Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒറ്റ...

ഒറ്റ വാചകത്തിലൊതുങ്ങാത്ത സമര ജീവിതം; ഇന്ദിരക്കും മോദിക്കുമെതിരെ ചെ​ങ്കൊടിയേന്തിയ പോരാട്ട വീര്യം

text_fields
bookmark_border
sitaram yechury
cancel

റ്റ വാചകത്തിലല്ല, ഒരു പുസ്തകത്തിൽ പോലും ഒതുക്കാൻ കഴിയുന്നതല്ല സീതാറാം യെച്ചൂരിയെന്ന കമ്മ്യൂണിസ്റ്റ് നേതാവിന്റെ പോരാട്ട ജീവിതം. മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തകന്‍, മികച്ച സംഘാടകന്‍, മികച്ച പാര്‍ലമെന്റേറിയന്‍, ജനകീയനായ നേതാവ് ഇതെല്ലാമായിരുന്നു അദ്ദേഹം. ഇന്ദിര ഗാന്ധി മുതൽ നരേന്ദ്രമോദി വരെയുള്ള ഭരണകർത്താക്കൾക്കെതിരെ അദ്ദേഹം ചെ​ങ്കൊടിയേന്തി പോരാടി. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മുന്നിൽ വെച്ച് അടിയന്തരാവസ്ഥ കാലത്തെ ക്രൂരതകളെ കുറിച്ച് എണ്ണിയെണ്ണി പറഞ്ഞ ധീര വിദ്യാർഥി നേതാവായിരുന്നു അദ്ദേഹം. ഇന്ത്യൻ ദേശീയ രാഷ്ട്രീയ സമരത്തിന്റെ ചൂടും ചൂരും യെച്ചൂരിയോളം അറിഞ്ഞ മറ്റൊരു കമ്മ്യൂണിസ്റ്റ് നേതാവ് ഉണ്ടാകില്ല. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നാളിതുവരെയില്ലാത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ കൈത്താങ്ങേണ്ടിയിരുന്ന കാരണവർ വിട പറഞ്ഞിരിക്കുന്നു. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുണ്ടായിരുന്ന പിണക്കം പരിഹരിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത് യെച്ചൂരിയായിരുന്നു. യെച്ചൂരി പറഞ്ഞാൽ വി.എസ് കേൾക്കും. അതായിരുന്നു ഉറപ്പ്.

സന്ധിയില്ലാ സമരങ്ങളുടെ ആകെ തുകയാണ് ആ ജീവിതം. കശ്മീർ, പൗരത്വ ഭേദഗതി, നോട്ട് നിരോധനം എന്നീ വിഷയങ്ങളിൽ പ്രതിഷേധങ്ങളുമായി എന്നും മുന്നിലുണ്ടായിരുന്നു യെച്ചൂരി. 370ാം വകുപ്പ് റദ്ദാക്കിയതിന് പിന്നാലെ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ വിലക്കുകളെ നിയമത്തിന്റെ പിൻബലത്തോടെ മറികടന്ന് അദ്ദേഹം കശ്മീരിലെത്തി. രാഹുൽ പറഞ്ഞതു പോലെ ഇൻഡ്യ സഖ്യത്തിന്റെ രൂപീകരണത്തിലും നിർണായക ശക്തിയായി.ഇന്ത്യ എന്ന ആശയത്തിന്റെ കാവലാൾ ആയിരുന്നു യെച്ചൂരി എന്നാണ് അദ്ദേഹത്തെ അനുസ്മരിച്ചു കൊണ്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞത്. ഒരർഥത്തിൽ രാഷ്ട്രീയ ഇന്ത്യക്കും വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം.

2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യത്തിനൊപ്പം ശക്തമായി നിലകൊണ്ട യെച്ചൂരി, ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്ന ഒറ്റ ലക്ഷ്യം മാത്രം ​മുന്നിൽ കണ്ട് ശിവസേന നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലും പ​ങ്കെടുത്തു. ജീവിതത്തിൽ ഒരിക്കൽ പോലും ചവിട്ടരുതെന്ന് ആഗ്രഹിച്ച ഒരു പാർട്ടിയുടെ ഓഫിസിലാണ് കാലെടുത്തുവെച്ചതെന്നും ഫാഷിസ്റ്റ് ശക്തികളെ പരാജയപ്പെടുത്തുക എന്ന ഒറ്റ ലക്ഷ്യമായിരുന്നു അതിന്റെ ഏക കാരണമെന്നും ഒരഭിമുഖത്തിൽ അദ്ദേഹം പറയുക​യുണ്ടായി. പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താവായിരുന്നു യെച്ചൂരി.

