ആധാര്‍ വല വളരുന്നു
text_fieldsന്യൂഡല്‍ഹി: വിദ്യാര്‍ഥികള്‍ക്കുള്ള വിവിധ സ്കോളര്‍ഷിപ്, റെയില്‍വേ റിക്രൂട്ട്മെന്‍റ് പരീക്ഷ, അംഗന്‍വാടി വര്‍ക്കര്‍മാരുടെ വേതനം എന്നിവക്ക് ആധാര്‍ കാര്‍ഡ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കി. ഇതുസംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കി. കൂടുതല്‍ മേഖലകളില്‍ ആധാര്‍ നിര്‍ബന്ധമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയുമാണ്.
സര്‍ക്കാര്‍ സേവനങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നത് ചോദ്യം ചെയ്യുന്ന ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഹരജി പരിഗണിക്കവെ, പാചകവാതക സബ്സിഡി, റേഷന്‍ വിതരണം എന്നിവക്കല്ലാതെ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവ് നല്‍കിയിട്ടുണ്ട്. പ്രസ്തുത ഉത്തരവ് നിലനില്‍ക്കെയാണ് കേന്ദ്രം കൂടുതല്‍ മേഖലകളില്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നത്.
റെയില്‍വേ റിക്രൂട്ട്മെന്‍റ് ബോര്‍ഡ് പരീക്ഷ എഴുതണമെങ്കില്‍ ഇനി ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. അപേക്ഷയില്‍ 12 അക്ക ആധാര്‍ നമ്പര്‍ അല്ളെങ്കില്‍ ആധാറിന് എന്‍റോള്‍ ചെയ്തതിന്‍െറ 28 അക്ക നമ്പര്‍ രേഖപ്പെടുത്തണം. പരീക്ഷഹാളില്‍ വിരലടയാളം പരിശോധിച്ച് ആളെ ഉറപ്പുവരുത്തും. കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം നടപ്പാക്കുന്ന നാഷനല്‍ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ്പിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന കുട്ടികള്‍ സ്കൂളില്‍നിന്ന് കൊഴിഞ്ഞുപോകുന്നത് തടയുന്നതിനായി 2008 മുതല്‍ നടപ്പാക്കിയ പദ്ധതിയാണ്.
സാമൂഹിക ക്ഷേമ വകുപ്പ് വഴി എസ്.സി, എസ്.ടി, ഒ.ബി.സി, ഇ.ബി.സി വിഭാഗങ്ങള്‍ക്ക് കേന്ദ്രം നല്‍കുന്ന 12 സ്കോളര്‍ഷിപ്പുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കി. വിവിധ പ്രീ മെട്രിക്, പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പുകള്‍, ഉന്നത വിദ്യാഭ്യാസത്തിനുള്ള നാഷനല്‍ ഫെലോഷിപ്, ടോപ് ക്ളാസ് എജുക്കേഷന്‍ സ്കീം, ഡോ. അംബേദ്കര്‍ സ്കോളര്‍ഷിപ് തുടങ്ങിയ സ്കോളര്‍ഷിപ്പുകള്‍ ലഭിക്കുന്നവര്‍ മാര്‍ച്ച് 31നകം ആധാര്‍ കാര്‍ഡ് അല്ളെങ്കില്‍ ആധാര്‍ എന്‍റോള്‍മെന്‍റ് നമ്പര്‍ നല്‍കണം. അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്കുള്ള ഓണറേറിയം ലഭിക്കാനും ഇനി ആധാര്‍ നിര്‍ബന്ധമാണ്.
മാര്‍ച്ച് 31നകം ആധാര്‍ നമ്പര്‍ നല്‍കിയില്ളെങ്കില്‍ ഇവര്‍ക്ക് ഏപ്രില്‍ മാസത്തെ ശമ്പളം മുടങ്ങും. കുട്ടികളിലെ പോഷകാഹാരക്കുറവിന് പരിഹാരമായി അംഗന്‍വാടികള്‍ വഴി നടപ്പാക്കുന്ന പോഷകാഹാര പദ്ധതിയുടെ ആനുകൂല്യം ലഭിക്കാന്‍ കുട്ടിയുടെയും രക്ഷിതാവിന്‍െറയും ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കാനും നീക്കമുണ്ട്.
പി.എഫ് പെന്‍ഷന്‍, പി.എഫ് അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിക്കല്‍ എന്നിവക്ക് നേരത്തേ ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇതിന് ആധാര്‍ നമ്പര്‍ സമര്‍പ്പിക്കുന്നതിന് സമയപരിധി മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.