ഗൗഡ ബി.ജെ.പി പക്ഷം ചേർന്നിട്ട് ഒരു മാസം; വഴിയറിയാതെ ജെ.ഡി.എസ് കേരള ഘടകം
text_fieldsതിരുവനന്തപുരം: ജനതാദൾ-എസ് ദേശീയ നേതൃത്വം എൻ.ഡി.എക്കൊപ്പമെന്ന് പ്രഖ്യാപിച്ച് ഒരുമാസം തികയുമ്പോഴും കേരള ഘടകത്തിൽ അവ്യക്തത നീങ്ങിയില്ല. മുന്നോട്ടുള്ള വഴി എന്തെന്നറിയാതെ ഉഴലുകയാണ് ജെ.ഡി.എസ് കേരള നേതൃത്വം. പ്രശ്നം ചർച്ച ചെയ്യാൻ മൂന്നാമത്തെ സംസ്ഥാന നേതൃയോഗമാണ് വെള്ളിയാഴ്ച എറണാകുളത്ത് ചേർന്നത്. അവിടെയും വ്യക്തമായ ഒരു തീരുമാനത്തിലെത്താൻ കഴിഞ്ഞിട്ടില്ല. ബി.ജെ.പിയോട് കൈകോർക്കുന്ന ദേശീയ അധ്യക്ഷൻ ദേവഗൗഡയുടെയും കുമാരസ്വാമിയുടെയും നിലപാടിനൊപ്പമില്ലെന്ന് പറയുന്ന ജെ.ഡി.എസ് കേരള ഘടകം ഇതുവരെ ഗൗഡയുമായുള്ള ബന്ധം മുറിച്ചിട്ടില്ല.
ദേശീയ പ്ലീനം അംഗീകരിച്ച നിലപാടിന് വിരുദ്ധമായ തീരുമാനമെടുത്തതിലൂടെ ദേവഗൗഡ സ്വയം ദേശീയ പ്രസിഡന്റ് അല്ലാതായെന്നാണ് കേരള ഘടകം പ്രസിഡന്റ് മാത്യു ടി. തോമസ് എം.എൽ.എ വെള്ളിയാഴ്ച പറഞ്ഞത്. അത് സാങ്കേതികമായി നിലനിൽക്കില്ല. ദേശീയ സമിതി ചേർന്ന് ദേവഗൗഡയെ പുറത്താക്കുന്നതുവരെ അദ്ദേഹം തന്നെയാണ് ദേശീയ അധ്യക്ഷൻ. എൻ.ഡി.എക്കൊപ്പമെന്ന് പ്രഖ്യാപിച്ച ദേവഗൗഡ അധ്യക്ഷനായ പാർട്ടിയുടെ കേരള ഘടകമായി തുടർന്ന് ഞങ്ങൾ കേരളത്തിൽ എൽ.ഡി.എഫിലെന്ന് പറയുന്നതിൽ പ്രകടമായ വൈരുധ്യമുണ്ട്. കെ. കൃഷ്ണൻകുട്ടി, മാത്യു ടി. തോമസ് എന്നിവരുടെ എം.എൽ.എ സ്ഥാനമാണ് കേരളഘടകത്തിന്റെ പ്രശ്നം.
ദേവഗൗഡയുമായുള്ള ബന്ധം മുറിച്ച് പുതിയ പാർട്ടിയാകാനോ, മറ്റൊരു പാർട്ടിയിൽ ലയിക്കാനോ തീരുമാനിച്ചാൽ എം.എൽ.എ സ്ഥാനവും മന്ത്രിപദവിയും നഷ്ടമാകും. ഏതുവിധേനയും പദവി സംരക്ഷിക്കാനാണ് കേരളഘടകത്തിന്റെ ശ്രമം. യഥാർഥ ജെ.ഡി.എസ് തങ്ങളാണെന്ന് വാദിക്കുന്നുണ്ടെങ്കിലും ദേവഗൗഡയിൽനിന്ന് പാർട്ടി പിടിക്കാനുള്ള നീക്കങ്ങളൊന്നും കേരളഘടകം തുടങ്ങിയിട്ടില്ല. എൻ.ഡി.എ ബന്ധം തള്ളിപ്പറയുന്നതിനപ്പുറം ദേവഗൗഡയോട് നേരിട്ട് ഏറ്റുമുട്ടലിന് പോകേണ്ടെന്നാണ് കേരളഘടകത്തിന്റെ തീരുമാനം. ഇക്കാര്യത്തിൽ മാത്യു ടി. തോമസിനും കൂട്ടർക്കും സി.പി.എം നേതൃത്വത്തിന്റെ മൃദുസമീപനം തുണയായി. എൻ.ഡി.എ ബന്ധമുള്ള ജെ.ഡി.എസ് ഇടതുമുന്നണി മന്ത്രിസഭയിൽ തുടരുന്നത് പ്രതിപക്ഷം ചോദ്യം ചെയ്യുമ്പോഴും സി.പി.എം ജെ.ഡി.എസിനെ കൈവിട്ടിട്ടില്ല. ലോക്സഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, അത് എത്രനാൾ എന്നതാണ് ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.