മായാവതിയെ തള്ളാനും കൊള്ളാനുമാകാതെ ‘ഇൻഡ്യ’ സഖ്യം; എതിർക്കുന്നവരിൽ പ്രധാനി കോൺഗ്രസിലെ ഉന്നതൻ
text_fieldsരാജ്യത്തെ പ്രമുഖ രാഷ്ട്രീയ കക്ഷികളെല്ലാം അണിനിരന്ന ‘ഇൻഡ്യ’ മുന്നണിക്ക് പുറത്ത് നിൽക്കുന്ന പ്രധാന പാർട്ടികളിലൊന്നാണ് ബി.എസ്.പി. സഖ്യത്തിലേക്കുള്ള ക്ഷണത്തെ കാര്യമായെടുക്കാതെയാണ് മായാവതിയുടെ ഇപ്പോഴുള്ള പോക്ക്. എന്നാൽ ഇൻഡ്യ സഖ്യത്തിന് ഉള്ളിലുള്ള ചില പ്രമുഖ കക്ഷികളും നേതാക്കളും മായാവതിയെ സഖ്യത്തിന് നിർബന്ധിക്കേണ്ടതില്ല എന്ന നിലപാടുകാരാണ്. മായാവതി വന്നാൽ അതിന്‍റെ ഗുണമുണ്ടാകും എന്ന് വിശ്വസിക്കുന്നവരും ഉണ്ട്.
ഇതിനിടെയാണ് മായാവതി കഴിഞ്ഞ ദിവസം ഭാരത്, ഇന്ത്യ തുടങ്ങിയ വാക്കുകൾ ദുരുപയോഗം ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നത്. വിഷയത്തിൽ സുപ്രീംകോടതി ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു. പ്രതിപക്ഷ കക്ഷികൾ ഇൻഡ്യ എന്ന പേര് സ്വീകരിച്ചതാണ് രാജ്യത്തിന്‍റെതന്നെ പേര് മാറ്റാൻ മോദിയെ പ്രേരിപ്പിച്ചതെന്നും മായാവതി പറയുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബി.എസ്.പി ഒറ്റയ്‌ക്ക് മത്സരിക്കുമെന്നാണ് മായാവതി പറയുന്നത്. നിലവിൽ ഒമ്പത് അംഗങ്ങളാണ് ലോക്‌സഭയിൽ പാർട്ടിക്കുള്ളത്.
അനുകൂലിക്കുന്നവർ പറയുന്നത്
കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ ബി.എസ്.പിയുമായി സഖ്യം ആഗ്രഹിക്കുന്നവരാണ്. ‘സഖ്യത്തിൽ ബി.എസ്.പി ആവശ്യമാണ്. എസ്.പിയും കോൺഗ്രസും ആർ.എൽ.ഡിയും ഒരുമിച്ചാലും നിലവിലെ സാഹചര്യത്തിൽ ഉത്തർപ്രദേശിൽ ബി.ജെ.പിക്കെതിരെ ശക്തി പോരാതെവരും. മായാവതി വന്നാൽ ഇത് മാറും’-കോൺഗ്രസ് നേതാവ് ദി ക്വിന്റിനോട് പറഞ്ഞു.
മായാവതി വരുന്നതോടെ ഉത്തർപ്രദേശിൽ മാത്രമല്ല ഹരിയാന, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ്, ഛത്തീസ്ഗഢ് തുടങ്ങി ബി.എസ്.പിയുടെ സാന്നിധ്യമുള്ള എല്ലാ സംസ്ഥാനങ്ങളിലും സഖ്യത്തിന് നേട്ടമുണ്ടാക്കാൻ കഴിയുമെന്നും നേതാക്കൾ പറയുന്നു.
‘ബി.എസ്.പി വോട്ടർമാർ അടിസ്ഥാനപരമായി ബി.ജെ.പി വിരുദ്ധരാണ്. യു.പിയെ ഒരു നിമിഷം മറക്കുക. മറ്റെല്ലാ സംസ്ഥാനങ്ങളിലെയും ബി.എസ്.പി വോട്ടർമാർ പാർട്ടിക്ക് വിജയിക്കാൻ കഴിയില്ലെന്ന് നന്നായി മനസ്സിലാക്കിയാണ് വോട്ട് ചെയ്യുന്നത്. സഖ്യംവന്നാൽ ഈ വോട്ടുകൾ ‘ഇൻഡ്യ’ മുന്നണിക്ക് ലഭിക്കും’-കോൺഗ്രസിലെ ദളിത് നേതാവ് ‘ദി ക്വിന്റി’നോട് പറഞ്ഞു.
എതിർപ്പിൽ മുന്നിൽ ഖാർഗെ
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് മായാവതിയുടെ സഖ്യപ്രവേശനത്തെ എതിർക്കുന്ന പ്രമുഖൻ. ഖാർഗെ മറ്റൊരു സാധ്യതയാണ് ഇപ്പോൾ അന്വേഷിക്കുന്നത്. ബി.എസ്.പി പ്രതിനിധീകരിക്കുന്ന രാഷ്ട്രീയത്തെ കോൺഗ്രസിലേക്ക് കൊണ്ടുവരാൻ ഖാർഗെ ശ്രമിക്കുന്നുണ്ടെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു. ദളിത് ബഹുജൻ സമുദായങ്ങളുടെ സംരക്ഷണത്തിനായി കോൺഗ്രസ് കൂടുതൽ മുന്നിട്ടിറങ്ങണമെന്നാണ് ഖാർഗെയുടെ നിലപാട്
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദലിത് സംഘടനകളിലേക്കുള്ള കോൺഗ്രസിന്റെ വ്യാപനത്തിന് ഖാർഗെ വ്യക്തിപരമായി നേതൃത്വം നൽകിയിരുന്നു. സർവേകൾ അനുസരിച്ച്, കർണാടകയിൽ ദലിത് വോട്ടുകളുടെ മൂന്നിൽ രണ്ട് ഭാഗവും കോൺഗ്രസ് നേടിയിട്ടുണ്ട്. നേരത്തേ ദളിത് വോട്ടുകൾ ബി.ജെ.പിക്കും കോൺഗ്രസിനും ഇടയിൽ തുല്യമായി വിഭജിക്കപ്പെട്ടിരുന്നു. ഈ തന്ത്രം യു.പിയിൽ ആവർത്തിക്കാനാണ് ഖാർഗെ നോക്കുന്നത്. ദലിതനും ബുദ്ധമതക്കാരനുമായ ഖാർഗെക്ക് ദലിത്, പ്രത്യേകിച്ച് അംബേദ്കറൈറ്റ് സംഘടനകളുടെ പിന്തുണ ഉറപ്പാക്കാനാകുമെന്ന് വിശ്വസിക്കപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.