‘വന്ദേഭാരത് ഫ്ലാഗ്ഓഫിന് സ്റ്റേഷൻ മാസ്റ്റർ മതി, താങ്കളെ കാണേണ്ടത് മണിപ്പൂരിൽ’; മോദിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രകാശ് രാജ്
text_fieldsബംഗളൂരു: മണിപ്പൂരിൽ സംഘർഷം തുടരുമ്പോഴും അവിടെ സന്ദർശിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേഭാരത് ട്രെയിൻ ഫ്ലാഗ്ഓഫിന് മധ്യപ്രദേശിലേക്ക് പോകുന്നതിനെതിരെ രൂക്ഷ വിമർശനവുമായി നടൻ പ്രകാശ് രാജ്. വന്ദേഭാരത് ട്രെയിൻ ഫ്ലാഗ്ഓഫ് ഒരു സ്റ്റേഷൻ മാസ്റ്റർക്ക് കഴിയുന്നതാണെന്നും പ്രധാനമന്ത്രി പോകേണ്ടത് മണിപ്പൂരിലേക്കാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. വന്ദേഭാരത് ട്രെയിൻ ഫ്ലാഗ്ഓഫ് ചടങ്ങിന് മധ്യപ്രദേശിലെത്തുമെന്ന മോദിയുടെ ട്വീറ്റിനോടായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം.
'നാളെ, ജൂൺ 27ന്, രണ്ട് പരിപാടിയിൽ പങ്കെടുക്കാൻ ഞാൻ ഭോപ്പാലിലെത്തും. റാണി കമാൽപതി റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന ഒന്നാമത്തെ പരിപാടിയിൽ അഞ്ച് വന്ദേഭാരതിന് ഫ്ലാഗ്ഓഫ് ചെയ്യും. ഇത് മധ്യപ്രദേശ്, കർണാടക, മഹാരാഷ്ട്ര, ഗോവ, ബിഹാർ, ജാർഖണ്ഡ് എന്നിവിടങ്ങളിലേക്കുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്തും', എന്നായിരുന്നു മോദിയുടെ ട്വീറ്റ്.
ഇത് ഒരു സ്റ്റേഷൻമാസ്റ്റർക്ക് ചെയ്യാൻ കഴിയുമെന്നും താങ്കളെ മണിപ്പൂരിലാണ് തങ്ങൾക്ക് കാണേണ്ടതെന്നുമായിരുന്നു ഇതിനോട് പ്രകാശ് രാജിന്റെ പ്രതികരണം. മോദിയുടെ ട്വീറ്റ് പങ്കുവെച്ച് ‘Manipur Burning’ എന്ന ഹാഷ്ടാഗോടെയായിരുന്നു ട്വീറ്റ്. അതേസമയം, തന്റെ ട്വീറ്റ് ഡിലീറ്റ് ചെയ്തതായി ആരോപിച്ച് താരം പിന്നീട് രംഗത്തെത്തി. താനൊരു പൗരനാണെന്നും ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കുമെന്നും മറ്റൊരു ട്വീറ്റിൽ കുറിച്ചു.
എന്നാൽ, ട്വീറ്റ് ഡിലീറ്റ് ചെയ്തിട്ടില്ലെന്ന് പിന്നീട് വിശദീകരണം വന്നു. പ്രകാശ് രാജ് പങ്കുവെച്ച മോദിയുടെ ആദ്യത്തെ ട്വീറ്റ് പിൻവലിച്ചിരുന്നു. ഇതിൽ കർണാടകയുടെ പേരുകൂടി ചേർത്ത് പിന്നീട് പുതിയ ട്വീറ്റ് പോസ്റ്റ് ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.