ആധാർ ബില്ലിനെ പണ ബില്ലാക്കിയതിന് പിന്നിൽ
text_fieldsന്യൂഡൽഹി: ആധാർ ബിൽ പണബില്ലായി പാർലെമൻറിൽ കൊണ്ടുവന്നത് ഭരണഘടനാ വഞ്ചനയാണെന്ന പരാമർശമാണ് സുപ്രീംകോടതി നടത്തിയത്. ആധാർ ബില്ലിന് പണബിൽ സ്വഭാവം നൽകുക; തങ്ങൾക്ക് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിൽ ബിൽ പാസാക്കാൻ സർക്കാർ കണ്ട ഉപായമായിരുന്നു അത്. എന്താണ് പണബിൽ? ഖജനാവിലേക്ക് പണം വരുകയോ പോവുകയോ ചെയ്യുന്ന നിർദേശങ്ങൾ ഉൾക്കൊള്ളുന്ന ബില്ലിനെയാണ് പൊതുവെ പണബിൽ (മണി ബിൽ) എന്നു പറയുന്നത്. ആധാറിനെ ഇത്തരത്തിൽ പണവുമായി ബന്ധപ്പെടുത്താൻ കഴിയില്ലെന്നിരിെക്കത്തന്നെ പണബില്ലായി അവതരിപ്പിക്കുകയാണ് സർക്കാർ ചെയ്തത്.
ഖജനാവിലേക്കുള്ള പണത്തിെൻറ വരവിലും പോക്കിലും മാറ്റംവരുത്തുന്ന നിർദേശങ്ങൾ പണബില്ലായാണ് സർക്കാർ പാർലമെൻറിൽ അവതരിപ്പിക്കുന്നത്. നികുതി ഇൗടാക്കുന്നതിനോ ഒഴിവാക്കുന്നതിനോ ഉള്ള നിർദേശങ്ങൾ അടങ്ങുന്ന ബിൽ പണബില്ലാണ്. സർക്കാർ വായ്പ വാങ്ങുന്നത് നിയന്ത്രിക്കാനുള്ള നിർദേശമുള്ള ബില്ലും പണബിൽ തന്നെ. എന്നാൽ, ഏതെങ്കിലും സേവനങ്ങൾക്കുള്ള ഫീസ്, ലൈസൻസ് ഫീസ്, പിഴ എന്നിവ സംബന്ധിച്ച നിർദേശങ്ങളൊന്നും പണബിൽ അല്ല.
പണബില്ലും (മണി ബിൽ) ധനബില്ലും (ഫിനാൻസ് ബിൽ) തമ്മിൽ വ്യത്യാസമുണ്ട്. പൊതുവായ അർഥത്തിൽ വരവും ചെലവുമായി ബന്ധപ്പെട്ടതാണ് ധനബിൽ. ബജറ്റിെൻറ ഭാഗമായുള്ള ധനാഭ്യർഥനകൾ ഉദാഹരണം. പ്രത്യേക ഇനത്തിൽപെട്ട ധനബില്ലാണ് പണബിൽ. എല്ലാ പണബില്ലും ധനബില്ലാണ്. എന്നാൽ എല്ലാ ധനബില്ലും പണബിൽ അല്ല.
പണബിൽ ലോക്സഭയിൽ ആദ്യം അവതരിപ്പിക്കണമെന്നാണ് വ്യവസ്ഥ. പണബില്ലാണോ അല്ലയോ എന്ന് തർക്കമുണ്ടായാൽ അന്തിമ തീരുമാനം ലോക്സഭ സ്പീക്കറാണ് എടുക്കേണ്ടത്. ഒരു ബിൽ പണബില്ലാണ് എന്ന് സ്പീക്കർ റൂളിങ് നൽകിയാൽ പിന്നെ മറുചോദ്യമില്ല. ആധാർ ബിൽ പണബില്ലാണ് എന്നാണ് അവതരണവേളയിൽ ലോക്സഭ സ്പീക്കർ സുമിത്ര മഹാജൻ എടുത്ത നിലപാട്. എന്നാൽ, സ്പീക്കറുടെ തീരുമാനത്തിലെ ശരികേട് സുപ്രീംകോടതി ഇപ്പോൾ എടുത്തുകാട്ടുന്നു. പണബിൽ സംബന്ധിച്ച സ്പീക്കറുടെ തീരുമാനം ഭാവിയിൽ കോടതിയിൽ ചോദ്യംചെയ്യാമെന്ന സ്ഥിതി കൂടിയാണ് ഇതുവഴി ഉണ്ടായത്.
ലോക്സഭയിൽ അവതരിപ്പിക്കുന്ന പണബിൽ പാസായില്ലെങ്കിൽ ഏതു സർക്കാറിനും രാജിവെക്കേണ്ടിവരും. രാജ്യസഭക്കാകെട്ട, പണബിൽ പാസാക്കാതെ തടഞ്ഞുവെക്കാൻ കഴിയില്ല. 14 ദിവസത്തിനകം ലോക്സഭയിലേക്ക് തിരിച്ചയക്കണം. ഇല്ലെങ്കിൽ പാസായതായി കണക്കാക്കും. മറ്റേതു ബില്ലിനും രണ്ടു സഭയുടെയും അനുമതിവേണം. പണബില്ലിൽ രാജ്യസഭക്ക് ബില്ലിൽ ഭേദഗതി നിർദേശിക്കാം. അത് ലോക്സഭക്ക് തള്ളുകയോ കൊള്ളുകയോ ചെയ്യാം. ആധാർ ബില്ലിൽ രാജ്യസഭ നിർദേശിച്ച ഭേദഗതി ലോക്സഭ തള്ളിക്കളഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.