കോവിഡ് മുക്തരിൽ മൂന്നിലൊന്നിനും മസ്തിഷ്ക പ്രശ്നങ്ങളെന്ന് ബ്രിട്ടീഷ് പഠനം
text_fieldsലണ്ടൻ: രണ്ടാം തരംഗമായി ലോകമെങ്ങും അതിവേഗം പടരുന്ന കോവിഡ് മഹാമാരിയുടെ തുടർ പ്രശ്നങ്ങളെ കുറിച്ച് മുന്നറിയിപ്പു നൽകി ബ്രിട്ടീഷ് വിദഗ്ധർ. രണ്ട് ലക്ഷത്തിലേറെ കോവിഡ് മുക്തരിൽ നടത്തിയ പഠനത്തിനൊടുവിൽ തയാറാക്കിയ റിപ്പോർട്ടിലാണ് ശക്തമായ മുന്നറിയിപ്പുള്ളത്. മൂന്നിലൊന്ന് പേരിലും മാനസിക പ്രശ്നങ്ങളോ നാഡീസംബന്ധമായ രോഗങ്ങളോ ബാധിക്കുന്നതായാണ് കണ്ടെത്തൽ. രോഗം വന്ന് ആറു മാസത്തിനകം ഇവരിൽ പ്രശ്നങ്ങൾ കണ്ടെത്തിയതായും 'ലാൻസെറ്റ് സൈക്യാട്രി' ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് പറയുന്നു.
ഉത്കണ്ഠയാണ് കൂടുതലായി കണ്ടെത്തിയ പ്രശ്നം- 17 ശതമാനം. മാനസിക അവസ്ഥയിൽ പെട്ടെന്നുള്ള മാറ്റം കണ്ടത് 14 ശതമാനത്തിലും. മറ്റു പകർച്ചപ്പനി ബാധിച്ചവരെ അപേക്ഷിച്ച് ഇത് ഏറെ കൂടുതലാണ്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളിലാണ് നാഡീസംബന്ധമായ രോഗങ്ങൾ കൂടുതലായി തിരിച്ചറിഞ്ഞത്. തലച്ചോറിലും നാഡീവ്യവസ്ഥയിലും കൊറോണ വൈറസ് ഏൽപിക്കുന്ന ആഘാതം സംബന്ധിച്ച് കൂടുതൽ പഠനം വേണമെന്ന് നോട്ടിങ്ങാം യൂനിവേഴ്സിറ്റിയിലെ സൈക്യാട്രി പ്രഫസർ ഡോ. മൂസ സമി പറഞ്ഞു.
ഓർമ നഷ്ടം, മസ്തിഷ്കാഘാതം പോലുള്ള ഗുരുതര പ്രശ്നങ്ങളും അപൂർവമായി തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ, തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സ തേടിയവരിലാണ് ഇതിന്‍റെ സാധ്യത കണ്ടെത്തിയത്.
അതേ സമയം, എന്തുകൊണ്ടാകാം ഈ പ്രശ്നങ്ങളെന്ന് സംഘം അന്വേഷിച്ചിട്ടില്ല. രോഗം വന്നതോടെ അനുഭവിക്കേണ്ടിവന്ന മാനസിക പ്രശ്നങ്ങൾ രോഗം വരുത്തിയെന്നു സംശയിക്കാമെന്ന് ഓക്സ്ഫഡ് ന്യൂറോളജി പ്രഫസർ പറഞ്ഞു.
കോവിഡ് രോഗികളിൽ നടത്തിയ ഏറ്റവും വലിയ പഠനമായാണ് ഇത് പരിഗണിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.