ്ഞ സിനിമയിൽ നായകൻ പൃഥ്വീരാജ് പിടികൂടാൻ കുറ്റകൃത്യങ്ങളില്ലാതെ അടഞ്ഞുകിടക്കുന്ന ജയിൽ കണ്ട് അമ്പരക്കുന്നുണ്ട്. പക്ഷേ, പ്രഫുൽ ചെയ്തത് നിങ്ങൾ അറിയണം, ഒരു കുറ്റകൃത്യവും റിപ്പോർട്ട് ചെയ്യപ്പെടാത്ത ദ്വീപിൽ ഗുണ്ടാ നിയമം നടപ്പാക്കുകയാണത്രെ. നിയമ പ്രകാരം ഒരു അന്വേഷണവുമില്ലാതെ ഒരു ലക്ഷദ്വീപ് നിവാസിയെ അറസ്റ്റ് ചെയ്ത് ഒരു വർഷം വരെ ജയിലിലടക്കാം. ഇത്രയും ഭീകരമാണ് കാര്യങ്ങൾ.
നിങ്ങളുടെ കരങ്ങൾ പിടിച്ച് നെഞ്ചു തൊട്ട് കെഞ്ചുകയാണ്, ഒപ്പമുണ്ടാകണം. എങ്ങനെ പ്രതികരിക്കണെമന്ന് ഒരു പിടിയും കിട്ടുന്നില്ല. പക്ഷേ, ഇത് ഞങ്ങൾ പിറന്ന മണ്ണാണ്. ഇവിടെയാണ് ഞങ്ങൾ വളർന്നത്, ഇനി ഇവിടെ തന്നെ മരിക്കുകയും ചെയ്യും. പക്ഷേ, കൊല്ലപ്പെടാനല്ല, സാധാരണ മരണമാണ് വേണ്ടത്.
എന്ന്,
ലക്ഷദ്വീപിലെ പാവം നിരപരാധികളായ പൗരന്മാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.