ഒരു തെരഞ്ഞെടുപ്പിൽ പോലും മത്സരിച്ചിട്ടില്ലെങ്കിലും ദേശീയ തലത്തിൽ സി.പി.എമ്മിന്റെ മുഖമായിരുന്നു യെച്ചൂരി. സഹകരിക്കാൻ പറ്റുന്ന മറ്റ് പാർട്ടികളുമായും പ്രത്യേകിച്ച് കോൺഗ്രസുമായും ഏറെ അടുപ്പം സൂക്ഷിച്ചു. സീതാറാം യെച്ചൂരി ഒരേസമയം സി.പി.എമ്മിന്റെയും കോൺഗ്രസിന്റെയും ജനറൽ സെക്രട്ടറിയാണെന്നാണ് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ഒരിക്കൽ വിശേഷിപ്പിച്ചത്.

ഏറ്റവും അടുപ്പമുള്ളവർ സീത എന്നായിരുന്നു സീതാറാം യെച്ചൂരിയെ വിളിച്ചിരുന്നത്. ചെയിൻ സ്മോക്കറായിരുന്ന യെച്ചൂരി അവർ സിഗരറ്റ് വലിക്കരുതെന്ന് സ്നേഹപൂർവം ശാസിക്കുമ്പോൾ, ഈ സിഗരറ്റ് എന്നെയും കൊണ്ടേ പോകൂ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

മികച്ച നയതന്ത്രജ്ഞൻ കൂടിയായിരുന്നു യെച്ചൂരി. നേപ്പാളിൽ മാവോവാദികളെ ജനാധിപത്യത്തിന്റെ പാതയിലേക്ക് നയിക്കുന്നതിന് മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം വഹിച്ചത് യെച്ചൂരിയായിരുന്നു. നേപ്പാളിലെ മാവോവാദി നേതാക്കളായ പ്രചണ്ഡ, ബാബുറാം ഭട്ടറായി എന്നിവരുമായി അദ്ദേഹം അടുത്ത ബന്ധം പുലർത്തി. 2004 ല്‍ ഒന്നാം യു.പി.എ. സര്‍ക്കാരിന്റെ പൊതുമിനിമം പരിപാടികള്‍ക്ക് രൂപം നല്‍കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് അദ്ദേഹമായിരുന്നു. ആണവകരാര്‍ വിഷയത്തില്‍ സര്‍ക്കാരും ഇടതുപാര്‍ട്ടികളും രൂപീകരിച്ച ഏകോപന സമിതിയിലും നിര്‍ണായക സാന്നിധ്യമായി. സി.പി.എമ്മിലെ സൗമ്യനായ നേതാവ് എന്നായിരുന്നു അദ്ദേഹത്തിന് ചാർത്തിക്കിട്ടിയ വിശേഷണം. 2005 മുതല്‍ 12 വര്‍ഷം ബംഗാളില്‍നിന്നുള്ള രാജ്യസഭാംഗമായിരുന്നു യെച്ചൂരി. ഈ കാലഘട്ടത്തിലാണ് അദ്ദേഹം മികച്ച പാർലമെന്റേറിയൻ എന്ന് പേരെടുത്തതും.

ആഗോളവൽക്കരണ ഉദാര വൽക്കരണ നയങ്ങളുടെ പൊള്ളത്തരങ്ങൾ തുറന്നു കാണിക്കുന്ന നിരവധി രചനകൾ അദ്ദേഹം രചിച്ചു. 'ആഗോളവൽക്കരണ കാലത്തെ സോഷ്യലിസം' എന്ന പുസ്തകം മികച്ച ഉദാഹരണം. യു.പി.എ ഭരണത്തിൽ ഇന്ത്യയിൽ ഉയർന്നു വന്ന ഹിമാലയൻ അഴിമതികളിൽ പലതും ആദ്യമേ തന്നെ പാർലമെന്റിൽ ഉയർത്തി കൊണ്ടു വന്നതിലും യെച്ചൂരി നിർണായക പങ്കു വഹിച്ചു.

34ാം വയസിലാണ് യെച്ചൂരി കേന്ദ്രകമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആ സ്ഥാനം ഏറ്റെടുക്കാൻ തനിക്ക് പക്വത വന്നിട്ടില്ല എന്നായിരുന്നു അന്ന് അദ്ദേഹത്തിന്റെ നിലപാട്. അതിനാൽ തീരുമാനം പുനഃപരിശോധിക്കണമെന്ന് പാർട്ടി കോൺഗ്രസിനിടെ ജനറൽ സെക്രട്ടറിയായിരുന്ന ഇ.എം.എസിനെ​ നേരിട്ടു കണ്ട് ആവശ്യപ്പെട്ടു. അതംഗീകരിക്കപ്പെട്ടില്ല. കമ്മിറ്റി തീരുമാനമാണെന്നും അത് അംഗീകരിക്കണമെന്നുമായിരുന്നു ഇ.എം.എസ് നൽകിയ മറുപടി. എന്തു വന്നാലും ഞാനെന്റെ അധികാരക്കസേര വിടില്ല എന്ന് പ്രഖ്യാപിക്കുന്നവർക്ക് ആ ജീവിതം ഒരു പാഠപുസ്തകമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sitaram yechury
News Summary - A life of struggle that cannot be summed up in a single sentence
Next Story