മുങ്ങൽ വിദഗ്ധരുടെ തിരച്ചിലും വിഫലം
text_fieldsഷിരൂർ: ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ ഉൾപ്പെടെ മൂന്നുപേർക്കായി ഗംഗാവാലി പുഴയിൽ മുങ്ങൽ വിദഗ്ധർ ശനിയാഴ്ച തിരച്ചിൽ നടത്തിയിട്ടും ഫലമുണ്ടായില്ല. ലോറിയുടെ സാന്നിധ്യംപോലും തിരിച്ചറിഞ്ഞിട്ടില്ല.
കേരള-കർണാടക മന്ത്രിമാരും എം.എൽ.എമാരും കലക്ടറും ഉൾപ്പെടെയുള്ളവരുടെ സംയുക്ത യോഗ തീരുമാനപ്രകാരമാണ് മുങ്ങൽ വിദഗ്ധരെ എത്തിച്ചത്. രാജസ്ഥാനിൽനിന്ന് അതിവിദഗ്ധരായ സ്കൂബ ഡൈവർമാരെ കൊണ്ടുവരാനും ഗോവയിൽനിന്ന് മണ്ണുനീക്കൽ യന്ത്രം കൊണ്ടുവരാനുമുള്ള തീരുമാനം നടപ്പായില്ല. ഇതിൽ മന്ത്രി മുഹമ്മദ് റിയാസ് ഡെപ്യൂട്ടി കമീഷണർ ലക്ഷ്മിപ്രിയയെ പ്രതിഷേധം അറിയിച്ചു. തുടർന്നാണ് ഈശ്വർ മൽപെയുടെ നേതൃത്വത്തിലുള്ള പ്രാദേശിക മുങ്ങൽ വിദഗ്ധരുടെ സംഘത്തെ എത്തിച്ചത്.
ഈശ്വർ മൽപെ രണ്ടുതവണ പുഴയിലിറങ്ങി പരിശോധന നടത്തി. രണ്ടാം തവണ കയർ പൊട്ടി 80 മീറ്റർ ഒഴുകിപ്പോയപ്പോൾ നാവിക സേനയാണ് അദ്ദേഹത്തെ കരക്കെത്തിച്ചത്. ഞായറാഴ്ച വീണ്ടും തിരച്ചിലിനിറങ്ങും. മന്ത്രിമാരായ മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രൻ, എം.എൽ.എമാരായ എം.കെ.എം. അഷ്റഫ്, എം. വിജിൻ, ലിന്റോ ജോസഫ്, സച്ചിൻ ദേവ്, എം. രാജഗോപാലൻ എന്നിവർ ഷിരൂരിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.