കലാപത്തിന്റെയും വെടിയുണ്ടയുടെയും ഓർമയുറങ്ങുന്ന ഇരട്ടനഗര മണ്ഡലം
text_fieldsഇന്ത്യൻ ജനാധിപത്യത്തിന്റെ ഇരുണ്ട ഏടുകളിലൊന്നായ എം.എം. കൽബുർഗി കൊല്ലപ്പെട്ടതിന് സാക്ഷിയായ മണ്ണാണ് ധാർവാഡിന്റേത്. ആവിഷ്കാര സ്വാതന്ത്ര്യങ്ങളുടെ നെറ്റിയിലേക്കുതിർന്ന വെടിയുണ്ടകൾ കൽബുർഗിയെയും കീഴടക്കിയത് ധാർവാഡിലെ വീട്ടിൽവെച്ചായിരുന്നു.
വടക്കൻ കർണാടകയിലെ മറ്റേതൊരു മണ്ഡലത്തെ പോലെയും ഹിന്ദുത്വ ശക്തികൾക്ക് സ്വാധീനമുള്ള മണ്ഡലമാണ് ധാർവാഡും. കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി ബി.ജെ.പിക്കായി നാലാം തവണയും മത്സരത്തിനിറങ്ങുമ്പോൾ യൂത്ത് കോൺഗ്രസ് നേതാവായ പുതുമുഖക്കാരൻ വിനോദ് അസുതിയാണ് കോൺഗ്രസിനായി കളത്തിലിറങ്ങുന്നത്.
ധാർവാഡിന്റെ ഇരട്ട നഗരമായ ഹുബ്ബള്ളിയിൽ അടുത്തിടെ നടന്ന കോളജ് വിദ്യാർഥിനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വർഗീയ മുതലെടുപ്പിന് ബി.ജെ.പി ശ്രമിക്കുന്നുണ്ട്. സംഭവത്തിൽ ‘ലവ് ജിഹാദ്’ ആരോപണമുയർത്തിയ ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണത്തിലും അതേറ്റുപിടിക്കുകയാണ്.
ബാബരി കാലത്തെ പഴയ ഹുബ്ബള്ളി ഈദ്ഗാഹ് മൈതാൻ സംഭവങ്ങളും പിന്നീട് നടന്ന കലാപങ്ങളും ഒരു മുറിപ്പാടായി ശേഷിക്കുന്നു. അന്ന് ബി.ജെ.പിക്കുവേണ്ടി മുന്നിൽനിന്ന് നയിച്ചയാളാണ് ആർ.എസ്.എസ് നേതാവായ പ്രൾഹാദ് ജോഷി.
മണ്ഡല പുനർനിർണയത്തിന് മുമ്പും ശേഷവുമായി തുടർച്ചയായി ആറു തെരഞ്ഞെടുപ്പുകളിൽ ധാർവാഡിൽ ബി.ജെ.പിയാണ് ഭരിക്കുന്നത്. ധാർവാഡ് നോർത്താണ് പഴയ മണ്ഡലം. 1952 മുതൽ 1991ലെ തെരഞ്ഞെടുപ്പ് വരെ കോൺഗ്രസ് കുത്തകയാക്കിയ മണ്ഡലം. പിന്നീട് വിജയ് സംഗേശ്വറും പ്രൾഹാദ് ജോഷിയും ബി.ജെ.പിക്കായി ഹാട്രിക് ജയം നേടി മണ്ഡലം കുത്തകയാക്കി. കാര്യമായ അടിയൊഴുക്കില്ലാത്ത മണ്ഡലത്തിൽ ഇത്തവണയും മണ്ഡലം ബി.ജെ.പി നിലനിർത്താനാണ് സാധ്യത. വീരശൈവ
ലിംഗായത്ത് വിഭാഗത്തോടുള്ള പ്രൾഹാദ് ജോഷിയുടെ സമീപനത്തിൽ പ്രതിഷേധിച്ച് ലിംഗായത്ത് സ്വാമി ഫക്കീർ ദിംഗലേശ്വർ സ്വതന്ത്ര സ്ഥാനാർഥിയായി നാമനിർദേശപത്രിക സമർപ്പിച്ചത് ഇരു പാർട്ടികളെയും പ്രതിരോധത്തിലാക്കിയിരുന്നു. ഇക്കഴിഞ്ഞ ദിവസം അദ്ദേഹം പത്രിക പിൻവലിച്ചെങ്കിലും ലിംഗായത്ത് സമുദായത്തിനെതിരെയുള്ള ജോഷിയുടെ സമീപനത്തോടുള്ള ധർമയുദ്ധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പത്രിക പിൻവലിച്ച സാഹചര്യത്തിൽ പ്രൾഹാദ് ജോഷിക്കെതിരെ സ്വാമിയുടെ പിന്തുണ ഉറപ്പാക്കാനാണ് കോൺഗ്രസ് നീക്കം. അതോടൊപ്പം 18 ലക്ഷം വോട്ടർമാരിൽ 10 ലക്ഷത്തോളം വരുന്ന അഹിന്ദു വോട്ടുകളുടെ ഏകീകരണത്തിനായും കോൺഗ്രസ് പണിയെടുക്കുന്നുണ്ട്. 2004 മുതൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ജോഷി മണ്ഡലത്തിലെ തന്റെ വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞാണ് വോട്ട് പിടിക്കാൻ ശ്രമിക്കുന്നത്.
