മൂന്ന് പേരെ കൊന്ന് കുഞ്ഞുമായി മടങ്ങി; ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ച ഒരു ലോക്ക്ഡൗൺ പ്രണയകഥ
text_fieldsഗുവാഹത്തി: ദാരുണമായ ട്രിപ്പിൾ കൊലപാതകത്തിൽ അവസാനിച്ച് ഒരു കോവിഡ് ലോക്ക്ഡൗൺ പ്രണയകഥയാണ് അസമിൽ നിന്ന് പുറത്തുവരുന്നത്. 25കാരനായ നസിബർ റഹ്മാൻ ബോറയും 24കാരിയായ സംഘമിത്ര ഘോഷും തമ്മിലുള്ള പ്രണയവും വിവാഹവുമാണ് ഒടുവിൽ മരണത്തിൽ കലാശിച്ചത്. ഈ തിങ്കളാഴ്ച നസിബർ സംഘമിത്രയേയും അവളുടെ മാതാപിതാക്കളെയും കൊലപ്പെടുത്തി ഒമ്പത് മാസം പ്രായമുള്ള കുഞ്ഞുമായി പൊലീസിൽ കീഴടങ്ങുകയായിരുന്നു. അസമിലെ ഗോലാഘട്ട് ജില്ലയിലാണ് സംഭവം.
2020ൽ ലോക്ക്ഡൗൺ സമയത്താണ് മെക്കാനിക്കൽ എഞ്ചിനീയറായ നസിബറും സംഘമിത്രയും ഫേസ്ബുക്കിലൂടെ സുഹൃത്തുക്കളായത്. മാസങ്ങൾക്കുള്ളിൽ സൗഹൃദം പ്രണയമായി മാറുകയും അതേ വർഷം ഒക്ടോബറിൽ ഇരുവരും കൊൽക്കത്തയിലേക്ക് ഒളിച്ചോടുകയും ചെയ്തു. സംഘമിത്രയുടെ മാതാപിതാക്കൾ അവളെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നെങ്കിലും അപ്പോഴേക്കും അവൾ കൊൽക്കത്ത കോടതിയിൽ ഹാജരായി നസിബറിനെ വിവാഹം കഴിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
അടുത്ത വർഷം സംഘമിത്രയുടെ മാതാപിതാക്കൾ നസിബറിനും സംഘമിത്രക്കുമെതിരെ മോഷണക്കുറ്റം ആരോപിച്ച് പൊലീസിൽ പരാതി നൽകി. തുടർന്ന് സംഘമിത്രയെ അറസ്റ്റ് ചെയ്യുകയും ഒരു മാസത്തോളം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയും ചെയ്തു. ജാമ്യം ലഭിച്ച ശേഷം അവൾ മാതാപിതാക്കളുടെ കൂടെ വീട്ടിലേക്ക് മടങ്ങിയെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമാക്കി.
2022 ജനുവരിയിൽ സംഘമിത്രയും നസിബറും വീണ്ടും ഒളിച്ചോടി ചെന്നൈയിലെത്തി അഞ്ച് മാസം താമസിച്ചു. ആഗസ്റ്റിൽ നസിബറിന്റെ വീട്ടിലെത്തിയ ഇവർക്ക് കഴിഞ്ഞ നവംബറിൽ ഒരു മകനുണ്ടായി. എന്നാൽ നാല് മാസത്തിന് ശേഷം ഈ വർഷം മാർച്ചിൽ, സംഘമിത്ര കൈക്കുഞ്ഞുമായി നസിബറിന്റെ വീടുവിട്ട് തന്‍റെ മാതാപിതാക്കളുടെ വീട്ടിലേക്ക് പോവുകയും നസിബർ തന്നെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് പൊലീസിൽ പരാതി നൽകുകയും ചെയ്തു. തുടർന്ന് നസിബറിനെതിരെ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തു. 28 ദിവസത്തിന് ശേഷമാണ് നസിബർ ജാമ്യത്തിൽ പുറത്തിറങ്ങിയത്.
ഏപ്രിൽ 29ന് സംഘമിത്രയും അവളുടെ കുടുംബാംഗങ്ങളും നസിബറിനെ ആക്രമിച്ചതായി ആരോപിച്ച് നസിബറിന്റെ സഹോദരൻ പൊലീസിൽ പരാതി നൽകിയിരുന്നു. ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ നസിബർ തന്റെ കുട്ടിയെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും സംഘമിത്രയുടെ കുടുംബം അത് അനുവദിച്ചില്ല.
തിങ്കളാഴ്ച ഉച്ചയോടെ നസിബർ സംഘമിത്രയുടെ വീട്ടിലെത്തി. സംഘമിത്രയെയും മാതാപിതാക്കളെയും കൊലപ്പെടുത്തി തന്‍റെ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് ഇയാൾ കടന്നുകളഞ്ഞു. പിന്നീട് പൊലീസിന് മുന്നിൽ കീഴടങ്ങി. പ്രതിക്കെതിരെ കൊലപാതകത്തിനും വീട്ടിൽ അതിക്രമിച്ച് കയറിയതിനും കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.