പോത്തിറച്ചിയുമായി പോകുന്ന വാഹനം കത്തിച്ചു; കർണാടകയിൽ 14 ശ്രീരാമ സേന പ്രവർത്തകർ അറസ്റ്റിൽ
text_fieldsബംഗളൂരു: പോത്തിറച്ചിയുമായി പോകുന്ന സംഘത്തിന്റെ കാർ കത്തിച്ച 14 ശ്രീരാമസേന പ്രവർത്തകർ അറസ്റ്റിൽ. ബംഗളൂരു റൂറൽ ജില്ലയിലെ ദൊഡ്ഡബല്ലാപൂർ നഗരത്തിൽ ഞായറാഴ്ച പുലർച്ചെ 5.45നായിരുന്നു സംഭവം. ആന്ധ്ര പ്രദേശിലെ ഹിന്ദ്പൂരിൽനിന്ന് 15 ടൺ ബീഫുമായി ബംഗളൂരുവിലേക്ക് പോകുകയായിരുന്ന നാല് ചരക്ക് വാഹനങ്ങൾ അനധികൃതമായി ബീഫ് കടത്തുന്നെന്ന് ആരോപിച്ച് 14 അംഗ ശ്രീരാമ സേന പ്രവർത്തകർ തടയുകയും ഇതിനെ തുടർന്നുണ്ടായ വാക്കേറ്റത്തെ തുടർന്ന് ബീഫ് വിൽപനക്കാരന്റെ കാർ കത്തിക്കുകയുമായിരുന്നു. വാഹനത്തിലുണ്ടായിരുന്നവരുടെ തലയിൽ മാംസാവശിഷ്ടങ്ങളിട്ട് റോഡിലൂടെ നടത്തിക്കുകയും ചെയ്തു.
അഗ്നിരക്ഷ സേന എത്തിയാണ് കാറിലെ തീയണച്ചത്. ദൊഡ്ഡബല്ലാപൂർ റൂറൽ പൊലീസ് സ്ഥലത്തെത്തി ചരക്ക് വാഹനങ്ങളിലുണ്ടായിരുന്ന ബീഫ് പിടികൂടുകയും വാഹനങ്ങളും ഇതിലുണ്ടായിരുന്നവരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കാർ കത്തിച്ച ശ്രീരാമസേനയിലെ 14 അംഗങ്ങളെയും മാംസം കടത്തിയ ഏഴുപേരെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. അനധികൃതമായി മാംസം കടത്തിയതിനും വാഹനം കത്തിച്ചതിനും രണ്ട് കേസുകൾ എടുത്തതായും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.