ദേശീയ പോഷകാഹാര മിഷൻ ഗുണഭോക്താക്കളാകാൻ ആധാർ നിർബന്ധം
text_fieldsന്യൂഡൽഹി: സർക്കാർ സഹായങ്ങൾക്ക് ആധാർ നിർബന്ധമാണെന്ന കേന്ദ്രസർക്കാർ നയത്തിനു കീഴിൽ പിഞ്ചുകുഞ്ഞുങ്ങൾക്കും ഇളവില്ല. 9,046 കോടി രൂപ ചെലവിട്ട് നടപ്പാക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ച ദേശീയ പോഷകാഹാര മിഷെൻറ ഗുണഭോക്താവാകാൻ, അനാഥരായ കുഞ്ഞുങ്ങൾ അടക്കം ആധാർ എടുക്കണം. അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ആധാർ വേണ്ടെന്ന വ്യവസ്ഥ നിലനിൽക്കേ തന്നെയാണ് പുതിയ ഉപാധി. നേത്രപടലത്തിെൻറ ചിത്രം, വിരലടയാളം തുടങ്ങിയ ബയോമെട്രിക് വിവരങ്ങൾ കൂടി ശേഖരിച്ചാണ് ആധാർ നൽകുന്നത്. അഞ്ചു വയസ്സിൽ താഴെയുള്ളവരെ ആധാറിൽനിന്ന് ഒഴിവാക്കിനിർത്തിയ പ്രധാന പശ്ചാത്തലവും ഇതുതന്നെ. എന്നാൽ പോഷകാഹാരക്കുറവ് നേരിടുന്ന പാവപ്പെട്ട കുഞ്ഞുങ്ങൾക്കായുള്ള ക്ഷേമപദ്ധതിയുടെ ഗുണഫലം നേടുന്നവരെ ദേശീയ രജിസ്റ്ററിൽനിന്ന് ഒഴിവാക്കാനാവില്ലെന്ന നിലപാടാണ് മന്ത്രിസഭ യോഗത്തിനു ശേഷം കേന്ദ്രമന്ത്രിമാരായ അരുൺ ജെയ്്റ്റ്ലി, ജെ.പി. നദ്ദ, മനേക ഗാന്ധി എന്നിവർ അറിയിച്ചത്.
ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്നതിലെ പ്രയാസങ്ങൾ മുൻനിർത്തി ഇളവുനൽകുന്ന കാര്യം പരിശോധിച്ചുവരുകയാണെന്ന് മന്ത്രിമാർ വിശദീകരിച്ചു. ഗുണഭോക്താക്കൾക്ക് നിലവിലെ മേൽവിലാസത്തിൽ ആധാർ നമ്പർ നൽകും. അഞ്ചു വയസ്സാകുന്ന മുറക്ക് ബയോമെട്രിക് വിവരങ്ങൾ ആധാറിൽ കൂട്ടിച്ചേർക്കും. ഇത്തരത്തിലൊരു ക്രമീകരണമാണ് ഉദ്ദേശിക്കുന്നത്. അനാഥരുടെ കാര്യത്തിലടക്കം ആനുകൂല്യത്തിന് ദേശീയരേഖ ആവശ്യമാണെന്ന് മന്ത്രി മനേക ഗാന്ധി പറഞ്ഞു. േപാഷകാഹാരക്കുറവ് മൂലമുള്ള പ്രശ്നങ്ങൾ ഒാരോ വർഷവും രണ്ടു ശതമാനം വീതം കുറക്കാനാണ് നടപ്പു സാമ്പത്തിക വർഷം തുടങ്ങുന്ന പദ്ധതി ലക്ഷ്യമിടുന്നത്. 10 കോടി പേർക്ക് പദ്ധതി പ്രയോജനപ്പെടുമെന്നാണ് കണക്കാക്കുന്നതെന്ന് വനിത, ശിശുക്ഷേമ സെക്രട്ടറി ആർ.കെ ശ്രീവാസ്തവ വിശദീകരിച്ചു. സബ്സിഡി, സ്കോളർഷിപ് എന്നിവ മുതൽ എല്ലാ സർക്കാർ സഹായങ്ങൾക്കും മൊബൈൽ കണക്ഷനു വരെയും ആധാർ നിർബന്ധമാക്കിവരുന്നതിനിടയിൽ, ഇതുസംബന്ധിച്ച കേസ് സുപ്രീംകോടതി ഭരണഘടന ബെഞ്ചിെൻറ മുമ്പാകെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.