അടിസ്ഥാന സൗകര്യങ്ങളുടെ വികസനമില്ലായ്മയും തൊഴിലില്ലായ്മയും രൂക്ഷമായ പ്രദേശം കൂടിയാണിത്. നഗരമേഖല മാറ്റിനിർത്തിയാൽ മണ്ഡലത്തിൽ കൂടുതലും കാർഷിക മേഖലയാണ്. വരൾച്ച തന്നെയാണ് മുഖ്യപ്രശ്നം. ജലസേചന സൗകര്യങ്ങളില്ലാതെ നൂറുകണക്കിന് ഏക്കർ ഭൂമി വർഷങ്ങളായി തരിശിട്ടിരിക്കുകയാണ്. മഹാദായി പദ്ധതിക്കുവേണ്ടി കർഷകർ സമരം നടത്തിയ മേഖലയാണിത്.
മാലപ്രഭ നദിയുമായി കാലസ-ബന്ദൂരി കനാലുകളെ ബന്ദിപ്പിക്കാത്തതിലും ജനങ്ങൾ നിരാശരാണ്. ഇക്കാര്യത്തിൽ ഇരു പാർട്ടികളും പരസ്പരം പഴിചാരുക മാത്രമാണ് ചെയ്യുന്നത്. പദ്ധതി നടപ്പാക്കാത്തതിന് പ്രതികളാരെന്നതു കൂടെയായിരിക്കും മേയ് ഏഴിന് ദാർവാഡിലെ ജനങ്ങൾ തീരുമാനിക്കുക.
ധാർവാഡ് ലോക്സഭ മണ്ഡലം
വോട്ടുനില 2019
പ്രൾഹാദ് ജോഷി (ബി.ജെ.പി) - 684,837
വിനയ് കുൽക്കർണി (കോൺഗ്രസ്) - 4,79,765
നിയമസഭ മണ്ഡലങ്ങൾ (2023)
കോൺഗ്രസ്: ധാർവാഡ്, ഹുബ്ബള്ളി - ധാർവാഡ് ഈസ്റ്റ്, നാവൽഗുഡ്, കൽഗാദഗി
ബി.ജെ.പി: ഹുബ്ബള്ളി - ധാർവാഡ് വെസ്റ്റ്, ഹുബ്ബള്ളി - ധാർവാഡ് സെൻട്രൽ, കുന്ദഗോള, ഷിഗ്ഗോൺ
ചിക്കോടി ലോക്സഭ മണ്ഡലം
വോട്ടുനില 2019
അണ്ണാസാഹബ് ജോലെ (ബി.ജെ.പി) - 7,45,017
പ്രകാശ് ഹുക്കേരി (കോൺഗ്രസ്) - 5,26,140
മച്ചേന്ദ്ര ദാവലു (ബി.എസ്.പി) - 15,575
നിയമസഭ മണ്ഡലങ്ങൾ (2023)
കോൺഗ്രസ്: അതാനി, കഗവാഡ, ചിക്കോടി-സദലഗ, യമകനമാറാടി, കുഡചി
ബി.ജെ.പി: നിപ്പാനി, റായ്ബാഗ്, ഹുക്കേരി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.