മിസ്ത്രിയുടെ അപകട മരണം; കാറോടിച്ച വനിത ഡോക്ടർക്ക് അമിതവേഗത്തിന് നോട്ടീസ് ലഭിച്ചത് 11 തവണ
text_fieldsമുംബൈ: വ്യവസായ പ്രമുഖനും ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനുമായ സൈറസ് മിസ്ത്രി വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ കാറോടിച്ചിരുന്ന ഗൈനക്കോളജിസ്റ്റ് അനഹിത പാൻഡോൾ നേരത്തെയും നിരവധി തവണ അമിതവേഗത്തിൽ കാറോടിച്ചതായി പൊലീസ്. 2020ന് ശേഷം 11 തവണയാണ് ഇവർക്ക് അമിതവേഗത്തിന് പൊലീസ് നോട്ടീസ് അയച്ചത്. മിസ്ത്രിയുടെ അപകട മരണത്തിൽ അനഹിത പാൻഡോളിനെതിരെ കേസെടുത്തിരുന്നു. അശ്രദ്ധയോടെ വാഹനമോടിച്ചതിനാണ് ഇവർക്കെതിരെ കേസെടുത്തത്.
സെപ്റ്റംബർ നാലിന് മുംബൈ-അഹമ്മദാബാദ് ദേശീയപാതയിലെ സൂര്യ നദി ചരോട്ടി പാലത്തിലാണ് അപകടമുണ്ടായത്. മിസ്ത്രിയെ കൂടാതെ അനഹിത പാൻഡോളിന്‍റെ ബന്ധു ജഹാംഗീർ പാൻഡോളും അപകടത്തിൽ മരിച്ചിരുന്നു.
പാൻഡോൾ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള ജെ.എം ഫിനാൻഷ്യൽസ് എന്ന സ്ഥാപനത്തിന്‍റെ പേരിലാണ് അപകടത്തിൽ പെട്ട മെഴ്സിഡസ് ബെൻസ് കാർ രജിസ്റ്റർ ചെയ്തിരുന്നത്. അനഹിത പാൻഡോളാണ് വാഹനം ഉപയോഗിച്ചിരുന്നത്. അമിതവേഗം ഉൾപ്പെടെ 19 ഗതാഗത നിയമലംഘനമാണ് 2020ന് ശേഷം ഈ വാഹനത്തിന്‍റെ പേരിലുള്ളത്.
അപകടം സംബന്ധിച്ച് മെഴ്സിഡസ് ബെൻസ് റിപ്പോർട്ട് നൽകിയിരുന്നു. അപകടത്തിന് അഞ്ച് സെക്കൻഡ് മുമ്പ് വരെ കാറിന്‍റെ വേഗം മണിക്കൂറിൽ 100 കിലോമീറ്ററായിരുന്നെന്നാണ് ഇവരുടെ റിപ്പോർട്ടിൽ പറഞ്ഞത്. അപകടത്തിന് 3.5 സെക്കൻഡ് മുമ്പ് സഡൻ ബ്രേക്കിട്ടപ്പോൾ വേഗം 89 കിലോമീറ്ററായി കുറയുകയും, കാറിന്‍റെ പിൻസീറ്റിൽ സീറ്റ് ബെൽറ്റ് ധരിക്കാതെ ഇരിക്കുകയായിരുന്ന മിസ്ത്രിയും ജെഹാംഗീറും മുൻസീറ്റിലേക്ക് തെറിച്ച് പരിക്കേൽക്കുകയും അപകടം സംഭവിക്കുകയുമായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഡോ. അനഹിതയുടെ ചികിത്സ തുടരുന്നതിനാൽ ഇതുവരെയും മൊഴി രേഖപ്പെടുത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.