'ജനാധിപത്യത്തിന് മുന്നിലുള്ള വെല്ലുവിളികളുടെ പ്രതീകം': തടവ് മുദ്രയുടെ ചിത്രം പങ്കുവെച്ച് ഹേമന്ത് സോറൻ
text_fieldsറാഞ്ചി: അനീതിക്കെതിരായ പോരാട്ടം തുടരുമെന്ന് ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ. കൈയിലെ തടവ് മുദ്രയുടെ ചിത്രം പങ്കുവെച്ച് ജനാധിപത്യത്തിന് മുമ്പിലുള്ള നിലവിലെ വെല്ലുവിളികളുടെ പ്രതീകമാണ് മുദ്രയെന്ന് അദ്ദേഹം പറഞ്ഞു.
'ജയിലിൽ നിന്ന് വിട്ടയച്ചപ്പോൾ അവർ എന്‍റെ കൈയിൽ തടവ് മുദ്ര പതിപ്പിച്ചു. ഈ അടയാളം എൻ്റേത് മാത്രമല്ല. നമ്മുടെ ജനാധിപത്യത്തിന് മുമ്പിലുള്ള നിലവിലെ വെല്ലുവിളികളുടെ പ്രതീകമാണ്'- തന്‍റെ 49ാം ജന്മദിനത്തിൽ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ ഹേമന്ത് സോറൻ പറഞ്ഞു.
നരേന്ദ്ര മോദി സർക്കാർ രാഷ്ട്രീയ എതിരാളികൾക്കെതിരെ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് സോറൻ ആരോപിച്ചു.
തന്നെ കുടുക്കാൻ ബി.ജെ.പി ഗൂഢാലോചന നടത്തിയെന്നും അദ്ദേഹം പോസ്റ്റിൽ ആരോപിച്ചു. തെരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയെ 150 ദിവസം തെളിവുകളില്ലാതെ, പരാതിയില്ലാതെ, ഒരു കുറ്റകൃത്യവുമില്ലാതെ ജയിലിൽ അടക്കാൻ കഴിയുമ്പോൾ അവർ ആദിവാസികളോടും ദലിതരോടും പാർശ്വവത്കരിക്കപ്പെട്ടവരോടും എന്തൊക്കെ ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു.
ചൂഷിതർക്കും, ദലിതർക്കും, പിന്നോക്കക്കാർക്കും, ആദിവാസികൾക്കും, വേണ്ടി പോരാടാനുള്ള തൻ്റെ നിശ്ചയദാർഢ്യത്തെ അറസ്റ്റ് കൂടുതൽ ദൃഢമാക്കിയെന്ന് അദ്ദേഹം പറഞ്ഞു.
നീതി നിഷേധിക്കപ്പെടുന്നതും നിറത്തിൻ്റെയോ സമുദായത്തിൻ്റെയോ ഭക്ഷണത്തിൻ്റെയോ വസ്ത്രത്തിൻ്റെയോ അടിസ്ഥാനത്തിൽ പീഡിപ്പിക്കപ്പെടുന്നതുമായ ഓരോ വ്യക്തിക്കും സമൂഹത്തിനും വേണ്ടി ശബ്ദം ഉയർത്തും. നിയമം എല്ലാവർക്കും തുല്യമായ, അധികാര ദുർവിനിയോഗം ഇല്ലാത്ത ഒരു സമൂഹത്തെ ഒന്നിച്ച് കെട്ടിപ്പടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഒരുപാട് വെല്ലുവിളികൾ നേരിടേണ്ടി വരുമെന്നും എന്നാൽ ഈ വെല്ലുവിളികളെ ഒരുമിച്ച് മറികടക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. നമ്മുടെ ശക്തി രാജ്യത്തിൻ്റെ ഐക്യത്തിലും നാനാത്വത്തിലുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഹൈകോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ജൂണ്‍ 28നാണ് സോറന്‍ ജയില്‍ മോചിതനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.