ഒറ്റ ദിവസത്തേക്ക് മുറിയെടുത്തയാൾ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ചത് രണ്ട് വർഷത്തോളം; 58 ലക്ഷം രൂപയുടെ നഷ്ടമെന്ന്, കേസെടുത്തു
text_fieldsന്യൂഡൽഹി: പഞ്ചനക്ഷത്ര ഹോട്ടലിലെ അതിഥികളിൽ ഒരാൾ പണമടക്കാതെ ഹോട്ടലിൽ താമസിച്ചത് രണ്ട് വർഷത്തോളം. അങ്കുഷ് ദത്ത എന്നയാൾ 603 ദിവസമാണ് ഹോട്ടലിൽ താമസിച്ചത്. ഹോട്ടൽ ജീവനക്കാരുമായി ഒത്തുകളിച്ച ഇയാൾ ഏകദേശം 58 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് വ്യക്തമായി. ഇയാൾക്കെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ദിരാഗാന്ധി ഇന്റർനാഷണൽ (ഐ.ജി.ഐ) വിമാനത്താവളത്തിന് സമീപമുള്ള എയ്റോസിറ്റിയിലെ റോസേറ്റ് ഹൗസ് എന്ന ഹോട്ടലിലാണ് സംഭവം.
603 ദിവസമാണ് ഇയാൾ ഹോട്ടലിൽ താമസിച്ചത്. ഇതിന് ഏകദേശം 58 ലക്ഷം രൂപയാണ് ചിലവ്. എന്നാൽ ഒരു പൈസ പോലും നൽകാതെയാണ് ഇയാൾ ചെക്ക് ഔട്ട് ചെയ്‌തതെന്ന് ഹോട്ടൽ അധികൃതർ പറയുന്നു. 2019 മേയ് 30ന് ദത്ത ചെക്ക് ഇൻ ചെയ്യുകയും ഒരു രാത്രിയിലേക്ക് മുറിയെടുക്കുകയും ചെയ്തുവെന്ന് ഹോട്ടൽ പറയുന്നു. അടുത്ത ദിവസം തന്നെ ചെക്ക് ഔട്ട് ചെയ്യാം എന്ന് പറഞ്ഞിരുന്നെങ്കിലും അദ്ദേഹം തന്റെ താമസം 2021 ജനുവരി 22 വരെ നീട്ടുകയായിരുന്നുവത്രെ.
റൂം നിരക്ക് തീരുമാനിക്കാൻ അധികാരമുള്ള ഹോട്ടലിന്റെ ഫ്രണ്ട് ഓഫീസ് ഡിപ്പാർട്ട്‌മെന്റ് മേധാവി പ്രേം പ്രകാശ്, എല്ലാ അതിഥികളുടെയും കുടിശ്ശിക കണക്കുകൾ പരിശോധിക്കവെയാണ് ഹോട്ടൽ മാനദണ്ഡങ്ങൾ ലംഘിച്ച് ദത്ത ദീർഘകാലം താമസിച്ചതായി കണ്ടെത്തുന്നത്. അതിഥികളുടെ താമസം, സന്ദർശനമടക്കം അവരുടെ അക്കൗണ്ടുകൾ പരിപാലിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്ന ഇൻ-ഹൗസ് സോഫ്‌റ്റ്‌വെയർ സംവിധാനത്തിൽ കൃത്രിമം കാണിച്ചുകൊണ്ടാണ് ദത്ത ഇവിടെ നിന്നതെന്ന് ഹോട്ടൽ മാനേജ്‌മെന്റ് സംശയിക്കുന്നു.
അങ്കുഷ് ദത്തയും ചില ഹോട്ടൽ ജീവനക്കാരും ചേർന്ന് ക്രിമിനൽ ഗൂഢാലോചന നടത്തുകയും തെറ്റായ രീതിയിൽ നേട്ടമുണ്ടാക്കിയതായും ഗൂഢാലോചനയുടെ പിൻബലത്തിൽ, ഹോട്ടലിലെ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയതായും എഫ്.ഐ.ആറിൽ പറയുന്നുണ്ട്.
ക്രിമിനൽ കുറ്റകൃത്യങ്ങൾ, ക്രിമിനൽ വിശ്വാസ ലംഘനം, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, അക്കൗണ്ടുകളിൽ കൃത്രിമം കാണിക്കൽ എന്നിവ ചെയ്തതിനാൽ കുറ്റക്കാർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കണമെന്ന് ഹോട്ടൽ ആവശ്യപ്പെട്ടു. ഹോട്ടലിലെ പ്രതിനിധി വിനോദ് മൽഹോത്ര സമർപ്പിച്ച എഫ്.ഐ.ആർ പ്രകാരം അങ്കുഷ് ദത്തക്കെതിരെ ഐ.ജി.ഐ എയർപോർട്ട് പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.