പാർലമെന്റിൽപോലും സ്വാതന്ത്ര്യമില്ലാത്ത കാലം- കപിൽ സിബൽ
text_fieldsന്യൂഡൽഹി: തെരഞ്ഞെടുക്കപ്പെട്ട സർക്കാറുകളെ പണം ഉപയോഗിച്ച് അട്ടിമറിക്കുമ്പോൾ എന്ത് രാഷ്ട്രീയ നീതിയാണ് പുലരുന്നതെന്ന് രാജ്യസഭയിലെ ഭരണഘടന ചർച്ചയിൽ എസ്.പി പിന്തുണയുള്ള സ്വതന്ത്ര എം.പി കപിൽ സിബൽ ചോദിച്ചു. ഭരണഘടന നമ്മെ പരാജയപ്പെടുത്തിയോ അതോ നാം പരാജയപ്പെടുത്തിയോ എന്ന് നമ്മൾ ചോദിക്കണം.
ചിന്തിക്കാനോ ആരാധനക്കോ സ്വാതന്ത്ര്യമില്ല. പാർലമെന്റിൽപോലും സ്വാതന്ത്ര്യമില്ലാത്ത കാലമാണിന്ന്. പ്രതിഷേധിച്ചതിന് നാലരവർഷമായി വിദ്യാർഥികൾ ജയിലിൽ കിടക്കുന്നുവെന്നും ഉമർഖാലിദ് അടക്കമുള്ളവരെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമീഷൻ എന്ന സ്ഥാപനമുണ്ട്. അവർ എന്താണ് ചെയ്യുന്നത് നമുക്ക് അറിയാം. പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് തീയതികൾ മാറ്റിവെക്കുകയും തുടർന്ന് സൗജന്യങ്ങൾ പ്രഖ്യാപിക്കാൻ അവസരം നൽകുകയും ചെയ്യുന്നു. മുൻകാലത്ത് തെരഞ്ഞെടുപ്പ് കമീഷൻ വോട്ടെടുപ്പ് കഴിഞ്ഞ് വാർത്താസമ്മേളനം വിളിച്ച് വിശദീകരിക്കുമായിരുന്നു. എന്നാൽ, വോട്ടെടുപ്പ് സമയമായ ആറ് മണികഴിഞ്ഞ് ഉയർന്ന പോളിങ് നടന്നതിൽ കൃത്യമായ ഒരു വിശദീകരണവും നൽകിയിട്ടില്ല.
ബി.ജെ.പിക്ക് കീഴിൽ രാജ്യത്ത് ഭയത്തിന്റെയും വിഭജനത്തിന്റെയും അന്തരീക്ഷമാണ് നിലനിൽക്കുന്നതെന്ന് കോൺഗ്രസ് അംഗം അഭിഷേക് മനു സിങ് വി ചൂണ്ടിക്കാട്ടി. സെൻട്രൽ ഹാൾ മുതൽ ന്യൂനപക്ഷങ്ങൾക്കുനേരെ വരെ ഭയത്തിന്റെ രാഷ്ട്രീയമാണ് ബി.ജെ.പി സൃഷ്ടിക്കുന്നത്. ബുൾഡോസർ രാജിന് ഒരു സമുദായത്തിലെ ആളുകൾ ഇരകളാകുന്നു. ഇതാണോ ഫെഡറലിസവും മതേതരത്വവും. മാധ്യമങ്ങൾ സർക്കാറിന്റെ ഇച്ഛക്ക് വഴങ്ങുന്നു. പകപോക്കൽ രാഷ്ട്രീയത്തിനായി കേന്ദ്ര ഏജൻസികളെ ആയുധമാക്കുന്നു. അടിയന്തരാവസ്ഥ 18 മാസത്തേക്ക് മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ, അപ്രഖ്യാപിത അടിയന്തരാവസ്ഥ അനന്തമായി പോകുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.