സിക്കിമിലുണ്ടായ വൻ മണ്ണിടിച്ചിലിൽ ടീസ്ത അണക്കെട്ടിലെ വൈദ്യുതി നിലയം തകർന്നു
text_fieldsഗുവാഹത്തി: സിക്കിമിലുണ്ടായ വൻ മണ്ണിടിച്ചിലിൽ വൈദ്യുതി നിലയം തകർന്നു. നാഷണൽ ഹൈഡ്രോഇലക്ട്രിക് പവർ കോർപറേഷന്‍റെ ഉടമസ്ഥതയിലുള്ള ടീസ്ത സ്റ്റേജ്-5 അണക്കെട്ടിലെ വൈദ്യുതി നിലയമാണ് തകർന്നത്.
510 മെഗാവാട്ട്സ് ഉൽപാദനശേഷിയുള്ള വൈദ്യുതി നിലയത്തിന് സമീപമുള്ള കുന്നാണ് നിലംപൊത്തിയത്. ഏതാനും ആഴ്ചകളിലായി ഈ കുന്നിൽ ചെറിയ മണ്ണിടിച്ചിലുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ന് പുലർച്ചെയുണ്ടായ ശക്തമായ മണ്ണിടിച്ചിലിനെ തുടർന്ന് വൈദ്യുതി നിലയം അവശിഷ്ടം കൊണ്ട് മൂടി.
തുടർച്ചയായി മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വൈദ്യുതി നിലയത്തിലെ ജീവനക്കാരെ ഒഴിപ്പിച്ചതിനാൽ ആളപായമുണ്ടായില്ല. വൈദ്യുതി നിലയത്തിന് സമീപം ജോലി ചെയ്തവരാണ് മണ്ണിടിച്ചിലിന്‍റെ വിഡിയോ ചിത്രീകരിച്ചത്.
2023 ഒക്ടോബറിൽ സിക്കിമിലുണ്ടായ മേഘവിസ്ഫോടനത്തെ തുടർന്ന് ലൊനാക് തടാകം തകരുകയും സ്റ്റേജ് 5 അണക്കെട്ട് പ്രവർത്തനരഹിതമാവുകയും ചെയ്തിരുന്നു. കൂടാതെ, വൻ വെള്ളപ്പൊക്കത്തിൽ അണക്കെട്ടിന്‍റെ ഭാഗങ്ങൾ ഒലിച്ചുപോയിരുന്നു.
സിക്കിമിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയാണ് ചുങ്താങ്ങിലെ ടീസ്ത അണക്കെട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.