തപാൽ വോട്ട് കൈവശം വെക്കാനാവില്ല; നിശ്ചിത കേന്ദ്രങ്ങളിൽ വോട്ട് ചെയ്യണം
text_fieldsന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികളും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരും തപാൽ ബാലറ്റ് ദുരുപയോഗം ചെയ്യുന്നത് തടയാൻ ചട്ടങ്ങളിൽ നിർണായക ഭേദഗതി. നിശ്ചയിച്ച ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിൽ മാത്രമേ ഇനി തപാൽ വോട്ട് രേഖപ്പെടുത്താനാകൂ. ഏറെക്കാലം തപാൽ വോട്ടുകൾ കൈവശം വെയ്ക്കാനാകില്ല. തെരഞ്ഞെടുപ്പ് ചുമതലയുള്ളവരുടെ തപാൽ വോട്ടുകൾ സ്വാധീനമുള്ള പാർട്ടികൾ കൈക്കലാക്കി ഇഷ്ടാനുസരണം വോട്ട് ചെയ്യുന്ന പ്രവണതക്ക് ഇതോടെ അറുതിയാകുമെന്നാണ് പ്രതീക്ഷ.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർ തങ്ങളെ വിന്യസിച്ച വോട്ടർ ഫെസിലിറ്റേഷൻ സെന്ററിൽ വോട്ട് ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നതിന് 1961ലെ തിരഞ്ഞെടുപ്പ് ചട്ടം ഭേദഗതി ചെയ്യണമെന്ന് കഴിഞ്ഞ സെപ്റ്റംബറിൽ തെരഞ്ഞെടുപ്പ് കമീഷൻ കേന്ദ്ര നിയമമന്ത്രാലയത്തോട് ശിപാർശ ചെയ്തിരുന്നു. തപാൽ ബാലറ്റ് ഏറെനാൾ കൈവശമുണ്ടാകുമ്പോൾ സ്ഥാനാർഥികളുടെയോ രാഷ്ട്രീയ പാർട്ടികളുടെയോ സ്വാധീനവും ഭീഷണിയുമുണ്ടാകാൻ സാധ്യതയുണ്ടെന്നും കമീഷൻ അഭിപ്രായപ്പെട്ടിരുന്നു. തുടർന്നാണ് നിയമമന്ത്രാലയം ചട്ടങ്ങളിൽ ഭേദഗതി വരുത്തി വിജ്ഞാപനം പുറപ്പെടുവിച്ചത്. ഡ്യൂട്ടിയിലുള്ള വോട്ടർ തന്റെ പോസ്റ്റൽ ബാലറ്റ് സ്വീകരിച്ച്, വോട്ട് രേഖപ്പെടുത്തി, ഫെസിലിറ്റേഷൻ സെന്ററിൽ തിരികെ നൽകണമെന്നാണ്’ പുതിയ ചട്ടം. അടുത്ത് നടക്കാനിരിക്കുന്ന രാജസ്ഥാൻ, ഛത്തിസ്ഗഢ്, മിസോറം, മധ്യപ്രദേശ്, തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പുകളിൽ പുതിയ ചട്ടമായിരിക്കും ഉണ്ടാവുക.
നിലവിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്നതിനുമുമ്പ് ഫെസിലിറ്റേഷൻ സെന്ററിൽ വോട്ട് ചെയ്യാൻ സംവിധാനമുണ്ട്. സ്ഥാനാർഥികളുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിധ്യത്തിൽ രഹസ്യവും സുതാര്യവുമായി വോട്ട് ചെയ്യാം. എന്നാൽ, പല ഉദ്യോഗസ്ഥരും തപാൽ വോട്ട് കൈവശം വെക്കുന്നതാണ് പതിവ്. വോട്ടെണ്ണൽ ദിവസം രാവിലെ എട്ടു മണിക്കുമുമ്പ് റിട്ടേണിങ് ഓഫിസർക്ക് തപാൽ മുഖേന ഈ ബാലറ്റുകൾ എത്തിക്കാമെന്ന ആനുകൂല്യമാണ് ദുരുപയോഗം ചെയ്യപ്പെടുന്നത്. പലഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കുന്നതിനാൽ ബാലറ്റുകൾ വീടുകളിലും രാഷ്ട്രീയ പാർട്ടി ഓഫിസുകളിലും മറ്റും മാസങ്ങളോളം സൂക്ഷിക്കാറുണ്ട്. ഉദാഹരണമായി, 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏപ്രിൽ 11ന് ആദ്യഘട്ട വോട്ടെടുപ്പ് നടന്നപ്പോൾ വോട്ടെണ്ണൽ തീയതി മേയ് 23നായിരുന്നു. അതുവരെ തപാൽ ബാലറ്റ് കൈവശം വെക്കാവുന്ന അവസ്ഥയായിരുന്നു. പുതിയ ചട്ടം സ്വതന്ത്രവും നീതിയുക്തവും സുതാര്യവുമായ തെരഞ്ഞെടുപ്പിന് കാരണമാകുമെന്ന് അധികൃതർ അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.