ആധാർ വിവരങ്ങൾ സുരക്ഷിതമല്ലെന്ന് ‘മൂഡീസ്’;ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യത
text_fieldsന്യൂഡൽഹി: രാജ്യത്തെ തിരിച്ചറിയൽ രേഖയായ ആധാറിലെ ബയോമെട്രിക് വിവരങ്ങൾ സുരക്ഷിതമല്ലെന്നും ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും അന്താരാഷ്ട്ര റേറ്റിങ് ഏജൻസിയായ ‘മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവിസി’ന്റെ റിപ്പോർട്ട്. ബാങ്കിങ്, സർക്കാർ സേവനങ്ങൾക്ക് ആധാർ അധിഷ്ഠിത തിരിച്ചറിയൽ സംവിധാനം ഉപയോഗിക്കുന്നുണ്ട്. സാങ്കേതിക തകരാറുകൾമൂലം പലപ്പോഴും ആധാർ അധിഷ്ഠിത സേവനങ്ങൾ നിഷേധിക്കപ്പെടുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ബാങ്ക് വഴിയുള്ള പണം കൈമാറ്റത്തിനും വിവിധ സർക്കാർ സേവനങ്ങളുടെ ആനുകൂല്യം ലഭ്യമാകുന്നതിനും ആധാർ അധിഷ്ഠിത തിരിച്ചറിയൽ സംവിധാനം ഉപയോഗിക്കുന്നുണ്ട്. മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലുള്ള തൊഴിലാളികൾക്ക് വേതനം ആധാർ അധിഷ്ഠിതമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഇന്ത്യപോലുള്ള രാജ്യത്ത് വിരലടയാളവും നേത്രപടലവും സ്കാൻ ചെയ്തുള്ള കേന്ദ്രീകൃത സാങ്കേതികവിദ്യ പ്രായോഗികമല്ലെന്നും തട്ടിപ്പിന് സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ആധാർ ഡേറ്റ ചോർന്ന് സ്വകാര്യ ഏജൻസികളുടെ കൈവശമെത്തിയ സംഭവങ്ങൾ ഇതിന് തെളിവാണ്. ആധാറിന് പകരം ഡിജിറ്റൽ വാലറ്റുകൾ പോലുള്ള വികേന്ദ്രീകൃത സംവിധാനം ഉപയോഗിക്കണമെന്ന് ‘മൂഡീസ്’ നിർദേശിക്കുന്നു. ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യ അധിഷ്ഠിതമായി പ്രവർത്തിക്കുന്നതിനാൽ സ്വകാര്യ വിവരങ്ങൾ ചോരില്ലെന്നതാണ് മെച്ചം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.