കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് നിരക്കിൽ 40,000 രൂപ കുറക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയതായി ലീഗ് എം.പിമാർ
text_fieldsന്യൂഡൽഹി: കരിപ്പൂരിൽ നിന്നും ഹജ്ജ് യാത്രക്കുള്ള നിരക്കിൽ ഇളവ് നൽകാമെന്ന് കേന്ദ്ര ഹജ്ജ് കാര്യ മന്ത്രി സ്മൃതി ഇറാനി ഉറപ്പു നൽകിയെന്ന് മുസ്ലിം ലീഗ് എം.പിമാർ. കരിപ്പൂരിൽ നിന്നുള്ള യാത്രക്കാരുടെ തുകയിൽ 40,000 രൂപ കുറക്കാമെന്ന് കേന്ദ്ര മന്ത്രി ഫോണിലൂടെ അറിയിച്ചുവെന്നും എം.പിമാർ വ്യക്തമാക്കി. കേരള ഹജ്ജ് കമ്മിറ്റിക്കും കേരള സർക്കാരിനും നിരക്ക് കുറച്ചുകൊണ്ടുള്ള സംവിധാനങ്ങൾ ചെയ്യാവുന്നതാണെന്നും അതിനായി കേരള മുഖ്യമന്ത്രിക്കും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനും സന്ദേശം അയച്ചിട്ടുണ്ടെന്നും അവരുടെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞുവെന്നും മുസ്ലിം ലീഗ് എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീർ, ഡോ. എം.പി അബ്ദുസ്സമദ് സമദാനി, പി.വി അബ്ദുൽ വഹാബ് എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു.
കരിപ്പൂരിൽ നിന്ന് ഹജ്ജിന് പോകുന്ന യാത്രക്കാരോട് കാട്ടുന്ന കടുത്ത വിവേചനം പരിഹരിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് മന്ത്രിയെ കണ്ട ശേഷമാണ് എം.പിമാർ വാർത്താകുറിപ്പ് ഇറക്കിയത്. എയർലൈനുകളുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ തനിക്ക് പരിമിതിയുണ്ടെന്നായിരുന്നു തങ്ങൾ കണ്ടപ്പോൾ മന്ത്രിയുടെ പ്രതികരണമെന്ന് എം.പിമാർ വാർത്താ കുറിപ്പിൽ വ്യക്തമാക്കി. കേരള ഹജ്ജ് കമ്മിറ്റിക്കും കേരള സർക്കാരിനും നിരക്ക് കുറച്ചുകൊണ്ടുള്ള സംവിധാനങ്ങൾ ചെയ്യാവുന്നതാണെന്നും അതിനായി കേരള മുഖ്യമന്ത്രിക്കും കേരള ഹജ്ജ് കമ്മിറ്റി ചെയർമാനും സന്ദേശം അയച്ചിട്ടുണ്ടെന്നും അവരുടെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞുവെന്നും വാർത്താകുറിപ്പ് തുടർന്നു. എംപിമാരുമായി വിഷയം ചർച്ച ചെയ്യുന്നതിനിടയിൽ മന്ത്രി ഹജ്ജിന്റെ ചാർജ്ജ് വഹിക്കുന്ന ഉന്നത ഉദ്യോഗസ്ഥരുമായി ടെലഫോണിൽ ബന്ധപ്പെട്ട് സംസാരിക്കുകയും വിശദവിവരങ്ങൾ ആരായുകയും ചെയ്തു.
കേരളത്തിലെയും രാജ്യത്തെ മറ്റു ഭാഗങ്ങളിലെയും എംബാർക്കേഷൻ പോയന്റുകളിൽ നിന്ന് വ്യത്യസ്തമായി കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രക്കാരോട് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്ന ക്രൂരമായ വിവേചനവും വിമാന ടിക്കറ്റ് ചാർജ്ജിലുള്ള ഭീമമായ അന്തരവും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് എം.പിമാർ പറഞ്ഞു. കൊച്ചിയിലെയും കണ്ണൂരിലെയും എംബാർക്കേഷൻ പോയന്റുകളിൽ നിന്ന് ഈടാക്കുന്നതിനേക്കാൾ എൺപതിനായിരം രൂപയുടെ വർദ്ധനവാണ് കരിപ്പൂരിൽ നിന്നുള്ള യാത്രക്കാരുടെ മേൽ ചുമത്തിയിരിക്കുന്നത്. ഈ തീരുമാനം റദ്ദാക്കിക്കൊണ്ട് മറ്റു വിമാനത്താവളങ്ങളിൽ നിന്ന് സമാനമായ രീതിയിൽ കോഴിക്കോട് നിന്നുള്ള ടിക്കറ്റ് ചാർജ് നിർണയിക്കണം. റീടെൻഡറിംഗ് നടത്തിയോ ഇതര വിമാനക്കമ്പനികളെ ഏർപ്പെടുത്തിയോ മറ്റു മാർഗ്ഗങ്ങൾ സ്വീകരിച്ചോ ടിക്കറ്റ് നിരക്ക് തിരുത്തി അതിലെ അപാകത പരിഹരിക്കണമെന്ന് എം.പിമാരുടെ നിവേദനത്തിലുണ്ട്. മറ്റു എമ്പാർക്കേഷൻ പോയിന്റ്റുകളിൽ നിന്ന് ഈടാക്കുന്ന അതേ തുക കരിപ്പൂരിൽ നിന്നുള്ള യാത്രക്കാർക്കും ഈടാക്കുന്നതിനുള്ള ശ്രമങ്ങൾ ബന്ധപ്പെട്ടവരുമായി തുടർന്നും ചർച്ച ചെയ്യുമെന്ന് മുസ്ലിം ലീഗ് എംപിമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.